- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാദ്യം അമ്പിളി മാമനെ തൊടും? ഇന്ത്യയുടെ ചന്ദ്രയാൻ-3 ന് പിന്നാലെ തങ്ങളുടെ ലൂണ-25 ചന്ദ്രനിലേക്ക് അയച്ച് റഷ്യ; അഞ്ചുദിവസത്തിനകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും; ഓഗസ്റ്റ് 21 ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് റഷ്യൻ സ്പേസ് ഏജൻസി; ആരാദ്യം ഇറങ്ങുമെന്ന മത്സര കൗതുകത്തിൽ ശാസ്ത്രലോകം
മോസ്കോ: യുക്രെയിനുമായി പൊരിഞ്ഞ യുദ്ധത്തിനിടെ, ആകാശത്തേക്കും കണ്ണുനട്ട് റഷ്യ. തങ്ങളുടെ ബഹിരാകാശ മേഖലയ്ക്ക് കുതിപ്പേകാൻ, ചന്ദ്രനിലേക്ക് പേടകം അയച്ചു. 50 വർഷത്തിന് ശേഷം ഇതാദ്യം. ലൂണ-25 ആണ് ഇന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.
1976 ൽ യു എസ് എസ് ആർ ആയിരിക്കെയാണ് മോസ്കോയുടെ ആദ്യ ചാന്ദ്രദൗത്യം. വെള്ളിയാഴ്ച പുലർച്ചെ 2.10 ന് ലൂണ-25 നെ വഹിച്ച് കൊണ്ടുള്ള റോക്കറ്റ് വോസ്കോഷ്നി കോസ്മോഡ്രോമിൽ നിന്ന് കുതിച്ചുയർന്നു.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ അഞ്ചുദിവസത്തിനകം പേടകം എത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് പേടകം ഇറങ്ങാൻ എന്ന സവിശേഷതയുമുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയ ശേഷം മൂന്നു മുതൽ ഏഴുദിവസം എടുത്തായിരിക്കും താഴേക്കിറക്കം.
ചരിത്രത്തിൽ ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ബഹിരാകാശ പേടകമിറങ്ങും. ഇതുവരെ ഭൂമധ്യരേഖാ മേഖലയിലാണ് എല്ലാവരും ഇറങ്ങിയിരുന്നത്, റോസ്കോസ്മോസ് ഉദ്യോഗസ്ഥൻ അലക്സാണ്ടർ ബ്ലോഖിൻ പറഞ്ഞു. ഓഗസ്റ്റ് 21 ഓടെ ലൂണ-25 ചന്ദ്രനിൽ ഇറക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ-3 ഇറങ്ങുന്ന അതേ ദിവസം തന്നെയാണ് ലൂണ-25 ഉം ഇറങ്ങുന്നതെന്നും സൂചനയുണ്ട്. ആരാദ്യം എത്തും എന്നതിലാണ് ശാസ്ത്രലോകത്തിന്റെ കൗതുകം.
ഇതിനുമുൻപ് മൂന്ന് രാജ്യങ്ങൾ മാത്രമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. സോവിയറ്റ് യൂണിയൻ, യു.എസ്., ചൈന എന്നീ രാജ്യങ്ങളാണവ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ജൂലായ് 14-നാണ് ചാന്ദ്രയാൻ മൂന്ന് പേടകം വിക്ഷേപിച്ചത്.
ലൂണ-25 ചന്ദ്രനിൽ ഒരുവർഷത്തോളം നീണ്ട ദൗത്യത്തിനായാണ് പുറപ്പെട്ടിരിക്കുന്നത്. മണ്ണിന്റെ സാമ്പിളുകൾ എടുത്ത് പരിശോധിക്കുക, ദീർഘകാല ശാസ്ത്രീയ ഗവേഷണം നടത്തുക എന്നിവയും ലക്ഷ്യങ്ങളിൽ പെടുന്നു. എന്തായാലും, യുക്രെയിനുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യക്ക് ഈ ദൗത്യം വിജയിച്ചാൽ, വലിയൊരു നേട്ടമായിരിക്കും. തങ്ങൾക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം തുടരുന്നെങ്കിലും, റഷ്യയുടെ ബഹിരാകാശ പരിപാടി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കിയിരിക്കുന്നത്.
മറുനാടന് ഡെസ്ക്