- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ ജൈവ പരിണാമം കൺമുന്നിൽ? അമേരിക്കയിലെ മെട്രോ നഗരങ്ങളിൽ പോലും അതിജീവിക്കുന്ന 'കോയിവൂൾഫ്' പുതിയ ജീവി വർഗമാണോ; കുറുനരി, ചെന്നായ്, നായ എന്നീ മൂന്ന് വർഗങ്ങളുടെയും ജനിതക സങ്കരണത്തിന്റെ ഭാഗമെന്ന് ഗവേഷകർ; പുതിയൊരു മൃഗവർഗത്തെ ചൊല്ലി ശാസ്ത്ര സംവാദങ്ങൾ തുടരുമ്പോൾ
നമ്മുടെ സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോഴും മതവാദികളും ശാസ്ത്രവാദികളും തമ്മിൽ പോരടിച്ചുകൊണ്ടരിക്കുന്ന വിഷയമാണ് ജൈവ പരിണാമം. ഡാർവിന്റെ പരിണാമസിദ്ധാത്തിന് നൂറുകണക്കിന് തെളിവുകൾ ഇന്ന് ലഭ്യമാണെങ്കിലും, അത് ഒരു കെട്ടുകഥയാണെന്നാണ് മതവാദികൾ പറയുക. പരിണാമം നിങ്ങൾക്ക് കാണിച്ച് തരാൻ കഴിയുമോ എന്ന ചോദ്യമാണ് ഇവർ പലപ്പോഴും ഉയർത്തുക. എന്നാൽ നമ്മുടെ കൺമുന്നിൽ നടക്കുന്ന ഒരു പരിണാമത്തെ ചൊല്ലി ഇപ്പോൾ ശാസ്ത്രലോകത്ത് വലിയ സംവാദങ്ങൾ നടക്കയാണ്.
അമേരിക്കയിലെ 'കോയിവൂൾഫ്' ( coywolf ) എന്ന പേരിലറിയപ്പെടുന്ന ജീവിയുടെ പേരിലാണ് വലിയ സംവാദം നടക്കുന്നത്. വടക്കേ അമേരിക്കയുടെ കിഴക്കൻ മേഖലയിൽ വർഷങ്ങളായി ഗവേഷകരെയും പൊതുജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ് ഇവ. 'കോയിവൂൾഫ്' പുതിയൊരിനം ജീവിയാണെന്ന് ഗവേഷണങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ, പുതിയൊരു മൃഗവർഗം പരിണമിച്ചുണ്ടാകുന്നതിന് സാക്ഷിയാവുകയാണ് ഗവേഷകർ പറയുന്നത്.കുറുനരികളുടെ കൂട്ടത്തിൽപെട്ട 'കൊയോട്ടി'( coyote ), ചെന്നായ്, നായ എന്നീ മൂന്ന് വർഗങ്ങളുടെയും ജനിതക സങ്കരണത്തിന്റെ ഭാഗമായുണ്ടായ ജീവിയിനമാണ് 'കോയിവൂൾഫ്' എന്ന് ഗവേഷകർ പറയുന്നു. ഇതിനെ പുതിയ ഒരു ജീവിയായി പരിഗണിക്കണം എന്നാണ് ഒരു വിഭാഗം ശാസ്ത്രകാരന്മാർ പറയുന്നത്.
സാധാരണഗതിയിൽ രണ്ട് ജനുസിൽപെട്ട ജീവികളിൽനിന്ന് സങ്കരയിനങ്ങൾ രൂപംകൊള്ളുമ്പോൾ, പുതിയയിനം ദുർബലമാകുന്നതാണ് പതിവ്. കഴുതയും കുതിരയും ചേർന്നുണ്ടാകുന്ന കോവർകഴുത ഉദാഹരണം. എന്നാൽ, മൂന്നിനം ജീവികളിൽ നിന്നുള്ള സങ്കയിനമായി രൂപപ്പെട്ട 'കോയിവൂൾഫ്', ദുർബലമല്ലെന്ന് മാത്രമല്ല, കൂടുതൽ കരുത്തും വലിപ്പവും അതിജീവനശേഷിയും അതിനുണ്ട്. വടക്കേ അമേരിക്കയുടെ കിഴക്കൻ മേഖലയിൽ പുതിയ ജീവിവർഗം വേഗത്തിൽ വ്യാപിക്കുന്നത് തന്നെ, ആ വർഗത്തിന്റെ അതിജീവനശേഷിയുടെ തെളിവാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഒന്റാറിയോയുടെ തെക്കേയറ്റത്ത് കാനഡയുടെ അൽഗോൻക്വിൻ പ്രൊവിൻഷ്യൽ പാർക്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കോയിവൂൾഫുകൾ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ഗവേഷകർ കരുതുന്നു. അവിടെ നിന്നാണ് വടക്കേ അമേരിക്കയുടെ കിഴക്കൻ മേഖല മുഴുവൻ ഈ വർഗം വ്യാപിച്ചത്. വ്യാപകമായ വനനാശവും മറ്റ് വെല്ലുവിളികളും മൂലം ചെന്നായ്ക്കളുടെ സംഖ്യ വൻതോതിൽ കുറയുന്ന വേളയിലാണ്, അതിൽനിന്ന് കൂടി പരിണമിച്ചുണ്ടായ കോയിവൂൾഫിന്റെ സംഖ്യ വർധിച്ചുവരുന്നത്. കോയിവൂൾഫുകളുടെ സംഖ്യ ഇപ്പോൾ ലക്ഷങ്ങൾ വരുമെന്ന്, നോർത്ത് കരോലിന സർവകലാശാലയിലെ ഗവേഷകൻ റോളണ്ട് കായ്സ് പറയുന്നു.
437 കോയിവൂൾഫുകളുടെ ഡിഎൻഎ ശേഖരിച്ച് പഠനം നടത്തിയ കാലിഫോർണിയയിൽ പെപ്പർഡൈൻ സർവകലാശാലയിലെ ജാവിയൽ മൊൻസോൻ കണ്ടെത്തിയത്, ഇവയുടെ ജനിതകദ്രവ്യത്തിൽ 10 ശതമാനം നായകളിൽ നിന്നും, 25 ശതമാനം ചെന്നായ്ക്കളിൽ നിന്നും വന്നിട്ടുള്ളതാണ് എന്നാണ്. കൊയോട്ടി വർഗത്തിന്റെ ഡിഎൻഎ ആണ് വലിയ പങ്ക്. നായയിൽ നിന്നും ചെന്നായ്ക്കളിൽ നിന്നുമുള്ള ഡിഎൻഎ കോയിവൂൾഫുകളിൽ വലിയ ഗുണം ചെയ്തതായി ഗവേഷകർ പറയുന്നു. കൊയോട്ടി വർഗത്തെക്കാൾ വേഗത്തിലോടാനുള്ള ശേഷിയും കരുത്തും പുതിയ വർഗത്തിനുണ്ട്.
വനത്തിനുള്ളിൽ വേട്ടയാടാൻ ഇഷ്ടപ്പെടാത്ത ജീവിയാണ് കൊയോട്ടികൾ. ചെന്നായ്ക്കൾ വനത്തിനുള്ളിൽ വേട്ടയാടാനാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, കോയിവൂൾഫുകൾ വനത്തിനുള്ളിലും വെളിമ്പ്രദേശത്തും ഒരുപോലെ വേട്ടയാടാൻ കഴിവുള്ളവയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ കിഴക്കൻ മേഖലയിൽ നഗരപ്രദേശങ്ങളിലുൾപ്പടെ കോയിവൂൾഫുകൾ പാർപ്പുറപ്പിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചെന്നായ്ക്കൾക്ക് വസിക്കാൻ കഴിയാത്ത പ്രദേശത്തുപോലും പുതിയ ജന്തുക്കൾ കാണപ്പെടുന്നു. ബോസ്റ്റൺ, ന്യൂയോർക്ക്, വാഷിങ്ടൺ തുടങ്ങിയ മെട്രോ നഗരങ്ങളിൽ പോലും ഇപ്പോൾ കോയിവൂൾഫുകളുടെ സാന്നിധ്യമുണ്ട്.
കോയിവൂൾഫുകളിലെ നായകളുടെ ജനിതകദ്രവ്യം, അവയക്ക് നഗരമേഖലകളും പാർപ്പിടമാക്കാൻ കഴിവ് നൽകുന്നതായി ഗവേഷകർ കരുതുന്നു. മനുഷ്യരുടെ സാന്നിധ്യമോ ശബ്ദമോ അലോസരമുണ്ടാക്കാത്തതിന് കാരണം നായ ഡിഎൻഎ ആണ്. ചെന്നയ്ക്കൾ പക്ഷേ, മനുഷ്യരുടെ വെട്ടത്ത് വരാൻ താൽപ്പര്യമില്ലാത്ത ജീവിയാണ്.
തികച്ചും വ്യത്യസ്തമായ ഒരു ജീവിയിനമായി കോയിവൂൾഫ് പരിണമിച്ചു കഴിഞ്ഞോ, അതോ പരിണാമഘട്ടത്തിലാണോ എന്ന കാര്യം ഗവേഷകർക്ക് ഉറപ്പിച്ച് പറയാനാകുന്നില്ല. അവ പുതിയ ജീവിയിനമായി മാറിക്കഴിഞ്ഞുവെന്ന് ജോനാഥൻ വേ പോലുള്ള ഗവേഷകർ കരുതുന്നു. നാഷണൽ പാർക്ക് സർവീസിന് വേണ്ടി മസാച്യൂസെറ്റ്സിൽ പ്രവർത്തിക്കുന്ന ജോനാഥൻ വേ ഉടൻ പ്രസിദ്ധീകരിക്കുന്ന പ്രബന്ധം ഇതു സംബന്ധിച്ചുള്ളതാണ്. ശരീരശാസ്ത്രപരമായ വ്യത്യാസങ്ങളും, ജനിതകത മാറ്റവും അതിനെ പുതിയൊരിനം ജീവിയായി പരിഗണിക്കാൻ പോന്നതാണെന്ന് പ്രബന്ധം പറയുന്നു.
പലരും ഇത് അംഗീകരിക്കുന്നില്ല. കാരണം, ഒരു സ്പീഷീസിന്റെ പൊതുനിർവചനം അനുസരിച്ച്, ആ സ്പീഷീസ് അതിരിനുള്ളിൽ തന്നെ വേണം ഇണചേരാനും പ്രജനനം നടത്താനും. എന്നാൽ, കോയിവൂൾഫുകൾ നായകളുമായും ചെന്നായ്ക്കളുമായും ഇണചേരാറുണ്ട്. സ്പീഷീസിന്റെ നിർവചനത്തിന് വിരുദ്ധമാണിത്. ഇതേ യുക്തി അനുസരിച്ചാണെങ്കിൽ, നായകളെയും ചെന്നായ്ക്കളെയും വെവ്വേറെ സ്പീഷീസുകളായി എങ്ങനെ കരുതാൻ കഴിയുമെന്ന് മറുപക്ഷം ചോദിക്കുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ