നായർ, തിയ്യ, ഈഴവ സമുദായങ്ങൾക്ക് വടക്ക് പടിഞ്ഞാറൻ ഇന്ത്യാക്കാരുമായി ജനിതക സാമ്യം
- Share
- Tweet
- Telegram
- LinkedIniiiii
ഷില്ലോംഗ്: ജനിതക രംഗത്തെ കണ്ടുപിടുത്തങ്ങൾ കൗതുകകരം മാത്രമല്ല, തിരിച്ചറിവുകളുടേത് കൂടിയാണ്. അത്തരമൊര ഗവേഷണ പഠനത്തിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ നായർ, തിയ്യ, ഈഴവ സമുദായങ്ങൾക്ക് വടക്ക് പടിഞ്ഞാറൻ ഇന്ത്യാക്കാരുമായി ജനിതക സാമ്യമുണ്ടെന്നാണ് പഠനത്തിലെ കണ്ടുപിടുത്തം.
ഹൈദരാബാദിലെ സിഎസ്ഐആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ജെ സി ബോസ് ഫെലോ ഡോ കുമാരസ്വാമി തങ്കരാജിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പഠനം നടത്തിയത്. പഠന റിപ്പോർട്ട് ജീനോം ബയോളജി ആൻഡ് എവല്യൂഷൻ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
കേരളത്തിലെ നായർ, തിയ്യ, ഈഴവ സമുദായങ്ങളെ കൂടാതെ കർണാടകത്തിലെ ബണ്ടുകൾക്കും, ഹൊയ്‌സാലകൾക്കും വടക്ക് പടിഞ്ഞാറൻ ഇന്ത്യാക്കാരുമായി ജനിതക സാമ്യം ഉണ്ടെന്ന് പഠനത്തിൽ പറയുന്നു. നായർ, തിയ്യ, ബണ്ട്, ഹൊയ്‌സാല സമുദായങ്ങളിലെ ആരോഗ്യമുള്ള, പരസ്പര ബന്ധമില്ലാത്ത 213 വ്യക്തികളുടെ രക്ത സാമ്പിളുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. കർണാടകത്തിലെ കൊങ്കണിലും, കേരളത്തിലെ മലബാറിലുമായി അധിവസിക്കുന്ന ഈ സമുദായങ്ങൾക്ക് ചരിത്രപരമായി പരമ്പരാഗത പടയാളികളുടെയും ഫ്യൂഡൽ ഭൂപ്രഭുക്കന്മാരുടെയും പദവിയാണുള്ളത്.
ഒരു സഹസ്രാബ്ദത്തിനിടെ ഉണ്ടായ കുടിയേറ്റവും, സങ്കലനവും സാംസ്‌കാരിക കുടിച്ചേരലും വികാസവും എല്ലാം കാരണം ഉയർന്ന ജനസാന്ദ്രതയും സങ്കീർണമായ ജനിതക ചരിത്രവും ഉള്ള പ്രദേശമാണ് ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരം. ഭാഷാപരമായി ദ്രാവിഡ കുടുംബത്തിലോ(മലയാളി, തുളു) ഇന്തോ-യൂറോപ്യൻ ഭാഷാ കുടുബത്തിലെ കൊങ്കണി വിഭാഗത്തിലോ പെടുന്ന നിരവധി ജാതികൾ ഈ മേഖലയിലുണ്ട്. ചരിത്രപരമായി നോക്കിയാൽ, പുരോഹിത( ഹാവിക്, ഹൊയ്‌സാല), പടയാളി( നായർ, തീയ്യ), ഭൂവുടമ( ബണ്ട്) പദവിയിൽ പെടുന്നവരുമാണ് ഈ ജാതികൾ.
ഈ പ്രദേശത്തെ ജൂതന്മാർ,പാഴ്സികൾ, റോമൻ കത്തോലിക്കാ വിഭാഗം എന്നിവരുൾപ്പടെയുള്ളവരുടെ കുടിയേറ്റത്തെപ്പറ്റിയുള്ള പഠനങ്ങളും മേഖലയിലെ സങ്കീർണമായ ജനിതക പാരമ്പര്യത്തെ വെളിപ്പെടുത്തുന്നു. ഗംഗാ,സമതലത്തിലെ അഹിചത്ര (ഇരുമ്പ് യുഗ നാഗരികത) യിൽ നിന്നുള്ള കുടിയേറ്റക്കാരാണ് പരമ്പരാഗതമായി പടയാളി, ഭൂപ്രഭു പദവിയുള്ള തെക്ക് പടിഞ്ഞാറൻ തീരത്തെ വിഭാഗങ്ങളെന്ന് ചരിത്രകാരന്മാരും പുരാ ലിഖിതങ്ങളും പറയുന്നു. എന്നാൽ മറ്റ് ചിലർ പറയുന്നത് ഇവർ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ള ഇന്തോ-സിഥിയൻ വംശത്തിൽ നിന്നുള്ള കുടിയേറ്റക്കാരാണ് എന്നാണ്. ഇക്കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നു.
തങ്ങളുടെ ജനിതക പഠനത്തിൽ, നായർ, തിയ്യ പടയാളി സമുദായങ്ങൾ തങ്ങളുടെ പൈതൃകത്തിന്റെ ഭൂരിഭാഗവും പങ്കുവയ്ക്കുന്നത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ള പുരാതന കുടിയേറ്റക്കാരുമായാണെന്ന് ഡോ.തങ്കരാജ് പറഞ്ഞു. "ഇരുമ്പ് യുഗത്തിലോ വെങ്കലയുഗത്തിന്റെ അവസാനത്തിലോ ആണ് ഈ വിഭാഗം വടക്ക് പടിഞ്ഞാറ് ഇന്ത്യയിൽ നിന്ന് മധ്യ ഇന്ത്യ വഴി തെക്ക് പടിഞ്ഞാറൻ തീരത്തേക്ക് പോയതെന്നാണ് ഞങ്ങളുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്," ഗവേഷകനായ ഡോ. ലോമസ് കുമാർ പറഞ്ഞു.
വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കർണാടകയിലേക്കും കേരളത്തിലേക്കും നടന്ന ആദ്യകാല കുടിയേറ്റത്തിന്റെ ബാക്കിപത്രമാണ് തെക്ക് പടിഞ്ഞാറൻ തീരത്തെ ഈ വിഭാഗമെന്ന് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി ഡയറക്ടർ ഡോ. വിനയ് കെ. നന്ദികൂരി പറഞ്ഞു.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിലെ ഡോ മൊയ്‌നാക് ബാനർജി, മംഗളൂരു സർവകലാശാലയിലെ ഡോ. മുഹമ്മദ് എസ് മുസ്തക് എന്നിവരാണ് പഠനത്തിൽ ഉൾപ്പെട്ട മറ്റുഗവേഷകർ.
തുളുനാടിന്റെ ചരിത്രവും വികാശവും സമഗ്രമായി മനസ്സിലാക്കാൻ തദ്ദേശീയ വിഭാഗങ്ങളുടെ ചരിത്രപരവും, സാംസ്‌കാരികവും ജനിതകപരവുമായ സവിശേഷതകൾ പഠിക്കേണ്ടതിന്റെ പ്രാധാന്യം അടവരയിടുന്നതാണ് ഈ സവിശേഷ ഗവേഷണപഠനമെന്ന് മംഗളുരു സർവകലാശാലയിലെ റിസർച്ച് സ്‌കോളറായ ജെയ്‌സൺ സെക്വറിയ അഭിപ്രായപ്പെട്ടു.