- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോണും ആൻഡ്രോയ്ഡ് ഫോണും മാത്രമുള്ള കാലത്തിന് വിരാമമിടാൻ ഒരുങ്ങി എലൺ മസ്ക്; രണ്ട് പ്ലാറ്റ്ഫോമുകൾക്കും ബദലായി ഇ ഫോൺ തുടങ്ങുമെന്ന് പ്രഖ്യാപനം; ഗൂഗിളിലും ആപ്പിളിലും ട്വിറ്റർ ഒഴിവാക്കാനുള്ള ആലോചനക്കിടെ വമ്പൻ നീക്കം
സിലിക്കൺ വാലി: സാങ്കേതിക വിദ്യാ രംഗത്ത് ഒരു പുതിയ രണഭൂമി ഒരുങ്ങുകയാണ്. താൻ സ്വന്തമാക്കിയ ട്വിറ്ററിനെ ഒഴിവാക്കുവാൻ ആപ്പിളിനേയും ഗൂഗിളിനേയും ഒരുകൂട്ടം ആളുകൾ നിർബന്ധിതമാക്കുകയാണെങ്കിൽ ഐ ഫോണിനും ആൻഡ്രോയ്ഡ് ഫോണിനും ബദലായി താൻ പുതിയൊരു സ്മാർട്ട് ഫോൺ വിപണിയിലിറക്കും എന്ന് എലൺ മസ്ക് പ്രഖ്യാപിച്ചതോടെയാണ് പുതിയ യുദ്ധകാഹളം മുഴങ്ങിയിരിക്കുന്നത്. ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകളിൽ നിന്നും ട്വിറ്ററിനെ നീക്കാനുള്ള സമ്മർദ്ദം ഏറിവരുന്ന സമയത്താണ് ഈ പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയമാണ്.
ചൊവ്വയിലേക്ക് റോക്കറ്റുകൾ നിർമ്മിക്കുന്ന എലൺ മസ്കിന് ഒരു സ്മാർട്ട് ഫോൺ നിർമ്മിക്കുക എന്നത് തീർത്തും നിസാരമായ കാര്യമാണെന്നായിരുന്നുകൺസർവേറ്റീവ് അനുഭാവിയായ ലിസ് വീലർ ട്വീറ്റ് ചെയ്തത്. ആപ്പ് സ്റ്റോറുകളിൽ നിന്നും ട്വിറ്റർ നീക്കം ചെയ്താൽ അത്തരമൊരു നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. വേറെ നിവർത്തിയില്ലെങ്കിൽ താൻ അതിനു തുനിഞ്ഞിറങ്ങും എന്നായിരുന്നു എലൺ മസ്കിന്റെ മറുപടി. നിലവിലുള്ള സ്മാർട്ട് ഫോണുകൾക്ക് ബദലായി മറ്റൊന്ന് താൻ കൊണ്ടു വരുമെന്നും അദ്ദേഹം മറുപടിയായി കുറിച്ചു.
സമ്പൂർണ്ണ സ്വാതന്ത്ര്യത്തോടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയാക്കി ട്വീറ്ററിനെ മാറ്റുവാനുള്ള ശ്രമം തിരിച്ചടിച്ചേക്കുമെന്ന് ഈ മാസം തികച്ചും അപ്രതീക്ഷിതമായി ട്വിറ്ററിൽ നിന്നും രാജിവെച്ച ട്രസ്റ്റ് ആൻഡ് സേഫ്റ്റി മുൻ തലവൻ യോൽ റോത്ത് പറഞ്ഞിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അത്തരത്തിലുള്ള ഒരു വേദിയെ തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പിളും ഗൂഗിളും നീക്കം ചെയ്തേക്കുമെന്നും റോത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.
ഗൂഗിളിന്റെയും ആപ്പിളിന്റെയും നിർദ്ദേശരേഖകൾക്കുള്ളിൽ നിൽക്കാഞ്ഞാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നായിരുന്നു റോത്ത് മുന്നറിയിപ്പ് നൽകിയത്. അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടാൽ, ലക്ഷക്കണക്കിന് ഭാവി ഉപഭോക്താക്കൾക്ക് ട്വിറ്ററിന്റെ സേവനങ്ങൾ ലഭിക്കാൻ വലിയ തടസ്സം വന്നേക്കാം. റൊത്ത് പറയുന്നു. അതുകൊണ്ടു തന്നെ ട്വിറ്ററിന്റെ തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ആപ്പിളിനും ഗൂഗിളിനും കഴിയും.
ആപ്പിളിൽ, ആപ്പ് സ്റ്റോറിന്റെ ചുമതലയുൾല ഫിൽ ഷില്ലെർ കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ട് നിർത്തിയതോടെ ട്വിറ്ററിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചിട്ടുണ്ട്. രണ്ട് സുപ്രധാന ആപ്പ് സ്റ്റോറുകളിൽ നിന്നും പുറത്താകുക എന്നത് ട്വിറ്ററിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. തങ്ങളുടെ വെരിഫിക്കെഷൻ സിസ്റ്റം അടിമുടി പരിഷ്കരിക്കാൻ ഇരിക്കെയാണ് ട്വിറ്ററിന് ഈ തിരിച്ചടി ഉണ്ടാകുന്നത്.
അക്കൗണ്ട് എടുക്കുന്ന വ്യക്തികളുടെ വെരിഫിക്കേഷനായി പുതിയൊരു സമ്പ്രദായമായിരിക്കും ഇനിമുതൽ ട്വിറ്റർ ഉപയോഗിക്കുക. നീല, സ്വർണം, ചാരം എന്നീ മൂന്ന് നിറങ്ങളിലുള്ള ടിക്കുകളോട് കൂടിയ മൂന്ന് വ്യത്യസ്ത തരം ഉപയോക്താക്കളെ ഇനി മുതൽ നിങ്ങൾക്ക് ട്വിറ്ററിൽ കാണാൻ കഴിയും.സ്വർണ്ണ നിറമുള്ള ടിക്ക് മാർക്ക് കമ്പനികൾക്കും, ചാര നിറമുള്ളവ സർക്കാരുകൾക്കും നീല നിറമുള്ളവ വ്യക്തികൾക്കും ആയിരിക്കും നൽകുക.
മറുനാടന് ഡെസ്ക്