- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗിക്കാത്ത ലക്ഷക്കണക്കിന് ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നു; ഇമെയിൽ, ഡോക്യൂമെന്റ്, സ്പ്രെഡ്ഷീറ്റ്, ഫോട്ടോകൾ തുടങ്ങിയവ അടക്കം അടുത്ത മാസത്തോടെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നറിയിച്ച് ഗൂഗിൾ
ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടത്തുന്ന സുപ്രധാനമായ ഒരു അപ്ഡേറ്റിന്റെ ഭാഗമായി ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് ഗൂഗിൾ അറിയിച്ചു. ചുരുങ്ങിയത് കഴിഞ്ഞ രണ്ടു വർഷക്കാലമായെങ്കിലും ഉപയോഗിക്കാതെ കിടക്കുന്ന ഇമെയിൽ, ഡോക്യൂമെന്റ്സ്, സ്പ്രെഡ്ഷീറ്റ്സ്, കലണ്ടർ അപ്പോയിന്റ്മെന്റ്സ്, ഫോട്ടോസ്, വീഡിയോസ് തുടങ്ങിയ എല്ലാം എന്നന്നേക്കുമായി നീക്കം ചെയ്യപ്പെടും. ഈ വർഷം ആദ്യമാണ് ഈ നയം രൂപപ്പെടുത്തിയതെങ്കിലും 2023 ഡിസംബർ മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക.
ഗൂഗിൾ അക്കൗണ്ടുകൾക്കുള്ള ഇനാക്ടിവിറ്റി പോളിസി അപ്ഡേറ്റ് ചെയ്യുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ നയം മാറ്റം വഴി, അക്കൗണ്ട് നിലനിർത്തൽ, നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ മേഖലയിലുള്ള പൊതു നയവുമായി യോജിച്ചു പോകുന്നതായി മാറുമെന്ന് പറഞ്ഞ ഗൂഗിൾ, പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡണ്ട് റൂത്ത് ക്രിഷേലി, അതോടൊപ്പം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഗൂഗിൾ സൂക്ഷിക്കുന്ന കാലപരിധി കുറയുമെന്നും വ്യക്തമാക്കി.
ഫിസിങ് സ്കാമുകൾ, അക്കൗണ്ട് ഹാക്കിങ് തുടങ്ങിയ സുരക്ഷാ ഭീഷണികളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് ഈ മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. വർഷങ്ങളായി ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഹാക്കർമാർക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്നതിനാൽ വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരത്തിൽ ഡിലിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന അക്കൗണ്ടുകൾക്ക്, അവ ഡിലിറ്റ് ചെയ്യുന്നതിന് മുൻപായി ഒന്നിലധികം തവണ അറിയിപ്പുകൾ ലഭിക്കും. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള അസ്സോസിയേറ്റ് റിക്കവറി ഇമെയിൽ വിലാസത്തിലും അറിയിപ്പ് ലഭിക്കും.
നീക്കം ചെയ്യപ്പെടുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇതിനോടകം തന്നെ അയയ്ക്കുവാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനും, അക്കൗണ്ടിലെക്ക് അനധികൃതമായ ആക്സസ് ഒഴിവാക്കുന്നതിനുമായാണ് ഇത് ചെയ്യുന്നതെന്ന് അറിയിപ്പിൽ പറയുന്നുണ്ട്. ജിമെയിൽ അക്കൗണ്ട് നഷ്ടപ്പെട്ടാൽ,ം ആ ഈമെയിൽ വിലാസവുമായി ബന്ധപ്പെടുത്തിയിട്ടുള്ള മറ്റ് പല സർവീസുകൾ ലഭ്യമാകാതെ വരികയും ചില പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യും.
ഗൂഗിൾ അക്കൗണ്ട് നഷ്ടപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവർ ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ച് മെയിൽ അയയ്ക്കുകയോ, ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുകയോ, പ്ലേസ്റ്റോറിൽ നിന്നും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യേണ്ടതാണ്. അതല്ലെങ്കിൽ, നിങ്ങൾ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്തിരിക്കുന്ന സമയത്ത് ഗൂഗിൾ സെർച്ച് ചെയ്താലും മതിയാകും.
മറുനാടന് ഡെസ്ക്