ലണ്ടൻ: ആതുരശുശ്രൂഷ രംഗത്ത് ആധുനിക സാങ്കേതിക വിദ്യയുമായി എൻ എച്ച് എസ്. മെഡിക്കൽ പരിശോധനകൾ വേഗത്തിലാക്കുന്നതിനായി ലണ്ടനിലെ വിവിധ ആശുപത്രികളിൽ നിന്നും രക്ത സാമ്പിളുകൾ ലബോറട്ടറികളിലെത്തിക്കാൻ ഗൂഗിളിന്റെ ഓട്ടോണോമസ് ഡ്രോണുകൾ ഉപയോഗിക്കുകയാണ് എൻ എച്ച് എസ്. തെക്കൻ ലണ്ടനിലെ ഗൈസ് ആൻഡ് സെയിന്റ് തോമസ് ഹോസ്പിറ്റൽസിൽ നിന്നും രക്തസാമ്പിളുകൾ വിതരണം ചെയ്യുന്നതിനായി ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വിങ് എന്ന ഡ്രോൺ ഓപ്പറേറ്ററേയാണ് നിയമിച്ചിരിക്കുന്നത്.

വരുന്ന വേനൽക്കാലാത്തായിരിക്കും ഇതിന്റെ പരീക്ഷണ പറക്കൽ നടക്കുക. ഇത് വിങ്‌സ് ഡ്രോണിന്റെ യു കെയിലെ ആദ്യ ഉപയോഗമാകും. വെളുപ്പും മഞ്ഞയും നിറത്തിലുള്ള, ഒരു മീറ്റർ ഉയരവും ഒരു മീറ്റർ വീതിയുമുള്ള വിങ്‌സ് ഡ്രോണുകൾക്ക് മണിക്കൂറിൽ 58 മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. മാത്രമല്ല, ഒറ്റയടിക്ക് ആറ് മൈൽ വരെ സഞ്ചരിക്കാനും കഴിവുണ്ട്.

മുൻ എൻ എച്ച് എസ്സ് ഡോക്ടർമാരും ഗൂഗിൾ ജീവനക്കാരും സംയുക്തമായി രൂപീകരിച്ച മെഡിക്കൽ ലോജിസ്റ്റിക്‌സ് കമ്പനിയായ ഏപിയന്നും ഒരുമിച്ചായിരിക്കും പ്രവർത്തനം. പരീക്ഷണത്തിനായി ഹെൽത്ത് സർവ്വീസരിന്റെ ധനസഹായവും ഉണ്ട്. ആശുപത്രികളുടെ മേൽക്കൂരകളിൽ നിന്നും മേൽക്കൂരകളിലേക്കായിരിക്കും ഡ്രോണുകൾ പറക്കുക. ഒരു ദിവസം 10 സർവ്വീസുകളായിരിക്കും നടത്തുക. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിലായിരിക്കും ഇത് പ്രവർത്തിക്കുക. നിലവിൽ, വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ കഴിഞ്ഞ നിരവധി രോഗികളുടെ തുടർ നിരീക്ഷണത്തിനായി നൂറു കാണക്കിന് രക്ത സാമ്പിളുകളാണ് ഗൈ ഹോസ്പിറ്റലിൽ നിന്നും സെയിന്റ് തോമസിലെ ലബോറട്ടറിയിലേക്ക് കൊണ്ടു പോകുന്നത്.

നിലവിൽ ഒരു ദിവസം രണ്ടു പ്രാവശ്യമാണ് പരിശോധനക്കായി രക്ത സാമ്പിളുകൾ കൊണ്ടു പോകുന്നത്, അതും ബൈസൈക്കിൾ കൊറിയർ വഴി. ഡ്രോൺ വഴി കൂടുതൽ ഡെലിവറികൾ ഉണ്ടാവുകയും, പെട്ടെന്ന് ആവുകയും ചെയ്യുന്നതോടെ പരിശോധനയിലെ കാലതാമസം വലിയൊരളവ് വരെ ഇല്ലാതെയാക്കാൻ കഴിയും. ജൂലായിൽ ആരംഭിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ഡെലിവറി ആറ് മാസം നീണ്ടു നിൽക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പരീക്ഷണം വിജയിച്ചാൽ ഈ സംവിധാനം സ്ഥിരമായി തുടരും.

2018- ൽ നെസ്റ്റ നടത്തിയ ഒരു പഠനത്തിൽ ലണ്ടനിൽ ആശുപത്രികൾക്കിടയിൽ ഡെലിവറി നടത്താൻ ഒരു ഡ്രോൺ നെറ്റ്‌വർക്ക് ആകാമെന്ന് നിർദ്ദേശിച്ചിരുന്നു. വിങ്‌സ് ഇപ്പോൾ അമേരിക്കയിൽ വാൾമാർട്ട് ഉൾപ്പടെയുള്ള കമ്പനികൾക്കായി ഡ്രോൺ ഡെലിവറികൾ നടത്തുന്നുണ്ട്. അതുപോലെ അയർലൻഡിൽ ഏപിയനുമായി സഹകരിച്ചും ഡെലിവറികൾ നടത്തുന്നുണ്ട്. യു കെയിൽ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ വർഷം രണ്ട് കമ്പനികളും വെളിപ്പെടുത്തിയിരുന്നു.