- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബാംഗങ്ങളുമായി പാസ്വേഡ് പങ്കിടേണ്ട..! 100 രാജ്യങ്ങിലേക്ക് നിയന്ത്രണം വ്യാപിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്; നീക്കം വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം
ന്യൂയോർക്ക്: പാസ്‌വേഡ് ഷെയറിംഗിനെതിരെ നിയന്ത്രണം പ്രഖ്യാപിച്ചു നെറ്റ്ഫ്‌ളിക്‌സ്. യു.എസ് അടക്കം 100-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് സ്ട്രീമിങ് ഭീമൻ. ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ് വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമം കർശനമാക്കിയത്. ലോകമെമ്പാടുമായി പത്തു കോടിയിലേറെ വീട്ടുകാർ പാസ്വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടും കമ്പനി പുറത്തിറക്കിയിരുന്നു.
ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കുടുംബാംഗങ്ങളല്ലാത്തവർക്ക് സൗജന്യമായി പങ്കിടരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകുകയും ചെയ്തു. 'നിങ്ങളുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ട് നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ താമസിക്കുന്നവർക്കും വേണ്ടിയുള്ളതാണ്' നെറ്റ്ഫ്ളിക്സ് അവരുടെ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. പാസ് വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവർ, ഷെയേർഡ് അക്കൗണ്ട് തുടങ്ങിയ ഓപ്ഷനുകൾ ചില രാജ്യങ്ങളിൽ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിരുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും.
'പാസ്വേഡ് പങ്കുവെക്കലിന്റെ നാളുകൾ അവസാനിച്ചു. നിങ്ങളുടെ വീടിന് പുറത്തുള്ളവരുമായി അക്കൗണ്ട് പങ്കിടാം എന്നാൽ, ഇതിമുതൽ അത് സൗജന്യമായി ചെയ്യാൻ കഴിയില്ല. അക്കൗണ്ട് പങ്കിടണമെങ്കിൽ, അധിക അംഗ സ്ലോട്ടിന് പ്രതിമാസം 7.99 ഡോളർ അധികമായി നൽകണം'. യു.എസിലെ ഉപഭോക്താക്കൾക്ക് അയച്ച മെയിലിൽ നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.
നെറ്റ്ഫ്‌ളിക്‌സിന്റെ വരുമാനത്തെയും സീരീസുകളും സിനിമകളുമടങ്ങുന്ന തങ്ങളുടെ ഒറിജിനൽ ഉള്ളടക്കങ്ങൾക്കായി കമ്പനിയിറക്കുന്ന നിക്ഷേപങ്ങളെയും കാര്യമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പാസ്വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കൾ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് കമ്പനി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മറുനാടന്‍ ഡെസ്‌ക്