വാഷിങ്ടൺ: ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷിയുടെ ലോഗോ മാറ്റിയതായി ഇലോൺ മസ്‌ക്. നീല നിറത്തിലുള്ള പക്ഷിയുടെ ലോഗോ മാറ്റി ഡോഗ്കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. മാറ്റം സ്ഥിരീകരിക്കുന്ന ഒരു ട്വീറ്റും ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്‌ക്ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം വന്നിരിക്കുന്നതെന്ന് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

ഒരു നായ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നതും ട്രാഫിക് പൊലീസിനെ തന്റെ ലൈസൻസ് കാണിക്കുകയും ചെയ്യുന്നു. അതിൽ ഒരു നീല പക്ഷിയുടെ ഫോട്ടോയുണ്ട്. തുടർന്ന് ട്രാഫിക് പൊലീസിനോട് ഇതൊരു പഴയ ഫോട്ടോയാണെന്ന് നായ പറയുന്നതായ ഒരു ചിത്രവും മസ്‌ക് ട്വീറ്റ് ചെയ്തു.കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു ട്വിറ്റർ ഉപയോക്താവുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും മസ്‌ക് പങ്കിട്ടു.

പുതിയ പ്ലാറ്റ്‌ഫോം ആവശ്യമുണ്ടോയെന്ന് ഈ സ്‌ക്രീൻ ഷോട്ടിൽ ഇട്ട പോസ്റ്റിൽ മസ്‌ക് ചോദിച്ചിട്ടുണ്ട്. അതിന് പകരം മസ്‌ക് ട്വിറ്റർ വാങ്ങണമെന്നും പക്ഷിയുടെ ലോഗോക്ക് പകരം നായ എന്നെഴുതാനും ഉപയോക്താവ് നിർദ്ദേശിച്ചിരുന്നു.ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്‌കിന്റെ ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ.ഇതിലെ ഡോഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോർട്ട്.

ഷിബു ഇനു എന്ന നായ ഇന്റർനെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ.ട്വിറ്ററിന്റെ വെബ് വേർഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈൽ ആപ്പിൽ മാറ്റം വരുത്തിയിട്ടില്ല. 2013ലാണ് ഷിബു ഇനു എന്ന നായ ഡോഗ് കോയിനിന്റെ ലോഗോയായി മാറിയത്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോൺ മസ്‌ക് കൊണ്ടുവന്നത്.

ഇതിൽ ചിലത് വിവാദമായിരുന്നു. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം അടക്കം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിൽ ഒടുവിലത്തേതാണ് ലോഗോ മാറ്റം.