- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സറിയും യന്ത്രം ഒടുവിൽ സത്യമാകുന്നു; തലച്ചോറിന്റെ എം ആർ ഐ സ്‌കാനിങ് നടത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചിന്തിക്കുന്നത് പകർത്താനാവുമെന്ന് ശാസ്ത്രജ്ഞർ; മറ്റുള്ളവരുടെ മനസ്സ് വായിക്കുന്ന കാലം വിദൂരമായേക്കില്ല
ആധുനിക ശാസ്ത്ര കഥകളിലും അപസർപ്പക നോവലുകളിലും മാത്രമല്ല, പരമ്പരാഗതമായി വാമൊഴിയിലൂടെ കൈമാറിക്കിട്ടിയ മുത്തശ്ശിക്കഥകളിലും പ്രതിപാദിക്കുന്ന ഒന്നാണ് മറ്റുള്ളവരുടെ മനസ്സറിയുന്ന യന്ത്രം. മറ്റുള്ളവന്റെ ചിന്തകളും വികാരങ്ങളും കൃത്യമായി മനസ്സിലാക്കുവാനുള്ള അഭിവാഞ്ജ അനാദികാലം മുതൽ തന്നെ മനുഷ്യനിൽ കുടികൊണ്ടിരുന്നു എന്നതിന്റെ തെളിവാണിത്. ഏതായാലും ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് ആധുനിക ശാസ്ത്രം. നിങ്ങളിൽ മാത്രമായി ഒതുക്കിവച്ചിരിക്കുന്ന ചിന്തകളും, ആഗ്രഹങ്ങളും, ഓർമ്മകളും, വികാരങ്ങളും, പ്രശ്നങ്ങളും എല്ലാം ഇനിമുതൽ മറ്റുള്ളവർക്കും അറിയാൻ ആവുമത്രെ.
ഒരു രഹസ്യം സൂക്ഷിക്കണമോ അതോ മറ്റാരെങ്കിലുമായി പങ്കുവയ്ക്കണമോ എന്നത് ഓരോരുത്തരുടെയും തികച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. എന്നാൽ ആ ഒരു അവകാശം അധികം വൈകാതെ നിങ്ങൾക്ക് നഷ്ടമായേക്കും. സൂപ്പർ ഹൈടെക് ബ്രെയിൻ സ്‌കാനറുകളും നിർമ്മിത ബുദ്ധിയു (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് നിങ്ങളുടേത് മാത്രമായ ആന്തരിക ലോകം തുറക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.
നമ്മൾ ചിന്തിക്കുന്നതെന്തെന്ന് കൃത്യതയോടെ മനസ്സിലാക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തിരക്കിലാണവർ. നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്നതെന്തെന്നോ, ആർക്ക് വോട്ട് ചെയ്യുമെന്നോ, രാഷ്ട്രീയ വിവാദങ്ങളിൽ നിലപാടുകൾ എന്തെന്നോ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കാൻ കഴിയും. മാത്രമല്ല, നമ്മൾ രഹസ്യമാക്കി സൂക്ഷിക്കുന്ന രോഗവിവരങ്ങൾ വരെ മനസ്സിലാക്കാൻ കഴിയും എന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
യഥാർത്ഥത്തിൽ, ഇപ്പോൾ തന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ചില രോഗങ്ങൾ കണ്ടെത്തുന്നതിനാണെന്ന് മാത്രം. മസ്തിഷ്‌കത്തിലെ ടൂമർ ശസ്ത്രക്രിയയ്ക്കും മറ്റും അപകടം ഒഴിവാക്കുവാൻ ഈ സാങ്കേതിക വിദ്യ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. അതുപോലെ ന്യുറോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യതയിൽ ചിലർ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
1970 കളിൽ ആദ്യമായി വികസിപ്പിച്ചെടുത്ത മാഗ്‌നെറ്റിക് റിസോണൻസ് ഇമേജിങ് (എം ആർ ഐ) എന്ന സാങ്കേതിക വിദ്യയാണ് ഈ മനസ്സറിയും യന്ത്രത്തിന്റെ കാതൽ. നമ്മുടെ കോശത്തിനകത്തെ പ്രോട്ടോൺ കണങ്ങളെ പ്രകോപിപ്പിക്കുക എന്ന ധർമ്മമാണ് എം ആർ ഐക്കുള്ളത്. ഇതിനായി ഒരു ശക്തമായ കാന്തിക മണ്ഡലം അത് ഉപയോഗിക്കുമ. കോശത്തിന്റെ രാസഘടനക്ക് അനുസൃതമായി വ്യത്യസ്ത രീതിയിലായിരിക്കും പ്രോട്ടോണുകൾ പ്രതികരിക്കുക. ഇത് വിവിധ തരം കോശകലകളുടെ വ്യത്യാസം മനസ്സിലാക്കുവാൻ ഡോക്ടർമാരെ സഹായിക്കുന്നു.
വർഷങ്ങളായി തുടരുന്ന ഡെവലപ്പിങ് പ്രക്രിയ വഴി വളരെ കൃത്യമായ ഫലം നൽകാൻ പര്യാപ്തമായിട്ടുണ്ട് ഇപ്പോൾ എം ആർ ഐ സാങ്കേതിക വിദ്യ. ഇതിനോടൊപ്പം മറ്റൊരു ആധുനിക സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമന്വയിപ്പിച്ച് ഈ കോശങ്ങളിലെ പ്രോട്ടോണുകളുടെ പ്രതികരണങ്ങൾക്ക് നിർവ്വചനം നൽകുക എന്നതാണ് മനസ്സറിയും യന്ത്രത്തിന്റെ പ്രവർത്തന രീതി.
ഇക്കഴിഞ്ഞ ജനുവരിയിൽ ഇതു സംബന്ധിച്ച് നടത്തിയ ഒരു പരീക്ഷണത്തിന്റെ ഫലം സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഫ് എം ആർ ഐ ഉപയോഗിച്ച് ഒരു വ്യക്തിയുടെ രാഷ്ട്രീയ വിധേയത്വം 80 ശതമാനം വരെ കൃത്യമായി പറയുവാൻ നിലവിലുള്ള സാങ്കേതിക വിദ്യകൾ കൊണ്ടുതന്നെ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. പുതിയ സാങ്കേതിക വിദ്യയിൽ കൃത്യത ഏറും. ഏതായാലും ഈ കണ്ടു പിടുത്തം സ്വകാര്യതയുമായി ബന്ധപ്പെട്ട പല നൈതിക പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ