'ഫാർ ഔട്ട്' ഇവന്റ് 2022-ൽ ഐഫോൺ 14 സീരീസ് പുറത്ത്. ഡിസൈനിലും ഫീച്ചറുകളിലും വിപ്ലവകരമായ മാറ്റങ്ങളുമായെത്തി ആപ്പിൾ വീണ്ടും ഞെട്ടിച്ചു. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകൾ അടങ്ങുന്നതാണ് ഐഫോൺ 14 സീരീസ്. എല്ലാ ആപ്പിൾ ഫാൻസിനും സെപ്റ്റംബർ ഒമ്പത് മുതൽ പുതിയ മോഡലുകൾ പ്രീ-ഓർഡർ ചെയ്യാം 16 മുതലാണ് വിൽപ്പന ആരംഭിക്കുന്നത്.

ഐഫോൺ 14ന്റെ വില 79,900 രൂപയിലും ഐഫോൺ 14 പ്ലസിന്റെ വില 89,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഐഫോൺ 14 പ്രോ 1,29,900 രൂപയിലും ഐഫോൺ 14 പ്രോ മാക്സിന്റെ വില 1,39,900 രൂപയിലും ആരംഭിക്കുന്നു. ഇന്ത്യയിലേക്ക് എത്തുമ്പോഴുള്ള വിലയിൽ ചെറിയ മാറ്റമുണ്ടാകും. അത് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിലയിലെ സൂചനകൾ പുറത്തു വന്നിട്ടുണ്ട്. ഐഫോൺ 14 പ്രോയ്ക്ക് 48 എംപി പ്രധാന ക്യാമറ ആപ്പിൾ നൽകിയിട്ടുണ്ട്. പ്രോ മോഡലുകളിൽ ഓൾവൈസ് ഓൺ ഡിസ്‌പ്ലേയുമുണ്ടാകും. ഏറ്റവും പുതിയ എ16 ബയോണിക് ചിപ്പാണ് കരുത്ത് പകരുക.

ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ മോഡലുകളിൽ പഴയ എ15 ബയോണിക് ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. ഐഫോൺ 13ലും അതേ ചിപ്‌സെറ്റായിരുന്നു. എന്നാൽ, കാമറയിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഐഫോൺ 14 സീരീസിന്റെ യുഎസ് മോഡലുകളിൽ നിന്ന് ആപ്പിൾ സിം ട്രേ നീക്കം ചെയ്തിട്ടുണ്ട്. ആപ്പിൾ സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ഐഫോണുകളിൽ എമർജൻസി എസ് ഒ എസ് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുഎസിനും കാനഡയ്ക്കും മാത്രമാണ് അതിന്റെ പിന്തുണയുള്ളത്.

ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് ഐഫോൺ 14 പ്രോ എത്തുന്നത്. നിങ്ങൾ ഫോണിൽ ചെയ്യുന്ന പ്രവർത്തനവും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി മാറുന്ന വിധത്തിലാണ് നോച്ച്. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറന്നിരിക്കുമ്പോൾ, നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷൻ പ്രദർശിപ്പിക്കും.

ബാറ്ററി ലൈഫ് സൂപ്പർ

ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളിൽ ഏറ്റവും മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്നത് ഐഫോൺ 14 പ്ലസിന് ആണെന്ന് ആപ്പിൾ അവകാശപ്പെടുന്നു. നാല് ഐഫോണുകളിൽ പ്രോ പേരുള്ള രണ്ടെണ്ണത്തിനു മാത്രമാണ് പുതിയ പ്രോസസർ നൽകിയിട്ടുള്ളത്. പ്രോ പേര് ഇല്ലാത്ത ഐഫോൺ 14, 14 പ്ലസ് മോഡലുകൾക്ക് മുൻ വർഷത്തെ എ15 ബയോണിക് പ്രോസസർ തന്നെയാണ് നൽകിയിരിക്കുന്നത്. മുൻവർഷത്തെ ഐഫോൺ 13, 13 മിനി മോഡലുകൾക്ക് ഇവയേക്കാൾ 10,000 രൂപയിലേറെ താഴ്‌ത്തി വാങ്ങാൻ സാധിച്ചേക്കുമെന്നാണ് സൂചന.

ശ്രദ്ധമുഴുവൻ പ്രോ മോഡലുകൾ പിടിച്ചുകൊണ്ടു പോയെങ്കിലും 14 പ്ലസ് മോഡലാണ് ഈ വർഷം പുതിയതായി എത്തിയ ഒരു മോഡൽ. ഇതാകട്ടെ, മുൻ വർഷത്തെ മിനി മോഡലിനു പകരമായാണ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഐഫോൺ 14 മോഡലിന് 6.1 - ഇഞ്ച് ഡിസ്പ്ലേ ആണെങ്കിൽ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേ ലഭിക്കുന്നു. രണ്ടു മോഡലുകൾക്കും സൂപ്പർ റെറ്റിന ഡിസ്പ്ലേയാണ് ഉള്ളത്. ഇവയ്ക്ക് 1200നിറ്റ്സ് വരെ ബ്രൈറ്റ്നസ് ലഭിക്കും. എന്നാൽ, 14 പ്ലസ് മോഡലിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ബാറ്ററി ലൈഫ് ആയിരിക്കും. ഇതുവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളിൽ ഏറ്റവുമധികം ബാറ്ററി ലൈഫ് ലഭിക്കുക ഐഫോൺ 14 പ്ലസിനായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഐഫോൺ 13 മോഡലിന് എ15 ബയോണിക് ചിപ്സെറ്റും എച്ഡിആർ സപ്പോർട്ടോടു കൂടിയ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയുമാണ് ഉണ്ടായിരുന്നത്. ട്രൂടോൺ കളർ റെപ്രസന്റേഷൻ, ഹാപ്ടിക് ടച് ഫീഡ്ബാക്ക്, 20,00,000:1 അനുപാതത്തിലുള്ള കോൺട്രാസ്റ്റ്, 1200 നിറ്റ്സ് ബ്രൈറ്റ്‌നസ് തുടങ്ങിയവയാണ് ഉള്ളത്. സമാനമായ സ്‌ക്രീനാണ് ഐഫോൺ 14നും. പോറലേൽക്കാതിരിക്കാനായി സെറാമിക് ആവരണവും ഉണ്ട്. ഐഫോൺ 14, 14 പ്ലസ് മോഡലുകൾക്കും അതേ പ്രോസസർ തന്നെയാണെങ്കിലും 5 കോർ ഗ്രാഫിക്സ് പ്രോസസറിന് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഫോട്ടോയ്ക്ക് വ്യക്തത കൂടും

ക്യാമറാ സിസ്റ്റമാണ് ഐഫോൺ 14ൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്ന മേഖലകളിലൊന്ന്. ഫോണിന്റെ പ്രധാന പിൻ ക്യാമറയ്ക്ക് 12 എംപി റെസലൂഷൻ തന്നെയാണെങ്കിലും കൂടുതൽ വലുപ്പമുള്ള സെൻസർ ഉപയോഗിച്ചിരിക്കുന്നതിനാൽ ഐഫോൺ 13നെ അപേക്ഷിച്ച് കൂടുതൽ മികവാർന്ന ഫൊട്ടോ പകർത്താൻ സാധിച്ചേക്കും. കൂടുതൽ വലിയ സെൻസർ, വലിയ പിക്സലുകൾ (1.9 മൈക്രോൺ) തുടങ്ങിയവ പുതിയ ഫോണിൽ ലഭിക്കുന്നു.

കൂടാതെ, പിൻ ക്യാമറാ സിസ്റ്റത്തിലുള്ള വൈഡ് ആംഗിൾ ലെൻസിന് കൂടുതൽ വിശാലമായ ദൃശ്യം പിടിച്ചെടുക്കാനും സാധിക്കും. അതിനും പുറമെയാണ് വെളിച്ചക്കുറവുള്ള സമയത്ത് എടുക്കുന്ന ചിത്രങ്ങൾ മകവാർന്നതാക്കാനായി കൊണ്ടുവന്നിരിക്കുന്ന ഫൊട്ടോണിക് എൻജിൻ. വെളിച്ചക്കുറവുള്ള സമയത്ത് മുൻ വർഷത്തെ മോഡലിനെ അപേക്ഷിച്ച് 49 ശതമാനം അധിക പ്രകടനം വരെ പ്രതീക്ഷിക്കാമെന്നാണ് ആപ്പിൾ പറയുന്നത്.

വിഡിയോ റെക്കോഡിങ്ങിൽ ആക്ഷൻ മോഡ് എന്ന പുതിയ ഫീച്ചറും ഉണ്ട്. വിഡിയോ പിടിക്കുമ്പോൾ ഉണ്ടാകാവുന്ന ചലനങ്ങൾ കുറയ്ക്കുന്നതിനുള്ള ഫീച്ചറാണിത്. ഇതും ഐഫോൺ 13ൽ ഇല്ല. ഐഫോൺ 14ന്റെ മുൻ ക്യാമറാ സിസ്റ്റത്തിനും മാറ്റം വരുത്തിയിട്ടുണ്ട്. അതിന് ഓട്ടോഫോക്കസും ലഭിക്കുന്നു. എന്നാൽ മുൻ വർഷത്തെ മോഡലുകളെ പോലെ നോച് ഉണ്ട്.

സാറ്റലൈറ്റുകൾ വഴി സന്ദേശം കൈമാറാം

മറ്റൊരു മാറ്റങ്ങൾ സാറ്റലൈറ്റ് കണക്ടിവിറ്റിയും ക്രാഷ് ഡിറ്റെക്ഷനും ലഭിക്കുന്നു എന്നുള്ളതാണ്. ഇവ രണ്ടും ഐഫോൺ 13ൽ ലഭ്യമല്ല. ഐഫോൺ 14ന് സാറ്റലൈറ്റുകളുമായി ബന്ധപ്പെടാൻ സവിശേഷ ആന്റിനകളും സോഫ്റ്റ്‌വെയറും ഉണ്ട്. സാറ്റലൈറ്റുമായി കണക്ഷൻ സ്ഥാപിക്കാൻ ഏതു ഭാഗത്തേക്കാണ് ഫോൺ പിടിക്കേണ്ടത് എന്നു കാണിക്കാനായി പുതിയ ആപ്പും ഉണ്ട്. അതു വഴി ഒരു സാറ്റലൈറ്റ് ലിങ്ക് കിട്ടുകയും അടിയന്തര സ്വഭാവമുള്ള സന്ദേശം കൈമാറുകയും ചെയ്യാം.

ഈ ആപ് ഉപയോഗിക്കുമ്പോൾ അതിൽ പല സന്ദേശങ്ങളും ഉണ്ടായിരിക്കും. അവയിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുകയാണെങ്കിൽ സമയവും ലാഭിക്കാം. അതുവഴി ഏറ്റവും വേഗത്തിൽ സഹായം അഭ്യർത്ഥിക്കാം. ഈ സേവനം നവംബർ മുതൽ അമേരിക്കയിലും കാനഡയിലും ലഭിക്കും. ഇത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ലഭിക്കുമോ എന്ന് വ്യക്തമല്ല. ഈ ഫീച്ചർ ഐഫോൺ 14 സീരീസ് വാങ്ങുന്ന എല്ലാവർക്കും അമേരിക്കയിലും കാനഡയിലും രണ്ടു വർഷത്തേക്ക് ഫ്രീയായിരിക്കും.

ഇന്ത്യൻ വില സൂചനകൾ ഇങ്ങനെ

ഐഫോൺ 14ന്റെ തുടക്ക വേരിയന്റിന് ഇന്ത്യയിലെ വില 79,900 രൂപയായിരിക്കുമെന്ന് ഗ്യാജറ്റ്സ് നൗ റിപ്പോർട്ടു ചെയ്യുന്നത്. ഐഫോൺ 14 പ്ലസിന് 89,900 രൂപയായിരിക്കും വില. മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, ബ്ലൂ, പർപ്പിൾ, പ്രൊഡക്ട് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാക്കുന്ന ഐഫോൺ 14 സീരീസ് ആപ്പിളിന്റെ ഇന്ത്യയിലെ സ്റ്റോർ വഴി ബുക്കു ചെയ്യാം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ അടക്കം, അംഗീകൃത വ്യാപാരികൾ വഴിയും ഇവ ലഭ്യമാക്കും. ഇന്ത്യ അടക്കം 30 രാജ്യങ്ങളിലുള്ളവർക്ക് സെപ്റ്റംബർ 9 മുതൽ ഓർഡർ ചെയ്യാം.

ഐഫോൺ 14 പ്ലസിന്റെ അധിക സ്‌ക്രീൻ വലുപ്പവും ക്യാമറാ പ്രകടനത്തിലുള്ള ചെറിയ വ്യത്യാസവും ഒഴിച്ചാൽ മുൻ വർഷത്തെ ഐഫോൺ 13 സീരീസിനെ അപേക്ഷിച്ച് വലിയ വ്യത്യാസം ഇല്ല എന്നതിനാൽ ഐഫോൺ 14 തന്നെ തിരഞ്ഞെടുക്കണമോ എന്ന കാര്യം തീർച്ചപ്പെടുത്തൽ അൽപം വിഷമമായിരിക്കും.