- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4ജിയുടെ 10 മടങ്ങ് ഇന്റർനെറ്റ് വേഗം; രണ്ടു വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ 5ജിയുടെ കീഴിലാകും; കേരളത്തിലെത്തുക അടുത്ത വർഷം: 4ജിയിൽ നിന്നും 5ജിയിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങി രാജ്യം
ന്യൂഡൽഹി: രാജ്യം 5 ജിയിലേക്ക് കടന്നിരിക്കുകയാണ്. 4ജിയുടെ 10 മടങ്ങ് ഇന്റർനെറ്റ് വേഗമാണ് 5ജിയിലേക്ക് ചുവടുമാറുമ്പോൾ ലഭിക്കുക എന്നതാണ് രാജ്യത്തിന് പുത്തൻ പ്രതീക്ഷ ഏകുന്നത്. രണ്ടു വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ 5ജിയുടെ കീഴിലാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 5ജി സേവനങ്ങൾ അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 ന്റെ ആറാമത് പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുത്ത നഗരങ്ങളിൽ അവതരിപ്പിക്കുന്ന 5ജി സേവനങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ കേരളത്തിലെത്തില്ല. കേരളത്തിൽ അടുത്ത വർഷമായിരിക്കും 5ജി ലഭിക്കുന്നത്. ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭിക്കുക. ദീപാവലിയോടെ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകും. ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക.
4ജിയുടെ 10 മടങ്ങ് ഇന്റർനെറ്റ് വേഗം 5ജിയിൽ പ്രതീക്ഷിക്കാം. ഇതിനായി 5ജി സൗകര്യമുള്ള ഫോൺ വേണം. രാജ്യമാകെ ലഭ്യമാകാൻ 2 വർഷമോ അതിലധികമോ എടുത്തേക്കും. നിരക്ക് വ്യക്തമായിട്ടില്ലെങ്കിലും 4ജിയേക്കാൾ 10-20% വർധന പ്രതീക്ഷിക്കാം. 4ജി നിരക്കിന്റെ തോത് അനുസരിച്ചാണെങ്കിൽ 5ജിക്കും ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയിൽ പ്രതീക്ഷിക്കാം.
'2014 ൽ ഒരു ജിബി ഡേറ്റയ്ക്ക് 300 രൂപയായിരുന്നെങ്കിൽ ഇന്നു 10 രൂപ മാത്രമാണ്. രാജ്യത്ത് വ്യക്തിയുടെ ശരാശരി ഇന്റർനെറ്റ് ഉപയോഗം മാസം 14 ജിബിയാണ്. അങ്ങനെ നോക്കുമ്പോൾ ചെലവ് 4200 രൂപയായിരുന്നത് 125150 രൂപയായി കുറഞ്ഞു.' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വേഗവും ശേഷിയും കൂടിയ റേഡിയോ തരംഗമാണ് 5ജി. ശേഷി കൂടുതലായതിനാൽ കൂടുതൽ ഡാറ്റ വഹിക്കാൻ 5ജിക്കാകും. ഇതോടെ ഡാറ്റ വേഗം വർദ്ധിക്കും. ഇതിന്റെ ഗുണം കേവലം മൊബൈലോ, കംപ്യൂട്ടറോ ഉപയോഗിക്കുന്നവർക്കല്ല ആകെമൊത്തം ജനജീവിതത്തിലും പ്രതിഫലിക്കും.
രാജ്യത്തെ എട്ടു നഗരങ്ങളിൽ ഇന്നു മുതലും 2024 ൽ രാജ്യമാകെയും എയർടെൽ 5 ജി ലഭ്യമാകും. 13 നഗരങ്ങളിലാണ് 5ജി ആദ്യം ലഭിക്കുക. ഇക്കൂട്ടത്തിൽ കേരളത്തിലെ നഗരങ്ങളൊന്നും ഇല്ല. അഹമ്മദാബാദ്, ബെംഗളുരു, ചണ്ഡിഗഢ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി എത്തുക. വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സെപ്ക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകുന്നതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5ജി രാജ്യത്തെ യുവാക്കൾക്ക് വലിയ അവസരങ്ങളാവും നൽകുക. രണ്ട് മണിക്കൂർ 20 സെക്കന്റ് നീളുന്ന ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ 4ജിയിൽ അത് 7 മിനുട്ട് മുതൽ 23 മണിക്കൂർ വരെയെടുക്കാം. എന്നാൽ 5ജിയിൽ ഇത് ആറ് സെക്കന്റ് മതി. മിന്നൽ വേഗത്തിലായിരിക്കും ഇന്റർനെറ്റിന്റെ പരക്കം പാച്ചിൽ. ഡടവ്യവസായ പുരോഗതിയിൽ 5ജി സേവനം വളരെ സഹായകമാകും.നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ ലളിതമായി ലഭിക്കുന്ന തരം വ്യവസായങ്ങൾ വളരാനും ഇത് കാരണമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, ഓട്ടോണമേഷൻ എന്നിവയുടെ സഹായത്തിൽ റോബോട്ടുകളെ ഉപയോഗിച്ച് ഭാരമേറിയതും അപകടകരവുമായ ജോലികൾ മനുഷ്യൻ ചെയ്യാതെതന്നെ തീർക്കുവാനും ഭാവിയിൽ കഴിയും.
2023 ഡിസംബറിൽ രാജ്യമെങ്ങും 5ജി ലഭിക്കുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനിയും പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുമെന്നും പ്രഖ്യാപനം. തടസമില്ലാത്ത കവറേജ്, ഉയർന്ന ഡേറ്റ നിരക്ക്, വിശ്വസനീയമായ ആശയ വിനിമയം, ഹൈ റെസലൂഷൻ വീഡിയോ സ്ട്രീമിങ് എന്നിവയാണ് 5ജി സാങ്കേതിക വിദ്യ മുന്നോട്ടു വയ്ക്കുന്ന സേവനങ്ങൾ.
മറുനാടന്‍ മലയാളി ബ്യൂറോ