- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയറർമാരെ കിട്ടാതെ ഇനി നഴ്സിങ് ഹോമുകൾ അടയില്ല; കെയറർ വിസയിലാരും യു കെയിലേക്ക് വരികയും വേണ്ട; റോബോട്ടുകളെ കെയറർമാരാക്കുന്ന സംവിധാനം വികസിപ്പിച്ചു; ക്യാമറയിലൂടെ എത്ര കെയറർമാരെ വേണമെങ്കിലും ഒരാൾക്ക് നിയന്ത്രിക്കാം
ലണ്ടൻ: സാങ്കേതിക വിദ്യയുടെ ലോകത്തു നിന്നും അടുത്തകാലത്ത് പുറത്തു വരുന്ന വാർത്തകൾ എല്ലാം തന്നെ ഒരു ഭാഗത്ത് ആശ്ചര്യം ജനിപ്പിക്കുമ്പോൾ മറുഭാഗത്ത് ആശങ്കയും വളർത്തുന്നതാണ്. ആധുനിക സാങ്കേതിക വിദ്യ കൈവരിക്കുന്ന നേട്ടങ്ങൾ എന്നും ആശ്ചര്യ ദായകമാണ്. അതേ സമയം, സാങ്കേതിക വിദ്യയുടെ ഈ വികാസം ഭാവിയിൽ മനുഷ്യരെ തൊഴിലില്ലാത്തവരാക്കിയേക്കുമെന്ന ഭയവും വരുന്നുണ്ട്.
അടുത്ത കാലത്ത് അമേരിക്കയിൽ മെക് ഡോണാൾഡ്സ്, മനുഷ്യരില്ലാത്ത ഒരു റെസ്റ്റോറന്റ് തുറന്നിരുന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നതും വിതരണം ചെയ്യുന്നതുമെല്ലാം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റോബോട്ടുകൾ വഴിയായിരുന്നു. ഇത്തരം സാങ്കേതിക വിദ്യകൾ പല മേഖലകളിൽ നിന്നും മനുഷ്യ തൊഴിലാളികളെ നീക്കം ചെയ്തേക്കുമെന്ന് അന്നു തന്നെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ആരോഗ്യ രംഗത്തും റോബോട്ട് എത്തുകയാണ്.
കെയറർ ഹോം അന്തേവാസികളുടെ കാര്യംശ്രദ്ധിക്കുവാനായിട്ടാണ് പുതിയ റോബോട്ടുകളെ തയ്യാർ ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം അതി തീവ്രമായി നേരിടുന്ന ഈ മേഖലയ്ക്ക് തീർച്ചയായും ഇതൊരു അനുഗ്രഹമാകും. എന്നാൽ, അതേസമയം ഈ മേഖലയിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന നിരവധി തൊഴിൽ സാധ്യതകൾ ഇത് ഇല്ലാതെയാക്കുകയും ചെയ്യും.
പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യപ്പെട്ട ഈ റോബോട്ടുകൾക്ക് അന്തേവാസികളെ പരിശോധിക്കുവാനും പരിപാലിക്കുവാനും കഴിയും. ഇത്തരത്തിലുള്ള നിരവധി റോബോട്ടുകളെ നിയന്ത്രിക്കാൻ കേവലം ഒരു മനുഷ്യൻ മതിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത. റോബോട്ടിന്റെ പ്രവർത്തങ്ങൾ ക്യാമറയിൽ തത്സമയം വീക്ഷിച്ചു കൊണ്ട് ഒരു മൊബൈൽ ആപ്പ് വഴി ഇവയെ നിയന്ത്രിക്കാൻ കഴിയും.
എയുലസ് റോബോട്ടിക്സ് എന്ന കമ്പനി രൂപ കല്പന ചെയ്ത ഈ റോബോട്ട് ഇപ്പോൾ ജപ്പാൻ, ഹോംഗ്കൊംഗ്, തായ്വാൻ എന്നീ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്നതായി കമ്പനി അവകാശപ്പെടുന്നു. ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നയു കെ കെയർ ഹോമുകളിലേക്കും ഇവരെത്തുകയാണ്, അവശരെ ശുശ്രൂഷിക്കുവാൻ.
ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന എല്ലാ ജോലികളും ഇതിനു ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ട് യന്ത്രക്കരങ്ങൾ ഉപയോഗിച്ച് ഇതിന് ഉപകരണങ്ങൾ എടുക്കുവാനും, ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുവാനും അതുപോലെ വാതിൽ തുറക്കുവാനും ഒക്കെ സാധിക്കും. 7 അടി ഉയരമുള്ള ഷെല്ഫിൽ നിന്നു വരെ ഇതിനു സാധനങ്ങൾ എടുക്കാൻ കഴിയും. അതുപോലെ ഭക്ഷണം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്യുന്നതിനായി ഈ കൈകളിൽ ട്രേ ഘടിപ്പിക്കുവാനും സാധിക്കും.
മറുനാടന്‍ ഡെസ്‌ക്