- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെയാണ് നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഷെയറിങ് കണ്ടുപിടിച്ച് അവസാനിപ്പിക്കുന്നത്: ഒരു വീട്ടിൽ തന്നെ ഒന്നിലധികം പേർ എങ്ങനെ ഉപയോഗിക്കും? നടപടി ക്രമങ്ങൾ വിശദീകരിച്ച് എഴുതിയത് ഡിലിറ്റ് ചെയ്ത് നെറ്റ്ഫ്ളിക്സ്
ലണ്ടൻ: കഴിഞ്ഞ ഏതാണ്ട് ഒരു വർഷത്തോളമായി ആഗോളാടിസ്ഥാനത്തിൽ തന്നെ പാസ്സ്വേർഡ് ഷെയറിങ് നിർത്തലാക്കുന്നതിനെ കുറിച്ച് നെറ്റ്ഫ്ളിക്സ് സൂചനകൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് 2022 മാർച്ചിൽ ചിലി, കോസ്റ്ററിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിൽ പെയ്ഡ് ഷെയറിങ് എന്ന പുതിയ ഫീച്ചർ അവർ ടെസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ പദ്ധതി അനുസരിച്ച്, അക്കൗണ്ട് ഉള്ള ആളുടെ പ്രധാന കുടുംബത്തിലൊഴിച്ച് വേറെ എവിടെ ഈ അക്കൗണ്ട് ഉപയോഗിക്കണമെങ്കിലും അധിക തുക നൽകേണ്ടതുണ്ട്.
അക്കൗണ്ട് വെരിഫിക്കേഷൻ, ഡിവൈസ് ബ്ലോക്കിങ് തുടങ്ങിയ രീതികൾ ഇതിൽ ഉപയോഗിച്ചു വന്നു. കഴിഞ്ഞ മാസമായിരുന്നു ഈ പദ്ധതി ആഗോളാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുകയാണെന്ന് കാട്ടി ഉപഭോക്താക്കൾക്ക് സന്ദേശം ലഭിച്ചത്. 100 മില്യണിലധികം കുടുംബങ്ങളിൽ പാസ്സ്വേർഡ് ഷെയറിങ് സാധാരണമായിരിക്കുന്നു എന്നും ഇത് കമ്പനിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപ സാദ്ധ്യതകളെ ഇല്ലാതാക്കുന്നു എന്നും അന്ന് കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, സേവനം മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സ് വിപുലപ്പെടുത്തുന്നതിനും ഇതുമൂലം കഴിയാതെ വരുന്നു എന്നും കമ്പനി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഉയരുവാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും മറ്റു സാങ്കേതിക വിശിദീകരണങ്ങളും അടങ്ങിയ ഒരു ഉള്ളടക്കം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ഏതാനും നിമിഷങ്ങൾക്കകം നെറ്റ്ഫ്ളിക്സ് ഡിലിറ്റ് ചെയ്യുകയായിരുന്നു. ചിലി, കോസ്റ്റോറിക്ക്, പെറു തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രം ബാധകമായ കാര്യമാണെന്നും അബദ്ധത്തിൽ അത് അമേരിക്കൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു എന്നുമാണ് നെറ്റ്ഫ്ളിക്സ് നൽകിയ ഔദ്യോഗിക വിശദീകരണം.
എന്നാൽ, ഇതിൽ പറയുന്നതനുസരിച്ച്, നിങ്ങളുടെ അക്കൗണ്ട്, നിങ്ങൾക്കൊപ്പം ഒരു വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമെ ഷെയർ ചെയ്യാൻ കഴിയുകയുള്ളു. അതുപോലെ, യാത്രയിലായിരിക്കുമ്പോഴോ, അല്ലെങ്കിൽ കുറച്ചുകാലം വീട്ടിൽ നിന്നും മാറി താമസിക്കുമ്പോഴോ നിങ്ങൾക്ക് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാൻ കഴിയും. എന്നാൽ നിങ്ങളുടെ പാസ്സ്വേർഡ് നിങ്ങളുടെ കുടുംബത്തിനു പുറത്തുള്ള ആരെങ്കിലുമായി പങ്കു വച്ചാൽ അത് നെറ്റ്ഫ്ളിക്സിന്റെ നിയമങ്ങൾക്ക് എതിരാവുകയാണ്.
എന്നാൽ ഇത് നെറ്റ്ഫ്ളിക്സിന് എങ്ങനെ കണ്ടെത്താൻ കഴിയും എന്നാണെങ്കിൽ, ഡിലിറ്റ് ചെയ്ത ഉള്ളടക്കത്തിൽ അതിനുള്ള വ്യക്തമായ ഉത്തരം നൽകിയിട്ടുണ്ട്. ഐ പി അഡ്രസുകൾ, ഡിവൈസ് ഐ ഡി, അതുപോലെ വിവിധ ഡിവൈസുകളിൽ നിന്നും നെറ്റ്ഫ്ളിക്സിലേക്ക് സൈൻ ഇൻ ചെയ്തപ്പോൾ നടത്തിയ അക്ടിവിറ്റികൾ എന്നിവയുടെ ഒരു സന്മലനമാണ് നിങ്ങൾ പാസ്സ്വേർഡ് ആരുമായി പങ്കുവച്ചു എന്ന് കണ്ടെത്താൻ നെറ്റ്ഫ്ളിക്സ് ഉപയോഗിക്കുന്നത്.
ഇതുവഴി നിങ്ങൾ പാസ്സ്വേർഡ് പങ്കുവച്ചിരിക്കുന്നത് നിങ്ങളുടെ കുടുംബത്തിനു പുറത്തുള്ള ആളുമായിട്ടോ എന്ന് നെറ്റ്ഫ്ളിക്സിന് മനസ്സിലാക്കാൻ സാധിക്കും. ചിലപ്പോൾ സൈൻ ഇൻ ചെയ്യാനായി ഉപയോഗിക്കുന്ന ഡിവൈസ് വെരിഫൈ ചെയ്യാൻ ആവശ്യപ്പെടും. ഇതിനായി ഒരു നാലക്ക് വെരിഫിക്കേഷൻ കോഡ് അക്കൗണ്ട് ഉടമയ്ക്ക് അയച്ചു നൽകും. ഈ മാർഗ്ഗങ്ങൾ തീർച്ചയായും ഫലപ്രദമാകും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. പാസ്സ്വേർഡ് ഷെയറിങ് ആവശ്യമാണെങ്കിൽ, അധികമായി എത്ര പണം നൽകേണ്ടി വരുമെന്ന കാര്യം പക്ഷെ നെറ്റ്ഫ്ളിക്സ് വ്യക്തമാക്കിയിട്ടില്ല.
മറുനാടന്‍ ഡെസ്‌ക്