-കൊച്ചി: പ്രധാനമന്ത്രിയോടുള്ള ഡിവൈഎഫ്ഐയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എഐ അവതാറിനെ അവതരിപ്പിച്ച് കോളമിസ്റ്റും, പാനലിസ്റ്റുമായ മിഥുൻ വിജയകുമാർ. ഡിവൈഎഫ്ഐയുടെ നൂറല്ല ആയിരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വേണ്ടിയാണ് എഐ അവതാറിനെ അവതരിപ്പത്. എഐ പാത്തു എന്ന അവതാറാണ് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുക.

ഏതൊരു വികസന പ്രവർത്തനത്തെയും എതിർക്കാനുള്ള ഇടതുപക്ഷത്തിന്റെ അനാവശ്യ നാടകീയതകൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രാഷ്ട്രീയത്തിൽ, മാന്യവും ക്രിയാത്മകവുമായ സംവാദങ്ങളിലൂടെ എതിരാളികളെ നേരിടുന്നതിന് പകരം മറ്റു രീതികളാണ് ഇവർ അവലംബിച്ചുവരുന്നത്. നമ്മൾ ഒരു ഡിജിറ്റൽ ലോകത്താണ് ജീവിക്കുന്നത്, അതുകൊണ്ട് എഐ മോഡൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുമെന്ന് മിഥുൻ വിജയകുമാർ പറഞ്ഞു.

മോദിയുടെ കാഴ്ചപ്പാടിനെയും വികസനത്തെയും തരംതാഴ്‌ത്തുക എന്ന ഉദ്ദേശത്തോടെയുള്ള ചോദ്യങ്ങൾ ഒരു വശത്ത് ഇടതുപക്ഷം ഉയർത്തുന്നു. വലതുപക്ഷ ചിന്താഗതിക്കാർക്കും രാഷ്ട്രീയക്കാർക്കും അവരുടെ സമയം മെച്ചപ്പെട്ട കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. 2014 മുതലുള്ള മോദിയുടെ എല്ലാ വിവരങ്ങളും അനുബന്ധ ഡാറ്റയും പൊതു ഇടത്തിൽ ലഭ്യമായതിനാൽ ഒരു എഐ അവതാരകന് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകും. അതിനാൽ നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ എഐ പാത്തു തയ്യാറാണ് എന്നും മിഥുൻ പറഞ്ഞു.

പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ നൂറു ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഡിവൈഎഫ്ഐ തെരുവോരങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് മിഥുൻ നിങ്ങളുടെ നൂറു മണ്ടൻ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാനെന്ന പേരിൽ എഐ പാത്തുവിനെ അവതരിപ്പിക്കുന്നത്. പിണറായി വിജയനോട് ചോദ്യം ചോദിക്കാൻ ധൈര്യം ഇല്ലാത്തവരാണ് ചോദ്യങ്ങളുമായി വരുന്നതെന്ന പരിഹാസത്തിലാണ് പാത്തു ഉത്തരം നൽകുക. നേരത്തെ ബിജെപി നേതാവ് സന്ദീപ് വചസ്പതി ഡിവൈഎഫ്ഐയുടെ ചോദ്യങ്ങളെ നേരിടാൻ തയ്യാറെന്ന് പ്രഖ്യാപിച്ചിരുന്നു. മലയാള, ദേശീയ മാധ്യമങ്ങളിലടക്കം പാനലിസ്റ്റാണ് മിഥുൻ വിജയകുമാർ. കോളമിസ്റ്റും എഴുത്തുകാരനുമായ മിഥുൻ പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതിയായ മൈ ഗവ് നു കീഴിലുള്ള ചില പ്രധാന സംരംഭങ്ങളുടെ ഭാഗമായിട്ടുണ്ട്.