- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വർഷത്തിനുള്ളിൽ 8.3കോടി നിലവിലുള്ള തൊഴിലുകൾ നഷ്ടപ്പെടുമ്പോൾ 6.9 കോടി പുതിയതരം ജോലികൾ ഉണ്ടായി വരും; ബാങ്കുകളിലേയും പോസ്റ്റ് ഓഫീസുകളിലേയും ജോലികൾക്കൊപ്പം അക്കൗണ്ടന്റ്മാരും സെക്രട്ടറിമാരും ഭീഷണിയിൽ
സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന വളർച്ച മനുഷ്യ ജീവിതം കൂടുതൽ സുഖകരവും ആയാസരഹിതവും ആക്കുന്നുണ്ടെങ്കിലും, മറ്റൊരു വിധത്തിൽ അത് മനുഷ്യകുലത്തിന് ഭീഷണിയാവുകയാണ്. വരുന്ന നാല് വർഷത്തിനിടയിൽ, സാങ്കേതിക വിദ്യയുടെ അഭൂതപൂർവ്വമായ വളർച്ച കാരണം ഏകദേശം 8.3 കോടി തൊഴിലുകൾ ഇല്ലാതെയാകുമെന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു.
ബാങ്ക് ജീവനക്കാർ, പോസ്റ്റൽ ക്ലർക്കുമാർ, കാഷ്യർമാർ, സെക്രട്ടറിമാർ തുടങ്ങി പല തൊഴിലുകളും ഭീഷണിയുടെ നിഴലിലാണ്. വേൾഡ് എക്കണോമിക് ഫോറമാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. അതേസമയം, ഇന്ന് നിലവിൽ ഇല്ലാത്ത 6.9 കോടി പുതിയ തൊഴിലുകൾ അന്ന് ഉണ്ടാകുമെന്നും ആ റിപ്പോർട്ടിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സസ്റ്റെയ്നബിലിറ്റി, റോബോട്ടിക്സ് മേഖലകളിലായിരിക്കും പുതിയ തൊഴിലുകൾ ഉണ്ടാവുക.
അതായത് അഞ്ചു വർഷം കഴിയുമ്പോൾ മൊത്തം തൊഴിലുകളുടെ എണ്ണത്തിൽ 1.4 കോടി തൊഴിലുകളുടെ കുറവുണ്ടാകും എന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിലവിലെ തൊഴിലുകളുടെ എണ്ണത്തിൽ നിന്നും 2 ശതമാനത്തിന്റെ കുറവുണ്ടാകും. ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിപരീത ദിശയിലുള്ള നീക്കം ഉണ്ടാകുന്നത് എന്നത് ലോകത്ത് തീർച്ചയായും ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ പറയുന്നു.
ബാക്ക് എൻഡ് ഓഫീസ് ജോലികൾ അപ്രത്യക്ഷമാകുമ്പോൾ ഗ്രീൻ ട്രാൻസിഷൻ, ഇ എസ് ജി സ്റ്റാൻഡേർഡ്സ്, വിതരണ ശൃംഖലയുടെ പ്രാദേശികവത്ക്കരണം(ലോക്കലൈസേഷൻ) എന്നീ മേഖലകളിൽ കൂടുതൽ ജോലി സാധ്യതകൾ ഉയർന്നു വരും. പണപ്പെരുപ്പം, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച എന്നിവയും, മനുഷ്യശക്തിക്ക് പകരമായി കൂടുതൽ മേഖലകളിൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ നിർബന്ധിതമാക്കും. ഇതും ഭാവിയിലെ തൊഴിൽ സാധ്യതകൾ ധാരാളമായി കുറയ്ക്കും.
കോവിഡ് പ്രതിസന്ധി കഴിഞ്ഞ മൂന്ന് വർഷക്കാലം പലരുടെ ജീവിതത്തിലും അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു എന്ന് പറഞ്ഞ ഏൾഡ് എക്കണോമിക് ഫോറം, വരും കാലങ്ങളിൽ അതുണ്ടാക്കുക, തൊഴിൽ മേഖലയിലെ പരിവർത്തനമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതിനെ മറികടക്കാൻ തൊഴിൽ മേഖലയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് തൊഴിൽ സൈന്യത്തെ തയ്യാറാക്കി എടുക്കുവാൻ ഭരണകൂടങ്ങൾ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചു.
മറുനാടന് ഡെസ്ക്