- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വാട്ട്സ്അപ്പിലൂടെയും റെസലൂഷൻ കൂടിയ ചിത്രങ്ങൾ അയയ്ക്കാം; 70 ശതമാനം വരെ ഓട്ടോമാറ്റിക് ആയി റെസൊലൂഷൻ കുറച്ച് അയയ്ക്കുന്ന രീതി അവസാനിപ്പിക്കാൻ മെറ്റ; വാട്ട്സ്അപ്പിൽ വരുന്ന മാറ്റങ്ങളും മറ്റ് പ്രധാന ആപ്പുകളും അറിയാം
ലോകത്തിൽ മനുഷ്യർക്കിടയിലെ അകലം കുറയ്ക്കുന്നതിൽ സുപ്രധാന പങ്കാണ് വാട്ട്സ്അപ് നിർവഹിക്കുന്നത്. ആഘോഷമായാലും അനുഷ്ഠാനമായാലും, ഉടനടി തന്നെ ലോകത്തിന്റെ ഏത് കോണിലുമിരിക്കുന്ന സുഹൃത്തുക്കൾക്കും അതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും എത്തിക്കാൻ സഹായിക്കുന്ന വാട്ട്സ്അപ് അങ്ങനെ ബന്ധങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നുമുണ്ട്. എന്നാൽ, ലഭിക്കുന്ന ചിത്രങ്ങൾ പലപ്പോഴും അവ്യക്തമായിരിക്കും.
ചിത്രങ്ങളുടെ റെസൊലൂഷ്യൻ ഓട്ടോമാറ്റിക് ആയി കുറയ്ക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. എന്നാൽ, ആ നാളുകൾക്ക് ഒരു അറുതി വരാൻ പോവുകയാണ്. ഉയർന്ന റെസൊലൂഷൻ ഉള്ള ചിത്രങ്ങൾ വാട്ട്സ്അപിലൂടെ അയയ്ക്കുന്നതിനുള്ള പരീക്ഷണങ്ങൾ മെറ്റ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഉപഭോക്താക്കളുടെ 'യൂസർ എക്സ്പീരിയൻസ്' മെച്ചപ്പെടുത്തുന്ന ഈ പുതിയ സംവിധാനം ചില ബീറ്റ ടെസ്റ്റർമാർക്ക് ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ നിങ്ങൾ അയയ്ക്കുന്ന ചിത്രങ്ങളുടെ 70 ശതമാനം വരെ റെസൊലൂഷൻ ഓട്ടോമാറ്റിക് ആയി കുറച്ചിട്ടാണ് വാട്ട്സ്അപ് അത് സ്വീകർത്താവിന് കൈമാറുന്നത്. ഇത് ഡാറ്റാ ഷെയറിങ് വേഗത്തിലാക്കുമെങ്കിലും, അന്തിമമായി ഉപഭോക്താവിന് സമ്മാനിക്കുക അതൃപ്തി മാത്രമായിരിക്കും. എന്നാൽ വാട്ട്സ്അപിന്റെ ബീറ്റ വേർഷനിൽ നിങ്ങൾ അയയ്ക്കുന്ന ചിത്രങ്ങളുടെ റെസൊലൂഷൻ ക്രമീകരിക്കുന്നതിനുള്ള സംവിധാനമുണ്ട്. ഈ വാർത്ത പുറത്തുവിട്ട ഡബ്ല്യൂ എ ബീറ്റ ഇൻഫോ അതിന്റെ സ്‌ക്രീൻഷോട്ടും പുറത്ത് വിട്ടിട്ടുണ്ട്.
ഡിഫോൾട്ട് ആയി ഫോട്ടോകൾ അയയ്ക്കുക സാധാരണ രീതിയിൽ ആയിരിക്കും. എന്നാൽ, ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ എച്ച് ഡി ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയും. എന്നിരുന്നാലും ചിത്രങ്ങൾ അതിന്റെ യഥാർത്ഥ റെസൊലൂഷനിൽ അയയ്ക്കാൻ സാധിച്ചേക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറിയ അളവിലുള്ള കമ്പ്രഷൻ ഉണ്ടാകും.
പുതിയ ഫീച്ചർ വന്നിട്ടും നിങ്ങൾക്ക് വാട്ട്സ്ആപ് ഉപയോഗത്തിൽ തൃപ്തി വന്നില്ലെങ്കിൽ, അതിനു പകരം ഉപയോഗിക്കാവുന്ന മറ്റു പല ആപ്പുകളും ഉണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ടെലെഗ്രാം ആണ്. വാട്ട്സ്അപിൽ നിന്നും ഇതിനെ തീർത്തും വ്യത്യസ്തമാക്കുന്നത്, ഒരു നിശ്ചിത സമയ പരിധികഴിഞ്ഞാൽ, ഒരു തെളിവുമില്ലാത്ത രീതിയിൽ സന്ദേശങ്ങൾ നീക്കം ചെയ്യപ്പെടും എന്നതാണ്. വാട്ട്സ്അപിനെ പോലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെലെഗ്രാമും നൽകുന്നു.
എന്നാൽ, എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെലഗ്രാം ഡിഫോൾട്ടായി നൽകുന്നില്ലെന്നും അതിനാൽ തന്നെ വാട്ട്സ്അപ്പിനോളം സുരക്ഷ അതിനില്ലെന്നും വാദിക്കുന്നവരും ഉണ്ട്. മറ്റൊന്ന് സിഗ്‌നൽ ആണ്. ഒരു ഓപ്പൺ സോഴ്സ് മെസേജിങ് ആപ്പ് ആയ ഇതിന്റെ കോഡുകൾ പരസ്യമായി കാണാൻ കഴിയുന്നതാണ്. അതുകൊണ്ടു തന്നെ ആപ്പ് സ്രഷ്ടാക്കൾക്ക് പിൻവാതിലിലൂടെ കയറി ഹാക്ക് ചെയ്യാനോ മറ്റൊ കഴിയില്ല.
ആപ്പിൾ ഉപയോക്താക്കൾക്ക് മാത്രമായുള്ള ഐ മെസേജ് ആണ് വാട്ട്സ്അപിന് ബദലായി ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പ്. അതിനു ബദലായി ആൻഡ്രോയിഡിൽ മാത്രം ഉപയോഗിക്കാവുന്ന ഗൂഗിൾ മെസ്സേജസും ഉണ്ട്. ഫേസ്‌ബുക്ക് മെസഞ്ചറും നിരവധി പേർ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ്.
മറുനാടന്‍ ഡെസ്‌ക്