നുഷ്യൻ ആധുനികതയുടെ ഏണിപ്പടികൾ കയറുമ്പോൾ, പ്രകൃതി വിധേയമാകുന്നത് സാവധാനത്തിലുള്ള മരണത്തിന്. കഴിഞ്ഞ 25 വർഷക്കാലം കൊണ്ട് അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകിയൊലിച്ച് സമുദ്രത്തിൽ കലർന്നത് 7.5 ട്രില്യൻ ടൺ ജലം എന്ന് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം ഉപഗ്രഹ ചിത്രങ്ങളും, റഡാർ ചിത്രങ്ങളും വിശകലനം ചെയ്ത് യൂണിവേഴ്സിറ്റി ഓർ ലീഡിസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഭൂഖണ്ഡത്തിലെ മഞ്ഞുപാളികൾ തുടർച്ചയായി ഉരുകിയൊലിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. 1977 നും 2021 നും ഇടയിലായി 40 ശതമാനത്തോളം പാളികൾ ഉരുകിക്കഴിഞ്ഞെന്നും ഇവർ കണ്ടെത്തി.

ഇക്കാലയളവിൽ ചില പുതിയ മഞ്ഞുപാളികൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും, മൂന്നിലൊന്ന് പാളികൾക്ക് അവയുടെ യഥാർത്ഥ പിണ്ഡത്തിന്റെ 30 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. വലിയൊരു അളവ് ശുദ്ധജലമാണ് ഇതുവഴി കടലിൽ എത്തിച്ചേർന്നിരിക്കുന്നത്. അമിതമായ അളവിൽ ശുദ്ധജലം കടലിൽ കയറുന്നത് സമുദ്രജല പ്രവാഹങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും ആഗോളാടിസ്ഥാനത്തിൽ തന്നെ സമുദ്രജലനിരപ്പ് ഉയരുന്നതിന് കാരണമായേക്കാം എന്നും ശാസ്ത്രജ്ഞർ ഭയക്കുന്നു.

മാത്രമല്ല, മനുഷ്യ നിർമ്മിതമായ ഈ കാലാവസ്ഥാ വ്യതിയാനം മൂലം ഭാവിയിൽ മഞ്ഞുരുകുന്നത് ഇനിയും വേഗത്തിലാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഭൂഖണ്ഡത്തിന്റെ കിഴക്കൻ തീരങ്ങളിലെ മഞ്ഞുപാളികളിൽ മിക്കവയും ഉരുകലിന് വിധേയമായെങ്കിൽ, പടിഞ്ഞാറൻ തീരങ്ങളിലെ പാളികൾ, ഏതാണ് അവയുടെ യഥാർത്ഥ വലിപ്പത്തിൽ തന്നെ തുടരുകയോ, കുറച്ചു കൂടി വലുതാവുകയോ ചെയ്തിട്ടുണ്ട് എന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. അന്റാർട്ടിക്കയെ ചുറ്റിയുള്ള സമുദ്രജലപ്രവാഹങ്ങളുടെ സ്വഭാവ സവിശേഷതയാണ് ഇതിന് കാരണമെന്നും അവർ പറയുന്നു. വ്യത്യസ്ത താപനിലകളിലുള്ള ജല പ്രവാഹങ്ങള്ളണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണം.

മൊത്തത്തിൽ, 1975 മുതൽ 59 ട്രില്യൻ ജലമാണ് ഭൂഖണ്ഡത്തിലെ മഞ്ഞുപാളികളോട് കൂടിച്ചേർന്നിട്ടുള്ളത്. അതേസമയം 67 ട്രില്യൻ ജലം നഷ്ടപ്പെടുകയും ചെയ്തു. ഇതിൽ ഗെറ്റ്സ് മഞ്ഞുപാളിയിലാണ് ഏറ്റവുമധികം നഷ്ടമുണ്ടായിരിക്കുന്നത്. 1.9 ട്രില്യൻ ടൺ ജലമാണ് ഇവിടെ നഷ്ടമായിരിക്കുന്നത്. ഒരു ട്രില്യൻ ടണിന്റെ ഐസ് 10 കിലോമീറ്റർ വീതം നീളവും വീതിയും ഉയരവും ഉള്ള ഐസ് രൂപപ്പെടുത്തും എന്ന് പറയുമ്പോഴാണ് നഷ്ടപ്പെട്ട ജലത്തിന്റെ വ്യാപ്തി പൂർണ്ണമായും മനസ്സിലാവുക.

നഷ്ടമായതിൽ 95 ശതമാനവും ഉരുകിയൊലിച്ചു പോയതാണ്. 5 ശതമാനം മഞ്ഞു കട്ടകൾ അടർന്ന് പോയിട്ടുമുണ്ട്. അതേസമയം അന്റാർട്ടിക്കയുടെ മറുഭാഗത്തുള്ള ആമെറി മഞ്ഞുപാളിൽ 1.2 ട്രില്യൻ ഐസ് കൂട്ടിചേർത്തപ്പെട്ടിട്ടുണ്ട്. ആ ഭാഗത്തെ ശീതജല പ്രവാഹമാണ് അതിന് കാരണമായിരിക്കുന്നത്.