- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാംക്ഷയോടെ രാജ്യം! ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം ശനിയാഴ്ച; യാത്ര റദ്ദാക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കും
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ 'ഗഗൻയാൻ' ദൗത്യത്തിന്റെ നിർണായക പരീക്ഷണം ശനിയാഴ്ച. ഗഗൻയാന്റെ വിക്ഷേപണംമുതൽ ബഹിരാകാശത്ത് എത്തുന്നതുവരെ അപകട സാധ്യതയുണ്ട്.. ഇത് മുൻകൂട്ടിക്കണ്ട് സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനാകുമെന്ന് ഉറപ്പുവരുത്താനുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടി.വി-ഡി.1) എന്ന പരീക്ഷണമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) നടത്തുന്നത്.
ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ (സി.ഇ.എസ്.) ആദ്യ പരീക്ഷണമാണ് ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നാണ് പരീക്ഷണ വിക്ഷേപണം നടക്കുക. വിജയകരമായി പൂർത്തിയാക്കിയാൽ ഗഗൻയാൻ ദൗത്യത്തിന്റെ തുടർനടപടികൾക്ക് ഐ.എസ്.ആർ.ഒ.യ്ക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.
വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ടിവിഡി1 പരീക്ഷണം, ദൗത്യത്തിലെ പ്രധാന നാഴികക്കല്ലായാണ് ഐഎസ്ആർഒ കണക്കാക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണം കൂടിയാണിത്.
യാത്രികരെ കയറ്റാൻ ഉപയോഗിക്കുന്ന ക്രൂ മൊഡ്യൂൾ (സിഎം), അപകടമുണ്ടായാൽ യാത്രക്കാരെ രക്ഷിക്കാൻ വളരെവേഗം പ്രവർത്തനം തുടങ്ങുന്ന ഖര മോട്ടറോടു കൂടിയ ക്രൂ എസ്കേപ് സിസ്റ്റം (സിഇഎസ്), ക്രൂ മൊഡ്യൂൾ ഫെയറിങ്, ഇന്റർഫേസ് അഡാപ്ടറുകൾ എന്നീ ഉപകരണങ്ങളുമായാണ് പരീക്ഷണ വിക്ഷേപണം.
ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണമാണ് ശനിയാഴ്ച രാവിലെ നടക്കുന്നത്. മനുഷ്യ സംഘത്തെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണു ഗഗൻയാൻ ദൗത്യം. പരീക്ഷണം പൂർത്തിയാക്കി അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്ത് അയയ്ക്കുകയാണു ലക്ഷ്യം.
ഓഗസ്റ്റ് 23നു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3, ഒന്നര ആഴ്ചയ്ക്കു ശേഷം സൂര്യനെ നേരിട്ടു നിരീക്ഷിക്കുന്നതിനുള്ള ആദിത്യ എൽ1 വിക്ഷേപണം എന്നിങ്ങനെ ഒരുപിടി വിജയകരമായ ദൗത്യങ്ങൾക്കു ശേഷമാണ് ഐഎസ്ആർഒ ഗഗൻയാൻ പരീക്ഷണ ദൗത്യത്തിന് ഒരുങ്ങുന്നത്. ഈ വർഷം ഇതുവരെ ഏഴ് വിക്ഷേപണങ്ങളാണ് ഐഎസ്ആർഒ നടത്തിയത്; അവയെല്ലാം വിജയവുമായിരുന്നു.
മനുഷ്യയാത്രയ്ക്കു യോജിച്ച വിധം പരിഷ്കരിച്ച എൽവി എം 3 റോക്കറ്റ് ഉപയോഗിച്ചാണു ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുന്നത്. എന്നാൽ, ടിവിഡി1 പരീക്ഷണത്തിൽ ജിഎസ്എൽവി വിക്ഷേപണ വാഹനത്തിന്റെ സ്ട്രാപ്ഓൺ ലിക്വിഡ് മോട്ടറുകളിൽ (എൽ40) ഒരെണ്ണം ഉപയോഗിച്ചാണ് വിക്ഷേപണം ഈ റോക്കറ്റിൽ ബഹിരാകാശ യാത്രികരെ കയറ്റുന്ന ക്രൂ മൊഡ്യൂളിന്റെ മാതൃകയും ക്രൂ എസ്കേപ് സിസ്റ്റം ഉൾപ്പെടെയുള്ള മറ്റു ഘടകങ്ങളും ഉണ്ടാകും. ക്രൂ എസ്കേപ് സിസ്റ്റം ഉപയോഗിച്ചാണ് ഉപേക്ഷിക്കുന്ന റോക്കറ്റിൽ നിന്ന് ക്രൂ മൊഡ്യൂളിനെ വേർപെടുത്തി ഭൂമിയിലെ നിശ്ചിത സ്ഥാനത്ത് സുരക്ഷിതമായി ഇറക്കുക.
ടിവിഡി1 പരീക്ഷണത്തിൽ ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപണം കഴിഞ്ഞാൽ അന്തരീക്ഷത്തിൽ 17 കിലോമീറ്റർ മുകളിലേക്കു ക്രൂ മൊഡ്യൂളിനെ റോക്കറ്റ് എത്തിക്കും. ശബ്ദത്തിന്റെ വേഗത്തിലാകും ഈ റോക്കറ്റിന്റെ കുതിപ്പ്. 17 കിലോമീറ്റർ ഉയരത്തിൽ ക്രൂ എസ്കേപ് സിസ്റ്റം പ്രവർത്തിക്കുകയും ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നു വേർപെടുകയും ചെയ്യും. ഉടൻ പാരഷൂട്ടുകൾ വിടരും. അങ്ങനെ കരയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാകും മൊഡ്യൂൾ പതിക്കുക. പരിശീലനം ലഭിച്ച നാവിക സേനയുടെ ഡൈവിങ് സംഘം അവിടെനിന്ന് ക്രൂ മൊഡ്യൂൾ വീണ്ടെടുത്ത് കപ്പലിൽ എത്തിക്കും.
ശനിയാഴ്ച നടക്കുന്ന പരീക്ഷണത്തിനു പിന്നാലെ 3 പരീക്ഷണവാഹന ദൗത്യങ്ങൾ കൂടി നടത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കിയത്. യാത്ര റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണദൗത്യമാണ് (ടിവി-ഡി1) 21ന് നടക്കുക. പ്രത്യേക വിക്ഷേപണവാഹനത്തിൽ 17 കിലോമീറ്റർ ഉയരെ എത്തിക്കുന്ന ക്രൂ മൊഡ്യൂൾ ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിൽ ഇറക്കും. തുടർന്ന് സുരക്ഷിതമായി കരയിലെത്തിക്കും. ഡി2, ഡി3, ഡി4 എന്നിങ്ങനെ 3 പരീക്ഷണ ദൗത്യങ്ങൾ കൂടി പിന്നാലെ നടത്തും.
ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാർഥ ഗഗൻയാൻ ദൗത്യത്തിന്റെ സാഹചര്യങ്ങൾ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗൻയാൻ ദൗത്യം 2024 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുമെന്നു സൂചന. യഥാർഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്. അതിനു മുൻപ് യഥാർഥ ക്രൂ മൊഡ്യൂളിന്റെ ഭാരവും വലുപ്പവുമുള്ള ക്രൂമൊഡ്യൂൾ ഹെലികോപ്റ്ററിൽ നിശ്ചിത ഉയരത്തിലെത്തിച്ച ശേഷം താഴേക്കിടുന്ന ഇന്റഗ്രേറ്റഡ് എയർ ഡ്രോപ് പരീക്ഷണങ്ങൾ, പലഘട്ടങ്ങളിലായുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനുകൾ എന്നിവയും നടക്കും.
യാത്രികരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ വിവിധ പരീക്ഷണങ്ങൾ പൂർത്തിയായ ശേഷം, മനുഷ്യർ ഇല്ലാതെ ഒരു ഗഗൻയാൻ ദൗത്യം നടത്തും. അതിൽ 'വ്യോമമിത്ര' എന്ന സ്ത്രീ റോബട്ട് ഉണ്ടാകും. ഈ പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കി അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്ത് അയയ്ക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം.
ബഹിരാകാശ യാത്രികരെ ഭൂനിരപ്പിൽ നിന്ന് ഏതാണ്ട് 400 കിലോമീറ്റർ അകലെയെത്തിക്കുക. ഒരാഴ്ചത്തെ വാസത്തിനുശേഷം സുരക്ഷിതമായി ബംഗാൾ ഉൾക്കടലിന്റെ ആഴപ്പരപ്പിൽ ഇറക്കുക. കേൾക്കുമ്പോൾ നിസാരമെന്നു തോന്നുന്ന എന്നാൽ അതിസങ്കീർണവും സാഹസികവുമായ ദൗത്യമാണു ഗഗൻയാൻ. സങ്കീർണായ സാങ്കേതികവിദ്യകളുടെ വികസനമാണ് പദ്ധതി ഇത്രയും നീളുന്നതിന്റെ പിറകിൽ.
മിക്ക സാങ്കേതിക വിദ്യകളും സ്വയം വികസിപ്പിച്ചെടുത്താണ് ഇസ്റ ലക്ഷ്യത്തിന്റെ ഏതാണ്ട് അടുത്ത് എത്തിനിൽക്കുന്നത്. ഉപഗ്രഹ വിക്ഷേപണത്തിനായി രൂപകൽപന ചെയ്ത എൽ.വി എം ത്രീ റോക്കറ്റിനെ മനുഷ്യനെ വഹിക്കാൻ കഴിയുന്ന വിധം റീഡിസൈൻ ചെയ്യുക. റോക്കറ്റിനകത്ത് ജീവൻ നിലനിർത്താൻ ആവശ്യമായ ലൈഫ് സപ്പോർട്ട് സിസ്റ്റം വികസിപ്പിക്കുക. അടിയന്തര സാഹചര്യങ്ങളിൽ യാത്രികരെ റോക്കറ്റിൽ നിന്നു രക്ഷിച്ച് പുറത്തെത്തിക്കാനുള്ള ക്രൂ മൊഡ്യൂൾ ഇജക്ഷൻ സംവിധാനമൊരുക്കുക. യാത്രികർക്കുള്ള പരിശീലനം , അവർക്കുവേണ്ട ഭക്ഷണം, തിരിച്ചെത്തിയതിനു ശേഷമുള്ള പുനരധിവാസം എന്നിവയെല്ലാം ഒരുക്കിയശേഷമാണു നിർണായ പരീക്ഷമായ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനിലേക്ക് കടക്കുന്നത്.
മൈക്രോ ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട നാലു ബയോമെഡിക്കൽ പരീക്ഷണവും 3 ഫിസിക്കൽ സയൻസ് പരീക്ഷണവുമാണ് ഗഗൻയാനിലെ യാത്രികർ ബഹിരാകാശത്തിരുന്നു ചെയ്യുക. തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്, ബെംഗളുരുവിലെ ജവഹർലാൽ നെഹ്റു അഡ്വാൻസ്ഡ് സയന്റിഫ്ക് റിസേർച്ച് തുടങ്ങി രാജ്യത്തെ എണ്ണം പറഞ്ഞ ഗവേഷണ സ്ഥാപനങ്ങളാണു ഗഗൻയാനിലെ പേലോഡുകൾ വികസിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
മറുനാടന് ഡെസ്ക്