നൂറ്റാണ്ട് പൂർത്തിയാകുന്ന 2100-ൽ മനുഷ്യർ ജീവിക്കുക ഭൂഗർഭ നഗരങ്ങളിൽ ആയിരിക്കും. സ്വന്തം ചിന്താശക്തിക്ക് അപ്രാപ്യമെന്ന് തോന്നുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആശ്രയിക്കുക നിർമ്മിത ബുദ്ധിയിൽ തീർത്ത മാർഗ്ഗദർശ്ശികളെയും. ഇതൊരു സി ഫൈ സിനിമയുടെ തിരക്കഥയല്ല, ലോകത്തിന്റെ ഭാവിയെ കുറിച്ച് വിദഗ്ദ്ധർ നടത്തിയ പ്രവചനങ്ങളാണ്. ഡെയ്ലി മെയിലുമായി സംസാരിക്കുന്നതിനിടയിലാണ് വിദഗ്ദ്ധർ ലോകത്തിന്റെ ഭാവിയെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വച്ചത്.

പുഷ്ഫാർ സഹസ്ഥാപകനും സി ഇ ഒയുമായ എഡ് ജോൺസൺ പറഞ്ഞത് 2100-ൽ നമ്മുടെ ജീവിതം സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രമല്ല ആയിരിക്കുക മറിച്ച്, ജീവിതം ചിട്ടപ്പെടുത്തുന്നതും, മുൻപോട്ട് കൊണ്ടുപോകുന്നതും, അതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതുമെല്ലാം സാങ്കേതിക വിദ്യ ആയിരിക്കുമെന്നാണ്. അഞ്ച് പ്രധാന ഇടങ്ങളിലായിരിക്കും സാങ്കേതിക വിദ്യ ജീവിതത്തെ മാറ്റിമറിക്കുക എന്നും അദ്ദേഹം പറയുന്നു.

അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമുക്കിടയിൽ, നമ്മോടൊപ്പം ഡിജിറ്റൽ സുഹൃത്തുക്കളും ജീവിക്കും എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഹ്യുമനോയ്ഡ് റോബോട്ടുകൾ നമ്മളിലൊരാളായി നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മളുമായി സൗഹാർദ്ദം പങ്കുവയ്ക്കുന്നതിനൊപ്പം അവർ ശസ്ത്രക്രിയ പോലുള്ള കാര്യങ്ങളും നിർവ്വഹിക്കും. ഡിജിറ്റൽ മനുഷ്യർക്ക്, നിർദ്ദേശങ്ങൾ ലഭിക്കാതെയും പരിശീലനം നടത്താതെയും മനുഷ്യരുടെ ഒരുവക സഹായവുമില്ലാതെയും പ്രവർത്തിക്കാൻ തക്കവണ്ണം സാങ്കേതിക വിദ്യ വളർന്ന് വികസിക്കും എന്നാണ് സം വിവാസ് സഹസ്ഥാപകനും സി ഇ ഒയുമായ റോബ് സിംസ് പറയുന്നത്.

ഒരു സഹായിയായും, ഗുരുവായും, സുഹൃത്തായുമൊക്കെ ഡിജിറ്റൽ മനുഷ്യർ നമുക്കൊപ്പം ജീവിക്കും. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിവാക്കാൻ ആകാത്ത ഒന്നായി മാറും ഇവരുടെ സാന്നിദ്ധ്യം. വീടുകളിലെ മാലിന്യങ്ങൾ പുറത്തു കളയുക, വസ്ത്രങ്ങൾ അലക്കുക എന്നിവ തുടങ്ങി, അദ്ധ്യാപനം മസ്തിഷ്‌ക ശസ്ത്രക്രിയ എന്നിവ പോലുള്ള ഉത്തരവാദിത്തങ്ങളും എ ഐ എനേബ്ല്ഡ് ഡിജിറ്റൽ മനുഷ്യർ അല്ലെങ്കിൽ റോബോട്ടിക് ഹ്യൂമനോയ്ഡുകൾ ചെയ്യും. അന്നത്തെ ആധുനിക സമൂഹത്തിൽ ഒറ്റപ്പെട്ടു പോകാതിരിക്കാൻ മനുഷ്യരും ഈ സാങ്കേതിക വികാസത്തിനൊപ്പം വികാസം പ്രാപിക്കേണ്ടതായി വരും എന്നും അദ്ദേഹം പറയുന്നു.

മനുഷ്യരുടെ തൊഴിൽ മേഖല ഉൾപ്പടെ അവൻ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്ന മാർഗ്ഗദർശിയായിരിക്കും 2100 ൽ നിർമ്മിതബുദ്ധിയിൽ അടിസ്ഥിതമായ മെന്റർമാർ എന്ന് പുഷ്ഫാർ സി ഇ ഒ എഡ് ജോൺസൺ പറയുന്നു. ഈ ഐ ഇ മെന്റർമാർക്ക് ക്വാണ്ടം കമ്പ്യുട്ടിംഗിന്റെ പവർ കൂടെയുണ്ടാകും. ഒന്ന് കണ്ണടച്ചു തുറക്കുന്ന വേഗതയിൽ അനന്തമായ സാധ്യതകൾ പ്രൊസസ്സ് ചെയ്യാൻ കഴിയും. അവരോട് ഒരു ചോദ്യം ചോദിച്ചാൽ, അതിന്റെ ഉത്തരം നൽകുക മാത്രമല്ല, മറിച്ച് അതിനുള്ള വഴികൾ, സാധ്യതകൾ, അനന്തരഫലങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ എന്നു തുടങ്ങി അതുമായി ബന്ധപ്പെട്ട ഏതൊരു മേഖലയും അവർ വിവരിച്ചു തരും.

നിങ്ങൾ എന്ത് ചെയ്യണം എന്ന് ആലൊചിക്കേണ്ട സാഹചര്യമെ വരുന്നില്ല. നിങ്ങളുടെ എ ഐ മെന്റർ നിങ്ങൾക്കായി ജോലികൾ ചെയ്ത് എല്ലാ വിവരവും നിങ്ങൾക്ക് കൈമാറും. നിങ്ങൾ ചെയ്യേണ്ടത് അന്തിമ തീരുമാനം എടുക്കുക മാത്രം. ഭാവിയിലേക്ക് സീറ്റ് ബെൽറ്റ് മുറുക്കുക എന്നത് കേവലം സാങ്കേതിക വിദ്യയുടെ ഭാവിയെ കുറിച്ചുള്ള ആഹ്വാനം മാത്രമല്ല, മറിച്ച് മനുഷ്യന്റെ സത്തയ്ക്കും സിലിക്കോൺ ആത്മാവിനും ഇടയിലുള്ള താളലയങ്ങൾ ഇഴകോർക്കുന്നതിനുള്ള തയ്യാറെടുപ്പു കൂടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

2100 ആകുമ്പോഴേക്കും ഭൗമോപരിതലത്തിന്റെ വില താങ്ങാനാകാതെ വരും. അതോടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഭൂഗർഭ നഗരങ്ങൾ ഉടലെടുക്കും. റോബോട്ടുകൾ ഭൂഗർഭ തുരങ്കങ്ങൾ തീർക്കും. സർവേയർമാർ ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ പുതിയ ആവാസകേന്ദ്രങ്ങളും കെട്ടിടങ്ങളും മറ്റും ഭൂപടങ്ങളായി രേഖപ്പെടുത്തും, റോബോട്ടിക്സ് സ്ഥാലനമായ ഹൈപ്പർ ടണലിലെ സ്റ്റീവ് ജോർഡാൻ പറയുന്നു.

ഡീപ് ഫേക്കുകൾ വർദ്ധിച്ച്, അസ്സൽ ഏത് വ്യാജൻ ഏത് എന്ന് തിരിച്ചറിയാവുന്നതോടെ ക്യാമറ നിർമ്മാതാക്കൾ ഡിജിറ്റൽ വാട്ടർമാർക്കുകൾ അതിൽ ഉൾക്കൊള്ളിക്കണമെന്ന് ഭരണകൂടങ്ങൾ നിഷ്‌കർഷിക്കും എന്നാണ് സുരക്ഷാ സ്ഥാപനമായ സെക്റ്റിഗോയിലെ ചീഫ് എക്സ്പീരിയൻസ് ഓഫീസർ ടിം കല്ലൻ പറയുന്നത്. ഡീപ് ഫേക്ക് ടെക്നോളജി അതിവേഗം വളരുന്നതിനൽ, ഡിജിറ്റൽ രേഖകളുടെ വിശ്വാസ്യത തകരുന്ന ഒരു കാലം വരും എന്നും അദ്ദേഹം പറയുന്നു.

വർത്തമാന കാലത്തിൽ തന്നെ നിതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടതുൾപ്പടെ നിരവധി മേഖലകളിൽ ഡിജിറ്റൽ രേഖകൾക്ക് അതീവ പ്രാധാന്യം നൽകുന്നുണ്ട്. അത് ഇനിയും വർദ്ധിച്ചു വരും അപ്പോൾ അവയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് ഒരു അത്യാവശ്യമായി മാറും. 2100 ആകുമ്പോഴേക്കും എല്ലാത്തരത്തിലുള്ള ഡിജിറ്റൽ റെക്കോർഡിങ് ഉപകരണങ്ങൾക്കും ബില്റ്റ്-ഇൻ എൻക്രിപ്റ്റഡ് ടൈം സ്റ്റാമ്പ് ഉണ്ടായിരിക്കും. ഇത് ഒരു വാട്ടർമാർക്കായി പ്രവർത്തിക്കും.അങ്ങനെ ഡിജിറ്റൽ രേഖകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പൂർണ്ണ ചുമതല ഏ ഐ മെന്റർമാർ ഏറ്റെടുക്കും വെർച്വൽ റിയാലിറ്റി ഉപയോഗിച്ചായിരിക്കും പാഠങ്ങൾ പഠിപ്പിക്കുക. കുട്ടികൾ സമയത്തിലൂടെ സഞ്ചരിക്കും, വിദ്യാഭ്യാസ കമ്പനിയായ കബുനിയുടെ സ്ഥാപകനും സി ഇ ഒയുമായ നിമേഷ പട്ടേൽ പറയുന്നു. ഇഷ്ടികയും സിമെന്റും ഉപയോഗിച്ച് നിർമ്മിച്ച സ്‌കൂളുകൾ അപ്രത്യക്ഷമാകും. പകരം വെർച്വൽ സ്‌കൂളുകളാകും ഉണ്ടാവുക. അദ്ധ്യാപകരായി അവതാറുകളും.