- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം 5 ജി യുഗത്തിലേക്ക്; അതിവേഗ ഇന്റർനെറ്റ് വിപ്ലവമായ അഞ്ചാം തലമുറ ടെലികോം സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു; ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക ഡൽഹി അടക്കം നാല് നഗരങ്ങളിൽ
ന്യൂഡൽഹി:രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ന്യൂഡൽഹി പ്രഗതി മൈതാനിലാരംഭിച്ച ആറാമത് ഇന്ത്യൻ മൊബൈൽ കോൺഫറൻസിന്റെ വേദിയിലായിരുന്നു രാജ്യം 5 ജിയിലേക്ക് കടക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. തുടക്കത്തിൽ, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം ലഭ്യമാകുക. രണ്ടു വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ 5 ജി സേവനം വ്യാപിപ്പിക്കാനാണ് ടെലികോം മന്ത്രാലയം ലക്ഷ്യമിടുന്നത്.
എപ്രിൽ-മെയ് മാസങ്ങളിലായി 5 ജി സ്പെക്ട്രം വിതരണം നടന്നിരുന്നു.തുടർന്ന് ഫെബ്രുവരിയിൽ ട്രായ് തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി.ലോകത്ത് 1662 നഗരങ്ങളിൽ മാത്രമുള്ള അതിവേഗ ഇന്റർനെറ്റ് സംവിധാനമാണ് 5 ജി നിലവിൽ വരുന്നതോടെ രാജ്യത്തേക്ക് എത്തുക.റിലയൻസ് ജിയോ,വോഡഫോൺ,എയർടെൽ,ഐഡിയ, എന്നീ ടെലികോം കമ്പനി മേധാവിമാർ ചടങ്ങിൽ പങ്കെടുത്തു.എട്ട് നഗരങ്ങളിൽ ഇന്ന് തന്നെ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ വെച്ച് എയർടെൽ അറിയിച്ചു.ആഗോള വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ രാജ്യത്ത് സാധാരണ ജനങ്ങൾക്ക് 5 ജി നെറ്റ് വർക്ക് ഉപയോഗിക്കാൻ കഴിയും എന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം നൽകുന്ന വിവരം.
എന്താണ് 5 ജി?
വയർലെസ് വിവരവിനിമയത്തിന്റെ അഞ്ചാം തലമുറ സാങ്കേതികവിദ്യകളെയാണ് 5ജി എന്ന ചുരുക്കപ്പേരിൽ വിളിക്കുന്നത്. ഇത്രയും നാൾ എംബിപിഎസ് വേഗമാണ് കണക്കിലെടുത്തിരുന്നത് എങ്കിൽ 5ജിയിലേക്ക് എത്തുമ്പോൾ അത് ജിബിപിഎസിലേക്ക് മാറുകയും വിവര കൈമാറ്റത്തിന് വേഗം വർധിക്കുകയും ചെയ്യും.ആളുകൾ തമ്മിലും, യന്ത്രങ്ങൾ തമ്മിലും ആളുകളും യന്ത്രങ്ങളും തമ്മിലുമുള്ള വിവര കൈമാറ്റം 5ജി ഇന്നുള്ളതിനേക്കാൾ പത്ത് മടങ്ങ് വേഗത്തിലാക്കും. ഉത്സവപ്പറമ്പുകൾ, സമ്മേളന നഗരികൾ പോലുള്ള ലക്ഷക്കണക്കിനാളുകൾ സംഗമിക്കുന്നയിടങ്ങളിൽ നേരിടാറുള്ള നെറ്റ്‌വർക്ക് ഞെരുക്കം ഇല്ലാതാകുംവിധം ശക്തമായ വലിയ ബാൻഡ് വിഡ്ത്തും നെറ്റ്‌വർക്ക് കപ്പാസിറ്റിയുമാണ് 5ജിക്കുള്ളത്. ഇതോടൊപ്പം ഒരു വിവരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തുന്നതിനുള്ള കാലതാമസം അഥവാ ലേറ്റൻസി 5ജിയിൽ വളരെ കുറവാണ്. കൃത്യമായി പറഞ്ഞാൽ 4ജിയിൽ അത് 200 മില്ലി സെക്കൻഡ് ആയിരുന്നുവെങ്കിൽ 5ജിയിൽ അത് 1 മില്ലി സെക്കന്റ് നേരമായി ചുരുങ്ങും. ഒരു സെക്കന്റിന്റെ 1000 ൽ ഒന്നാണ് ഒരു മില്ലി സെക്കന്റ് എന്നാൽ. അതായത് 'നിമിഷ നേരം കൊണ്ട്' എന്ന് പോലും പറയാൻ പറ്റാത്ത അത്രയും വേഗത്തിലാണ് 5ജിയിലൂടെയുള്ള വിവരകൈമാറ്റം സംഭവിക്കുക.
5ജിയുടെ വരവോടെയുള്ള മാറ്റങ്ങൾ
ഇന്നുള്ള ലോകക്രമത്തിൽ തന്നെ അടിമുടിയുള്ള മാറ്റങ്ങൾ 5ജിയുടെ വരവോടുകൂടി സംഭവിക്കുമെന്നാണ് കരുതുന്നത്. ഇതിൽ പ്രവചിക്കപ്പെടുന്നതും പ്രവചനാതീതവുമായ നേട്ടങ്ങളുണ്ടെന്നതാണ് വാസ്തവം.
ത്രിജിയിൽ നിന്നും 4ജിയിലേക്ക് നമ്മൾ മാറിയപ്പോൾ നമ്മുടെ ജീവിതരീതിയിലുണ്ടായ മാറ്റം പ്രകടമായി തന്നെ നമ്മളെല്ലാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. പ്രത്യേകിച്ചും റിലയൻസ് ജിയോ രാജ്യവ്യാപകമായി കുറഞ്ഞ നിരക്കിൽ 4ജി സേവനങ്ങൾ എത്തിച്ച് തുടങ്ങിയതിന് ശേഷം രാജ്യം സാക്ഷ്യം വഹിച്ച ഡിജിറ്റൽ വിപ്ലവം നമ്മൾക്ക് മുന്നിലുണ്ട്.
ഫ്‌ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള സേവനങ്ങളുടെ ധ്രുതഗതിയിലുള്ള വളർച്ച, ഓൺലൈനായ ഭക്ഷണ വിതരണ സാധന വിതരണ സേവനങ്ങൾ, ഓൺലൈനായ സർക്കാർ സേവനങ്ങൾ, ഓൺലൈനായി മാറിയ ബാങ്കിങ്, പണമിടപാടുകൾ, വാട്‌സാപ്പ് പോലുള്ള സേവനങ്ങളിലൂടെയുള്ള അതിവേഗമുള്ള ആശയവിനിമയങ്ങൾ, വീഡിയോ സ്ട്രീമിങ് അടിസ്ഥാനമാക്കിയുള്ള ഓടിടി പ്ലാറ്റ്‌ഫോമുകളും ടിക് ടോക്ക്‌പോലുള്ള സോഷ്യൽ മീഡിയാ സേവനങ്ങളുടേയും വരവ്, ഓൺലൈൻ ഉള്ളടക്ക നിർമ്മാണ രംഗത്തേക്ക് വ്ളോഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും എല്ലാമുള്ള സാധാരണക്കാരുടെ വരവ്. അങ്ങനെ കഴിഞ്ഞ മൂന്ന് നാല് വർഷങ്ങൾ കൊണ്ട് രാജ്യം സാക്ഷ്യം വഹിച്ച മാറ്റങ്ങൾ അന്നുവരെ നമ്മളാരും പ്രതീക്ഷിക്കാതിരുന്ന രീതിയിലുള്ളതാണ്. യുവാക്കൾക്ക് പിന്നാലെ മധ്യവയസ്‌കരായ ജനങ്ങൾ വൻതോതിൽ ഡിജിറ്റൽ സേവനങ്ങളിലേക്ക് പ്രവേശിച്ചതും 4ജിയുടെ വരവിന്റെ ചുവട് പിടിച്ചായിരുന്നു.
Prime Minister Narendra Modi launches the #5GServices in the country, at Indian Mobile Congress (IMC) 2022 in Delhi. pic.twitter.com/uJo2ovkrcr
- ANI (@ANI) October 1, 2022
5ജിയിലൂടെ സംഭവിക്കാൻ പോവുന്നതും സമാനമായ വലിയ മാറ്റങ്ങളാണ്. 5ജിയുടെ ഉയർന്ന ബാൻഡ് വിഡ്ത്തും നെറ്റ്‌വർക്ക് കപ്പാസിറ്റിയും വേഗതയും ലേറ്റൻസിയുമെല്ലാം ആവശ്യമായി വരുന്ന ചില സാങ്കേതികവിദ്യകളുണ്ട്. ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്ന് വിളിക്കുന്ന ഉപകരണങ്ങൾ തമ്മിലുള്ള ശൃംഖല, സെൽഫ് ഡ്രൈവിങ് കാറുകൾ, സ്മാർട്ട് സാങ്കേതിക വിദ്യകളോടുകൂടിയുള്ള സ്മാർട്ട് കെട്ടിടങ്ങൾ, ഓഗ്മെന്റഡ് റിയാലിറ്റി/ വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകൾ, അൾട്രാ എച്ച്ഡി ലൈവ് സ്ട്രീമിങ് ഉൾപ്പടെയുള്ള അത്തരം സേവനങ്ങളുടെ വളർച്ചയ്ക്ക് 5ജി വലിയ രീതിയിൽ പ്രയോജനപ്പെടും.
ഇതിന്റെ പരിണിതഫലമെന്നോണം പുതിയ സ്റ്റാർട്ട് അപ്പുകൾ, സേവനങ്ങൾ വ്യവസായ സംരംഭങ്ങൾ, പുതിയ നിർമ്മാണ രീതികൾ, ആരോഗ്യപരിപാലന/രോഗ ചികിത്സാ രംഗത്ത് ഉപയോഗിക്കാവുന്ന പുതിയ ഉപകരണങ്ങൾ, ഉൾപ്പടെയുള്ളവ രംഗം പ്രവേശം ചെയ്യുന്നതിനും അവസരമൊരുങ്ങും.
മറുനാടന്‍ മലയാളി ബ്യൂറോ