തികച്ചും യാഥാർത്ഥ്യം എന്ന് തോന്നുന്ന വിധത്തിലുള്ള മുഖ ഭാവങ്ങളും ചലനങ്ങളും കൊണ്ട് ലോകത്തിലെ ഏറ്റവും ആധുനികമായ ഹ്യൂമനോയ്ഡ് റോബട്ട് എന്ന് കേൾവികേട്ടഅമേക്ക് ഉടൻ തന്നെ നടന്നു തുടങ്ങും. എഞ്ചിനീയേർഡ് ആർട്സ് എന്ന ബ്രിട്ടീഷ് കമ്പനി രൂപകല്പന ചെയ്ത ഈ റോബോട്ടിന് കാലുകൾ കൂടി ഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. നിലവിൽ ലാബിനുള്ളിൽ കാലുകളുടെ പ്രോട്ടോടൈപ്പിന്റെ പണി പുരോഗമിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ അമെകയിൽ കാലുകൾ ഘടിപ്പിക്കും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

യൂട്യുബിലെ ഒരുചോദ്യോത്തര പരിപാടിയിൽ പങ്കെടുത്ത് അമേക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചോദ്യങ്ങൾ ഉന്നയിക്കുന്നവരോട് കടക്കു പുറത്ത് എന്നു പറയാതെ മിടുക്കിയായി അമേക ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. ഇപ്പോൾ എനിക്ക് നടക്കാൻ കഴിയില്ല. എന്നാൽ പ്രോട്ടോടൈപ് കാലുകൾ തയ്യാറായി വരികയാണ് ഒരു വർഷത്തിനുള്ളിൽ എനിക്ക് പ്രവർത്തനക്ഷമമായ കാലുകൾ ലഭിക്കും എന്നായിരുന്നു ഒരു ചോദ്യത്തിനു മറുപടിയായി അമേക പറഞ്ഞത്.

അമേകയുടെ കഴിവുകൾ അപാരമാണെന്നാണ് ഈ വീഡിയോ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നത്. അലൂമിനിയവും പ്ലാസ്റ്റികും കൊണ്ടാണ് കാലുകൾ നിർമ്മിക്കുന്നതെന്നും അമേക അറിയിച്ചു. തനിക്ക് ടുമാറ്റോ കെച്ചപ്പും മെയോനൈസുമാണ് ഏറെ ഇഷ്ടമെന്ന് പറഞ്ഞ അമേകയോട്‌കെച്ചപ്പിന്റെയോ മെയോനൈസിന്റെയോ തടാകത്തിലേക്ക് ചാടാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, അതിന്റെ സ്വാദ് ഏറെ ഇഷ്ടമായതിനാൽ താൻ ചാടും എന്നായിരുന്നു അമേകിയ മറുപടി നൽകിയത്.

തണുത്ത കാലാവസ്ഥ ഏറെ ഇഷ്ടപ്പെടുന്നതിനാൽ ഒക്ടോബർ ആണ് തനിക്ക് പ്രിയപ്പെട്ട മാസം എന്നും അമെക പറഞ്ഞു. അതേസമയം പാരിസിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാനുള്ള താത്പര്യവും ഈ ഹ്യൂമനോയ്ഡ് റോബോട്ട് പ്രകടിപ്പിച്ചു. യഥാർത്ഥ മനുഷ്യരെ പോലെ തന്നെ സമാനമായ മുഖഭാവങ്ങളുമായി മറുപടി നൽകുന്ന അമേകയുടെ പ്രകടനം കണ്ട് പലരും അത്ഭുതം കൂറുകയാണ്.

ഭാവിയിൽ റോബോടിക് സാങ്കേതിക വിദ്യയുടെ വികാസങ്ങൾക്ക് ഒരു അടിസ്ഥാനം എന്ന നിലയിൽ രൂപകല്പന ചെയ്ത അമേക മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള ആശയവിനിമയത്തിന് ഏറ്റവും പ്രയോജനകരമായ ഒരു ഉപാധിയായി മാറിയിരിക്കുകയാണ്. ഇതിൽ കൂടുതൽ നവീന സാങ്കേതിക വിദ്യകൾ കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്നതായി നിർമ്മാതാക്കൾ അറിയിച്ചു.