തിരുവനന്തപുരം : ഞാൻ കൊച്ചുരാജാവാണെന്ന അഹങ്കാരമാണ് പൊലീസുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മുൻഡിജിപി ജേക്കബ് പുന്നൂസ്.ഫേസ്‌ബുക്കിലൂടെയായിരുന്നു പൊലീസ് മർദനത്തിനെതിരെ മുൻ ഡിജിപിയുടെ പ്രതികരണം.പൊലീസ് നിയമവിരുദ്ധപ്രവൃത്തി ചെയ്യുന്നത് അഹങ്കാരം കൊണ്ടെന്ന് ജേക്കബ് പുന്നൂസ് കുറിച്ചു.

നിയമമാണ് ജനാധിപത്യത്തിലെ രാജാവ്. അതുനിയമം നടപ്പാക്കുന്നവർക്കും ബാധകമാണെന്നും ജേക്കബ് പുന്നൂസ് പറയുന്നു.എന്ത് പ്രകോപനം വന്നാലും നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യമെന്നും കസ്റ്റഡിയിലുള്ളവരെ മർദിക്കുന്നത് ഭീരുവിന്റെ പ്രതികാരമെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

ജേക്കബ് പുന്നൂസ് ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നിയമംനടപ്പാക്കുമ്പോൾ,പ്രകോപനമുണ്ടായാലും,നിയമംലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യം.എന്തു നിയമവിരുദ്ധപ്രവർത്തിയും ചെയ്യാമെന്നുള്ള മാനസികാവസ്ഥ, മനോവീര്യമല്ല..മറിച്ചു,ഞാൻ ഒരു കൊച്ചുരാജാവാണ് എന്ന അഹങ്കാരമാണ്. കസ്റ്റഡിയിൽ ഉള്ളവരെ മർദ്ദിക്കുന്നതു ഭീരുവിന്റെ പ്രതികാരവും തിണ്ണമിടുക്കും മാത്രം:അത്,അതിഹീനമായ ഒരുകുറ്റവും ആണ്.നിയമമാണ് ജനാധിപത്യത്തിലെ രാജാവ്:അതുനിയമം നടപ്പാക്കുന്നവർക്കും ബാധകം.

അതേസമയം സസ്പെൻഡ് ചെയ്ത പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിഘ്നേഷ് ആവശ്യപ്പെട്ടു. ആരോപണ വിധേയരായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നാണ് സൈനികന്റെയും കുടുംബത്തിന്റെയും ആവശ്യം. നടപടി ആവശ്യപ്പെട്ട് പരാതിക്കാരുടെ അമ്മ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയക്കും.