ന്യൂഡൽഹി: വിരാട് കോഹ്ലി കളിക്കളത്തിലേക്ക് മടങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇംഗ്ലണ്ടിന് എതിരെയുള്ള ആദ്യ രണ്ടുടെസ്റ്റുകളിൽ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലാണ്. അവസാനത്തെ മൂന്നു ടെസ്റ്റുകളിൽ അദ്ദേഹം പങ്കെടുക്കുമോ എന്നും വ്യക്തമല്ല. അദ്ദേഹം അവധിയെടുത്തതിന് പിന്നാലെ പല ഊഹാപോഹങ്ങളും പരക്കുന്നുണ്ടായിരുന്നു. കോഹ്ലിയുടെ സ്വകാര്യതയെ മാനിക്കണമെന്ന് ബിസിസിഐ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ, കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സിലെ പഴയ സഹകളിക്കാരൻ എ ബി ഡിവില്ലിയേഴ്‌സ് കോഹ്ലിയുടെ അസാന്നിധ്യത്തിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ ശ്രദ്ധയും, സാന്നിധ്യവും തികച്ചും ആവശ്യമായ വ്യക്തിപരമായ ആവശ്യത്തിനാണ് കോഹ്ലി അവധി എടുത്തിരിക്കുന്നതെന്നാണ് ബിസിസിഐ ജനുവരി 22 ന് അറിയിച്ചത്. വിരാട് കോഹ്ലിയുമായി സംസാരിച്ചോ, അദ്ദേഹം സുഖമായിരിക്കുന്നോ എന്ന ചോദ്യത്തിനാണ് ഡിവില്ലേഴ്‌സ് യൂടൂബ് ലൈവിൽ മറുപടി നൽകിയത്.

' അദ്ദേഹം സുഖമായിരിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. കുടുംബത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കുന്നതുകൊണ്ടാണ് ആദ്യ രണ്ടുടെസ്റ്റുകളിൽ നിന്ന് അദ്ദേഹം മാറി നിൽക്കുന്നത്. മറ്റൊന്നും ഞാൻ സ്ഥിരീകരിക്കില്ല', ഡിവില്ല്യേഴ്‌സ് പറഞ്ഞു. കോഹ്ലിയോട് സുഖവിവരം അന്വേഷിച്ചപ്പോൾ താൻ ഇപ്പോൾ കുടുംബത്തിനൊപ്പം ഉണ്ടാവേണ്ടത് ആവശ്യമെന്ന് പറഞ്ഞു. ' അതെ അദ്ദേഹത്തിന് രണ്ടാമത്തെ കുട്ടി പിറക്കാൻ പോകുന്നു. ഇപ്പോൾ കുടുംബത്തൊടൊപ്പം ചെലവഴിക്കുക അദ്ദേഹത്തിന് പ്രധാനമാണ്. മിക്ക ആളുകളുടെയും മുൻഗണന കുടുംബത്തിനാണ്. അതിന്റെ പേരിൽ വിരാടിനെ വിധിയെഴുതാനാവില്ല. അദ്ദേഹത്തെ നമ്മൾക്ക് മിസ് ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹം ഏടുത്തത് മികച്ച തീരുമാനമാണ്', ഡിവില്ല്യേഴ്‌സ് പറഞ്ഞു.