മൊബൈൽ ഫോൺ റിപ്പയറിംഗിൽ അതി വിദഗ്ധനായ ഒരു വ്യക്തി പറയുന്നത് സാധാരണ മിക്കവരും ഫോൺ ചാർജ്ജ് ചെയ്യുന്ന രീതി ശരിയല്ല എന്നാണ്. രാത്രി മുഴുവൻ കുത്തിയിടുക, അല്ലെങ്കിൽ നമ്മൾ മറ്റു ജോലികളിൽ ഏർപ്പെടുമ്പോൾ ഫോൺ ചാർജ്ജിംഗിൽ വെച്ചിട്ട് അത് ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ബാറ്ററി കേടാകുന്നതിന് ഇടയാക്കുമെന്ന് ഈ വിദഗ്ധൻ പറയുന്നു. ബാറ്ററിക്ക് ഉൾക്കൊള്ളാവുന്ന ചാർജ്ജിന്റെ അളവ് അത് കുറയ്ക്കുമെന്നാണ് അയാൾ നൽകുന്ന മുന്നറിയിപ്പ്.

അതുപോലെ, ബാറ്ററി പൂർണ്ണമായും ചാർജ്ജ് ഇല്ലാതെയാകുന്നതും അപകടകരമാണെന്ന് ബാക്ക് മാർക്കറ്റിലെ മുതിർന്ന റിഫർബിഷ്മെന്റ് ഓപ്പരേഷൻസ് മാനേജർ കെവിൻ ചാരോൺ പറയുന്നു. ഇത്തരത്തിൽ, ഫോൺ ആവശ്യത്തിലധികം ചാർജ്ജിംഗിൽ വയ്ക്കുന്നതും, പൂർണ്ണമായും ചാർജ്ജില്ലാതെയാകുന്നതും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും എന്നാണ് ഇയാൾ പറയുന്നത്. ബാറ്ററി പൂർണ്ണമായും കാര്യക്ഷമമാകുവാൻ അതിലെ ചാർജ്ജിങ് 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലായി കാത്തു സൂക്ഷിക്കണമെന്നും ഇയാൾ പറയുന്നു.

പുതിയ ആപ്പിൾ ഹാൻഡ് സെറ്റുകളിൽ ഇത് ചെയ്യാൻ എളുപ്പമാണെന്ന് അയാൾ പറയുന്നു. ഐ ഒ എസ് 13 ഉം അതിനു ശേഷമുള്ള വേർഷനുകളും ഉപയോഗിക്കുന്നവർ ഐഫോൺ സെറ്റിങ്സിൽ പോയി, ബാറ്ററി- ബാറ്ററി ഹെൽത്ത് ആൻഡ് ചാർജ്ജിങ് എന്നിങ്ങനെ പോയി ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാർജ്ജിങ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. ഇത് തിരഞ്ഞെടുത്താൽ അത് ബാറ്ററിയുടെ ആയുസ്സ് കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും. മെഷീൻ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്, ഈ സംവിധാനം ബാറ്ററി 80 ശതമാനത്തിന് മേൽ ചാർജ്ജ് ചെയ്യുന്നത് വൈകിപ്പിക്കും എന്നാണ് ആപ്പിൾ പറയുന്നത്.

ആൻഡ്രോയ്ഡിൽ ഇത് വ്യത്യസ്ത ബ്രാൻഡുകളിൽ വ്യത്യസ്ത തരത്തിലായിരിക്കും. എന്നിരുന്നാലും ബാറ്ററി- ബാറ്ററി യൂസേജ് എന്ന ഓപ്ഷനിൽ പോയാൽ നിങ്ങലുടെ ബാറ്ററിയുടെ നില അറിയാൻ കഴിയും. മാനേജ് ബാറ്ററി യൂസേജ് എന്നതിലെ ഒപ്റ്റിമൈസ്ഡ് ചാർജ്ജിങ് എന്ന ഓപ്ഷൻ സ്വീകരിക്കുക. ചാർജ്ജിങ് പോർട്ടുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് ബാറ്ററിയുടെ ആയുസ്സിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം എന്ന് കെവിൻ പറയുന്നു.

അവിടെ അടിഞ്ഞുകൂടുന്ന പൂടിപടലങ്ങൾ ഫോൺ അമിതമായി ചൂടാകുന്നതിന് കാരണമാകും. ചിലപ്പോൾ ചാർജ്ജിങ് തടസ്സപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ഫോൺ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക. ചാർജ്ജിങ് പോർട്ട് വൃത്തിയാക്കുവാൻ ടൂത്ത് പിക്കും പഴയ തുണിയും ഉപയോഗിച്ചാൽ മതി എന്നാണ് കെവിൻ ഷാരോൺ പറയുന്നത്. എന്നാൽ, വൃത്തിയാക്കുന്നതിനു മുൻപായി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കണം എന്നും അയാൾ പറയുന്നു.

അതുപോലെ, നേരിട്ട് സൂര്യപ്രകാശം എൽക്കുന്ന വിധത്തിൽ ദീർഘനേരം ഫോൺ സൂക്ഷിച്ചാൽ ബാറ്ററിക്ക് കേടുപാടുക്ജൾ സംഭവിക്കുമെന്ന് ഷാരോൺ പറയുന്നു. അതുപോലെ കഠിനമായ താപനിലകളിലും ഫോൺ സൂക്ഷിക്കരുത്. പൂജ്യം ഡിഗ്രി മുതൽ 35 ഡിഗ്രി വരെ യാണ് അനുയോജ്യമായ താപനില. ഈർപ്പമില്ലാത്ത, 32 ഡിഗ്രി താപനിലയിലുള്ള ഒരിടമാണ് ബാറ്ററി ചാർജ്ജ് ചെയ്യുവാൻ ഉചിതം. മാത്രംല്ല, വയർലെസ് ചാർജ്ജിംഗിനേക്കാൾ എന്തുകൊണ്ടും മെച്ചം വയേർഡ് ചാർജ്ജിങ് ആണെന്നും അയാൾ പറയുന്നു.