അസ്താന: ഭീകരവാദത്തെ ചെറുത്തു തോൽപിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഉച്ചകോടി.ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളുടെ സംയുക്ത വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവര സാങ്കേതിക സൗകര്യങ്ങളുടെയും നവ മാധ്യമങ്ങളുടെയും സഹായത്തോടെ ഭീകരസംഘടനകളിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്.ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങളെ യോജിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് വലുതാണെന്നും ഇപ്പോൾ വിവിധയിടങ്ങളിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ക്രിസ്ത്യൻ- ഇസ്ലാമിക് മതവിഭാഗങ്ങൾക്കെതിരെയുള്ള ഭീകരാക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു

രാഷ്ട്രീയ ലാഭത്തിനായി തീവ്രവാദ സംഘടനകളുകളുടെ സഹായം തേടുകയോ അത്തരം സംഘടനകളുമായി ബന്ധമുണ്ടാക്കുകയോ ചെയ്യുന്നത് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം തകർക്കുമെന്നും എസ് സി ഒ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

ആഗോള തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട ശക്തമായ നടപടികൾ കൂടുതൽ ചർച്ചകൾക്കു ശേഷം കൈക്കൊള്ളുമെന്നും ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളുടെ തലവന്മാർ ചൂണ്ടിക്കാട്ടി.