ലണ്ടൻ: രാജ്യത്തിന്റെ കുതിച്ചുയരുന്ന പൊതുമേഖലാ ബില്ലിനെ നേരിടാൻ പദ്ധതികളുമായി സ്‌കോട്ടിഷ് സർക്കാർ. ജീവനക്കാരുടെ തൊഴിൽ ദിനങ്ങൾ നാലായി കുറച്ച് ശമ്പളം കുറയ്ക്കാനാണ് പ്രധാന ആലോചന. 3.5 ബില്യൺ പൗണ്ടിന്റെ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഇതു പരിഹരിക്കുന്നതിനായി തയ്യാറാക്കിയ ഒരു ചെലവ് റിപ്പോർട്ടിനൊപ്പം പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലാണ് തൊഴിൽ ദിനങ്ങൾ കുറച്ച് പ്രതിസന്ധി പരിഹരിക്കുവാൻ ആലോചിക്കുന്നത്.

ഈ നീക്കം ശമ്പളം നൽകുമ്പോഴുണ്ടാകുന്ന ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു അവസരമാണ് അവതരിപ്പിക്കുന്നത്. എന്നാൽ സ്‌കോട്ടിഷ് കൺസർവേറ്റീവുകൾ ഇതിനെ ഒരു ഫാന്റസി ആയാണ് മുദ്രകുത്തിയിരിക്കുന്നത്. 91,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും രാജ്യത്തുടനീളമുള്ള കുടുംബങ്ങൾ ചെലവുചുരുക്കൽ സഹിക്കേണ്ടിവരുമെന്നും ബോറിസ് ജോൺസൺ ബ്രിട്ടനിലെ സിവിൽ സർവീസുകാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്‌കോട്ടിഷ് സർക്കാരിൽ നിന്നും ഇത്തരമൊരു ആലോചന ഉടലെടുത്തിരിക്കുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ ഇതൊരു നല്ല പദ്ധതിയാണെന്നാണ് സ്‌കോട്ടിഷ് സർക്കാർ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന ചെലവ് അധികമാവാതിരിക്കാൻ ഇതൊരു അവസരമായിരിക്കും. അതേസമയം, സ്‌കോട്ടിഷ് പബ്ലിക് സെക്ടറിൽ തൊഴിലാളികളുടെ ജോലി സമയത്തിൽ 20 ശതമാനം കുറവ് ഉണ്ടാകുമെന്നാണ് വിമർശകർ പറയുന്നത്.

അതേസമയം, നാലു ദിവസം ജോലി എന്ന പദ്ധതിയിലൂടെ തൊഴിലാളികളുടെ ഉത്പാദന ക്ഷമത കൂട്ടാൻ കഴിയുമെന്നാണ് യൂണിയനുകൾ കാമ്പയിൻ ചെയ്യുന്നത്. ശമ്പളം കുറയ്ക്കാനുള്ള പുതിയ പദ്ധതി തൊഴിലാളികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് പിസിഎസ് നാഷണൽ ഓഫീസറായ കാറ്റ് ബോയ്ഡ് വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് സ്‌കോട്ട്‌ലൻഡിനെ തളർന്നു പോകാതെ താങ്ങി നിർത്തിയവരാണ് ഈ തൊഴിലാളികൾ. അവരിപ്പോൾ ശമ്പളം വെട്ടിക്കുറയ്ക്കുമോ എന്ന ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

മണിക്കൂറുകൾ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ശമ്പളവും കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഏതൊരു നിർദ്ദേശവും സ്‌കോട്ടിഷ് ഗവൺമെന്റ് അവരുടെ തൊഴിലാളികളോട് കാണിക്കുന്ന അനീതിയാണ്. കണക്കുകൾ പ്രകാരം, സ്‌കോട്ട്‌ലൻഡിലെ 585,400 പൊതുമേഖലാ ജോലികളിൽ 30,000 എണ്ണം വെട്ടിക്കുറയ്ക്കേണ്ടി വരും. സ്‌കോട്ട്‌ലൻഡ് ഇതിനകം നാലു ദിവസ ജോലി എന്ന പദ്ധതി പരീക്ഷിക്കുന്ന സ്വകാര്യ കമ്പനികൾക്ക് 10 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

സമാനമായ ഒരു പൊതുമേഖലാ സ്‌കീം ഈ വർഷാവസാനം നടപ്പിലാക്കുവാനാണ് ഒരുങ്ങുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ പാൻഡെമിക്കിന് ശേഷമുള്ള പൊതു സേവനങ്ങളെ പാളം തെറ്റിക്കുന്ന പദ്ധതികളാണ് ഇതെന്നാണ് സ്‌കോട്ടിഷ് ടോറികളുടെ ധനകാര്യ വക്താവ് ലിസ് സ്മിത്ത് വിശേഷിപ്പിച്ചത്.