ദുബൈയിൽ സ്വർണ്ണാഭരണ വില ഏകീകരിക്കുന്നതിന് സംവിധാനം നിലവിൽ വരുന്നു. ഇതിന്റെ ഭാഗമായി ജൂവലറികളിൽ ഏകീകൃത സ്വർണ്ണവില പ്രദർശിപ്പിക്കുന്ന ഡിസ്‌പ്ലേകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ തന്നെ ജ്വലറികൾ തമ്മിൽ ഇനി വിലയുടെ കാര്യത്തിൽ വ്യത്യാസമുണ്ടാകില്ല.

രാജ്യാന്തര സ്വർണ്ണവിലയുടെ അടിസ്ഥാനത്തിൽ ജൂവലറികളിൽ വില പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ഡിസ്‌പ്ലേകൾ സ്ഥാപിക്കുന്നതിനാണ് ധാരണയായിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലെയും സ്വർണവില ഒരു കേന്ദ്രത്തിൽ നിന്നാണ് നിയന്ത്രിക്കുക. അതുകൊണ്ട് തന്നെ ജ്വലറികൾ തമ്മിൽ ഇനി വിലയുടെ കാര്യത്തിൽ വ്യത്യാസമുണ്ടാകില്ല. രാജ്യാന്തര വിലക്ക് അനുസൃതമായി ഒരുദിവസം മൂന്ന് തവണ വിലവിവരപട്ടിക പുതുക്കും. രാജ്യാന്തര വിപണിയിലേക്കാൾ മൂന്നു മുതൽ അഞ്ച് ശതമാനം വരെ വ്യത്യാസത്തിലായിരിക്കും ഡിസ്‌പ്ലേകളിലെ വില. ഇത് സംബന്ധിച്ച് ദുബൈ ഗോൾഡ് ആൻഡ് ജ്വലറി ഗ്രൂപ്പും സാമ്പത്തിക വികസന വിഭാഗവും തമ്മിൽ കരാർ ഒപ്പിട്ടു. ദുബൈ ഗോൾഡ് ആൻഡ് ജുവലറി ഗ്രൂപ്പ് ആണ് വിലവിവര പട്ടികയുടെ നിയന്ത്രണം. സാമ്പത്തിക വികസന വിഭാഗം ഇത് നിരീക്ഷിക്കും.

ആദ്യഘട്ടത്തിൽ 500 സ്ഥാപനങ്ങളിൽ ആണ് വിലവിവരപട്ടിക സ്ഥാപിക്കുക. ഭാവിയിൽ ഇത് ആയിരമാക്കാനാണ് സാമ്പത്തിക വികസന വിഭാഗത്തിന്റെ പദ്ധതി. സുതാര്യതയും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. അതെസമയം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണം വാങ്ങുന്നവരിൽ നിന്ന് അധിക തുക ഈടാക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്