തിരുവനന്തപുരം: സ്ഥിരപ്പെടുത്തൽ മാമാങ്കത്തിൽ സ്‌കോൾ കേരള നിയമന വിവാദത്തിൽ ദുരൂഹതകൾ ഏറെ. സർക്കാറിന്റേയും സിപിഎമ്മിന്റെയും വാദങ്ങൾ തെറ്റാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ സഹോദരി ഷീജ ഉൾപെടെയുള്ളവർക്ക് തുടർച്ചയായി 10 വർഷം സർവീസില്ലെന്ന് വ്യക്തമായി.

ഷീജ ഉൾപ്പെടെ ഒരാൾ പോലും സ്‌കോൾ കേരളയിൽ തുടർച്ചയായി 10 വർഷം ജോലി ചെയ്തിട്ടില്ല. നിയമിക്കപ്പെട്ട ആർക്കും 10 വർഷം തുടർച്ചയായി സർവീസില്ല. 2008ൽ ജോലിയിൽ പ്രവേശിച്ചവരെ 2013ൽ യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇവർ 2014ലാണ് വീണ്ടും ജോലിക്ക് കയറിയത്. ഷീജയേക്കാൾ എട്ടുവർഷം സീനിയോറിറ്റിയുള്ളവർ പോലും നിയമനപ്പട്ടികയിൽ ഇടം നേടിയില്ല. ഇത് വിവാദങ്ങൾക്ക് പുതുമാനം നൽകുന്നുണ്ട്.

സീനിയേറിറ്റിയുള്ളവരെ മറികടന്നാണ് പാർട്ടി ബന്ധമുള്ളവരെ നിയമിക്കുന്നത്. 2000, 2001 വർഷങ്ങളിൽ നിയമിതരായവരെ തഴഞ്ഞാണ് 2008ൽ ജോലിക്ക് കയറിയവരെ സ്ഥിരപ്പെടുത്തുന്നത്. ബന്ധുനിയമനം വിവാദമായ വേളയിൽ 10 വർഷം തുടർച്ചയായി ജോലി ചെയ്തവരെയും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്തവരെയുമാണ് സ്ഥിരപ്പെടുത്തിയതെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം ന്യായീകരിച്ചത്.

സ്‌കോൾ കേരളയിൽ സിപിഎം ബന്ധു നിയമനങ്ങൾക്ക് അരങ്ങൊരുങ്ങുന്നുവെന്ന് ഒരു വർഷം മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. എൺപത് തസ്തികളിൽ 73 ഉം പാർട്ടി ബന്ധുക്കൾക്ക് വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. ഏഴെണ്ണം ഡെപ്യൂട്ടെഷൻ നിയമനവുമാണ്. എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായപ്പോൾ നിയമിച്ച പാർട്ടി ബന്ധുക്കളെയാണ് ഇപ്പോൾ സ്ഥിരപ്പെടുത്തിയത്. ഡിവൈഎഫ്ഐ നേതാവ് റഹിമിന്റെ സഹോദരി, കോർപറേഷൻ കൗൺസിലർ ഐ.പി.ബിനുവിന്റെ ഭാര്യ, ശ്രീമതി ടീച്ചറുടെ സ്റ്റാഫായിരുന്ന ഗോപിയുടെ ഭാര്യ തുടങ്ങി പാർട്ടി ബന്ധുക്കൾക്ക് മാത്രമായി നടത്തിയ പോസ്റ്റ് ക്രിയേഷൻ എന്നാണ് സ്‌കോൾ കേരള നിയമനങ്ങൾക്ക് നേരെ ഉയരുന്ന ആക്ഷേപം.

കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം ആണ് ബന്ധു നിയമന വിവാദം ചൂണ്ടിക്കാട്ടി ഒരു വർഷം മുമ്പ് രംഗത്ത് വന്നത്. സ്‌കോൾ കേരളാ നിയമനങ്ങൾ മുഴുവനും പിഎസ് സിക്ക് വിടണം എന്നാണ് ബൽറാം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു തുടരൻ ഫെയ്സ് ബുക്ക് കുറിപ്പുകൾ വി.ടി.ബൽറാം ഇറക്കിയിരുന്നു. 1999-ൽ സ്ഥാപിച്ചതാണ് കേരളാ സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. പിന്നീടാണ് ഓപ്പൺ സ്‌കൂളിനെ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യുക്കേഷൻ (സ്‌കോൾ കേരള) എന്നാക്കി മാറ്റുന്നത്. ഇതിൽ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം വന്നിരുന്നു. 2016 ലാണ് ഇത് സംബന്ധിച്ച് സർക്കാരിലേക്ക് ഇവർ അപേക്ഷ നൽകിയത്. തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടർ കൺവീനറും നിയമ-ധനവകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായുള്ള കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2017-ൽ യോഗം ചേർന്ന ഈ കമ്മിറ്റിയാണ് 79 തസ്തികകൾ സ്‌കോൾ കേരളയിൽ സൃഷ്ടിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് 80 തസ്തികകൾ സ്‌കോൾ കേരളയിൽ സൃഷ്ടിക്കപ്പെടുന്നത്.

നിയമനം പാർട്ടി ബന്ധുക്കൾക്ക് എന്നുറപ്പായതോടെയാണ് ഈ കാര്യത്തിൽ ഫെയ്സ് ബുക്ക് പോസ്റ്റുമായി കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം രംഗത്ത് വന്നത്. ഇതിന്റെ ഗുണഭോക്താക്കളാകാൻ പോകുന്നത് ആരെല്ലാമായിരിക്കും എന്നത് കേരളമറിയേണ്ടതുണ്ട്. 'വർഗീയത വേണ്ട, തൊഴിൽ മതി' എന്ന് ആഹ്വാനം ചെയ്ത് നാടുനീളെ ജാഥ നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ സഹോദരിയാണ് ഒരാൾ. ശ്രീമതി ടീച്ചറുടെ പിഎ ആയിരുന്ന ദേശാഭിമാനി ജീവനക്കാരന്റെ ഭാര്യ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുടെ ഭാര്യ അടക്കം നിരവധി സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കാണ് സർക്കാർ ശമ്പളത്തിൽ ജോലി സ്ഥിരപ്പെടുത്തപ്പെടുന്നത്. മുൻ കാലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തി എന്ന് ആരോപിക്കപ്പെട്ടവർ വരെ നിയമിക്കപ്പെടാനിരിക്കുകയാണെന്നും ബൽറാം ആരോപിച്ചിരുന്നു.

താത്ക്കാലികാടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുമ്പോൾ അതത് കാലത്തെ ഭരണക്കാരുടെ ഇഷ്ടക്കാർ കടന്നുവരുന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്. എന്നാൽ പ്രത്യേകം തസ്തിക സൃഷ്ടിച്ച് ഇവരെ സ്ഥിരപ്പെടുത്തുന്നത് അധാർമ്മികം മാത്രമല്ല, നിയമ വിരുദ്ധം കൂടിയാണ്. 2006 ലെ ഉമാദേവി കേസിൽ സുപ്രീം കോടതി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് വിലക്കിക്കൊണ്ട് കൃത്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ സ്‌കോൾ കേരളയിൽ നടക്കുന്നത്. ഇപ്പോൾ ഇറക്കിയ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് നിയമനം പിഎസ് സി ക്ക് വിടാൻ സർക്കാർ തയ്യാറാകണം. സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്ന ഈ നീക്കത്തേക്കുറിച്ച് പ്രതികരിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾക്കും ധാർമ്മിക ബാധ്യതയുണ്ട്-ഇതാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ വി.ടി.ബൽറാം ആവശ്യപ്പെട്ടത്.