കോഴിക്കോട് : ആർ.എസ്.എസ് പൈശാചികതക്കെതിരെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തുകൊണ്ടും ഏപ്രിൽ 16ന് നടന്ന സോഷ്യൽ മീഡിയ ഹർത്താലിന്റെ മറവിൽ നിരപരാധികൾക്ക് നേരെയുള്ള പൊലീസ് വേട്ടയിൽ പ്രതിഷേധിച്ചും എസ്.ഡി.പി.ഐ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അറിയിച്ചു. രാവിലെ മുഴുവൻ എസ്‌പി ഓഫീസുകളിലേക്ക് ബഹുജന മാർച്ചും വൈകിട്ട് നാല് മണിക്ക് കോഴിക്കോട് പ്രതിഷേധ റാലിയും സംഘടിപ്പിക്കും. കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും.

കത്വ സംഭവത്തിലെ ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നതിന് പൊലീസിലെ സംഘ് പരിവാർ ലോബി നടത്തിയ ഗൂഢാലോചനയിൽ സിപിഎം സർക്കാർ വീണു പോയിരിക്കുന്നു. ആർ.എസ്.എസിനെ മാത്രം വിമർശിച്ച് നടത്തിയ പ്രകടനങ്ങളുടെ പേരിൽ പലയിടത്തും 153 അ ചുമത്തിയിരിക്കുന്നു. ആർ.എസ്.എസിനെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുന്നതെങ്ങിനെയാണ് മത സൗഹാർദ്ദം തകർക്കുന്ന പ്രവർത്തനമായി മാറുന്നതെന്ന് സിപിഎം വിശദീകരിക്കേണ്ടതുണ്ട്. നിരവധി സിപിഎം പ്രവർത്തകരും അനുഭാവികളും പാർട്ടി വേലിക്കെട്ടുകൾ പൊട്ടിച്ച് ആർ.എസ്.എസിനെതിരെ തെരുവിലിറങ്ങിയതിന്റെ സാഹചര്യം തിരിച്ചറിയാതെ കള്ളപ്രചരണവും കള്ളക്കേസുമായി മുന്നോട്ട് പോകുന്നത് സിപിഎമ്മിന്റെ വർഗ്ഗീയ മുഖമാണ് വ്യക്തമാക്കുന്നത്.

വർഗ്ഗീയത ആപത്താണെന്ന് പറയുന്ന സിപിഎം നേതാക്കൾ തന്നെയാണ് താനൂരിൽ അക്രമിക്കപ്പെട്ട സ്ഥാപനങ്ങളെ മതം നോക്കി വേർതിരിച്ചത്. ഹിന്ദുസ്ഥാപനങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് അക്രമിച്ചുവെന്ന കള്ള പ്രചരണത്തിനും നേതൃത്വം തൽകിയത് സിപിഎമ്മാണ്. പൊലീസിന്റെ അടിച്ചമർത്തൽ നയത്തിനെതിരെയും യുവാക്കളെ ജാമ്യമില്ലാതെ തുറുങ്കിലിലടച്ചതിനെതിരെയും തെരുവുകളിൽ ശക്തമായ പ്രതിഷേധം അലയടിക്കുമെന്നും വ്യാപകമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അജ്മൽ ഇസ്മാഈൽ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി മലപ്പുറത്തും വൈസ് പ്രസിഡന്റുമാരായ അഷ്റഫ് മൗലവി മൂവ്വാറ്റുപുഴ കോട്ടയത്തും, തുളസീധരൻ പള്ളിക്കൽ കൊല്ലത്തും, ജനറൽ സെക്രട്ടറിമാരായ എം.കെ.മനോജ് കുമാർ എറണാകുളത്തും, അജ്മൽ ഇസ്മായിൽ കണ്ണൂരിലും, സെക്രട്ടറിമാരായ റോയ് അറക്കൽ ഇടുക്കിയിലും, പി.കെ.ഉസ്മാൻ തിരുവനന്തപുരത്തും, കെ.കെ. റൈഹാനത്ത് പാലക്കാട്ടും, സെക്രട്ടറിയേറ്റംഗം യഹ്യ തങ്ങൾ തൃശൂരിലും, സംസ്ഥാന സമിതിയംഗങ്ങളായ ഇ.എസ്.കാജാ ഹുസൈൻ വയനാട്ടിലും, ജ്യോതിഷ് പെരുമ്പുളിക്കൽ പത്തനംതിട്ടയിലും, വി എം.ഫഹദ് ആലപ്പുഴയിലും എസ്‌പി.ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യും