കോഴിക്കോട്: ദേശീയ ദുരന്തമായി തീർന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നാലു വർഷം പൂർത്തിയാക്കുന്ന മെയ് 26ന് കരിദിനമായി ആചരിക്കാൻ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. രാജ്യത്തിന് അഴിമതി മുക്ത അഛാദിൻ വാഗ്ദാനം ചെയ്തു അധികാരമേറ്റ സർക്കാർ കുത്തക മുതലാളിമാർക്ക് വേണ്ടി രാജ്യത്തെ വഞ്ചിക്കുകയായിരുന്നു.

വർഗ്ഗീയ കലാപങ്ങളും പരമത വിദ്വേഷവും ആളിക്കത്തിച്ച് ഭരണ പരാജയം മറച്ചുവെക്കുകയും അധികാരം നിലനിർത്തുന്നതിനുവേണ്ടി കുൽസിത ശ്രമങ്ങളിൽ ഏർപ്പെടുകയുമാണ് ബിജെപി സർക്കാർ. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു പകരം തൊഴിൽ മേഖലയിൽ അരാജകത്വം സൃഷ്ടിക്കും വിധം തൊഴിൽ നിയമം പൊളിച്ചെഴുതിയും, മുതലാളിമാരുടെ കോടിക്കണക്കിനു വരുന്ന കടം എഴുതി തള്ളിയും കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അതീവ ജാഗ്രതയാണ് സർക്കാർ കാണിക്കുന്നത്. വൻകിട മുതലാളിമാർക്ക് ബാങ്കുകൾ കൊള്ളയടിച്ചു നാടുവിടാൻ സൗകര്യം ചെയ്ത സർക്കാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിധത്തിൽ കടക്കെണിയിൽ കുടുക്കുകയാണ് ചെയ്യുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന തരത്തിൽ കന്നുകാലി വിൽപ്പന നിയമം കൊണ്ടുവരികയും ഗോ സുരക്ഷയുടെ പേരിൽ സംഘ്പരിവാര ഗുണ്ടകൾക്ക് ആരെയും തെരുവിൽ തല്ലി കൊല്ലാനും കെട്ടിത്തൂക്കാനുമുള്ള മൗനാനുവാദം നൽകിയിരിക്കുകയാണ് സർക്കാർ.

കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ നോട്ടു നിരോധനം ഏർപ്പെടുത്തിയതിന്റെ ദുരന്തം രാജ്യം ഇന്നും നേരിട്ടു കൊണ്ടിരിക്കുകയാണ്. ജി.എസ്.ടി അശാസ്ത്രീയമായി നടപ്പിലാക്കിയതിന്റെ തിക്ത ഫലങ്ങൾ സാമ്പത്തിക മേഖല നേരിടുമ്പോൾ രാജ്യത്തിന്റെ ഭരണഘടനാ സംവിധാനങ്ങൾ മുഴുവനായും നോക്കുകുത്തിയാക്കി നിർത്തി തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം രാജ്യമൊട്ടുക്കും നടപ്പിൽ വരുത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതി ജഡ്ജിമാർക്ക് നിയമ വ്യവസ്ഥയുടെ സുതാര്യതയ്ക്കു വേണ്ടി പത്രസമ്മേളനം നടത്തേണ്ടി വന്നത് നരേന്ദ്ര മോദി അധികാരം വാഴുമ്പോഴാണ്. പൊതുമേഖല സ്ഥാപനങ്ങളും ചരിത്ര സ്മാരകങ്ങളും കുത്തക മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചെങ്കോട്ടയുടെ അധികാരം ഡാൽമിയ ഗ്രൂപ്പിനു കൈമാറിയത്.

ഭരണ പരാജയത്തിന്റെ നിദർശനമാണ് പെട്രോൾ വിലവർധനയെന്നു പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ പെട്രോളിയം കമ്പനികൾക്ക് വിലവർധനവിനുള്ള പൂർണ്ണാധികാരം നൽകിയതിലൂടെ രാജ്യം ഇന്നുവരേ കണ്ടിട്ടില്ലാത്ത വിധം പെട്രോളിയം ഡീസൽ വിലവർധന എത്തിനിൽക്കുന്നു. അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയും കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതിന്റെ പേരിൽ ഉൽപ്പന്നങ്ങൾ നടു റോഡിൽ തള്ളുന്ന ഗതികേടിന്റെയും വിധി വൈപരിത്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

രാജ്യത്തിന്റെ സർവ്വ മേഖലകളും തകർത്തു മുന്നേറുന്ന ബിജെപി സർക്കാർ കള്ളപ്പണത്തിന്റെ പിൻബലത്തിൽ ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ മെയ് 26 കരിദിനമായി ആചരിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്യുന്നു.

പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, എം.കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറിമാരായ പി. അബ്ദുൽ ഹമീദ് മാസ്റ്റർ, റോയി അറയ്ക്കൽ, തുളസീധരൻ പള്ളിക്കൽ ട്രഷറർ അജ്മൽ ഇസ്മായിൽ സെക്രട്ടറിമാരായ കെ.കെ. അബ്ദുൽ ജബ്ബാർ, പി.ആർ. സിയാദ് സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ.ഉസ്മാൻ, പി.പി മൊയ്തീൻകുഞ്ഞ് എന്നിവർ സംസാരിച്ചു.