ന്യൂഡൽഹി : ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് ഇടം നൽകാത്ത കേരള ജനതയോട് കേന്ദ്രസർക്കാർ പകവീട്ടുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പറഞ്ഞു. പ്രളയദുരന്തത്തിനിരയായ കേരളത്തിന് അർഹമായ സഹായം നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കേരള സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രിയൂടെ ഓഫീസ് മാർച്ച് പാർലമെന്റ് സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ ഫൈസി. പ്രളയത്തിൽ ഒലിച്ചു പോയത് കേരളത്തിൽ ബിജെപി ആസൂത്രണം ചെയ്തു വന്നിരുന്ന വർഗീയ അജണ്ട കൂടിയാണ്.

ദുരന്തത്തിനിരയായ കേരള സമൂഹം ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഒറ്റക്കെട്ടായി നിലകൊള്ളുകയും പരസ്പരം കൈത്താങ്ങുകയും ചെയ്തു. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ എല്ലാവർക്കുമായി തുറക്കപ്പെട്ടു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ശുദ്ധീകരിക്കാൻ എല്ലാവരുമുണ്ടായിരുന്നു. കേരളത്തിൽ വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കാനിറങ്ങിയ ബിജെപിക്കുണ്ടായ തിരിച്ചടിയാണിത്. ഈ കാരണമെല്ലാം കൊണ്ട് കൂടിയാണ് കേരളത്തിന് മതിയായ സഹായം നൽകാനോ വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കാനോ കേന്ദ്രസർക്കാർ തയ്യാറാവാതിരുന്നത്. എം.കെ ഫൈസി പറഞ്ഞു.

മാനവികത നഷ്ടപ്പെട്ട സർക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടാണ് 30,000 കോടി രൂപ പ്രാഥമിക നഷ്ടം കണക്കാക്കിയ ഒരു ദുരന്തത്തോട് കേന്ദ്രസർക്കാർ മുഖം തിരിച്ചു നിൽക്കുന്നത്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിൽ മാത്രം താൽപര്യപ്പെടുന്ന സർക്കാറാണിത്. എതിർശബ്ദമുയർത്തുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടക്കുന്നത് പോലുള്ള നടപടികളിൽ മാത്രമാണ് സർക്കാറിന് താൽപര്യം. 488 പേർ മരിച്ച ദുരന്തത്തിൽ 600 കോടി മാത്രമാണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്. കീഴ്‌വഴക്കത്തിനും സർക്കാർ നയത്തിനും വിരുദ്ധമായി വിദേശസഹായം നിഷേധിക്കുകയും ചെയ്തു. ഇത് വിവേചനമാണെന്നും എം.കെ ഫൈസി പറഞ്ഞു.

ജന്തർ മന്ദറിൽ നിന്ന് തുടങ്ങിയ മാർച്ച് പാർലമെന്റ് സ്ട്രീറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ കേരള സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റുമാരായ ദഹ്ലൻ ബാഖവി, അഡ്വ.ഷറഫുദ്ദീൻ, ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മൈസൂർ, ദേശീയ സെക്രട്ടറി സീതാറാം കൊയ്വാൾ, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ എന്നിവർ അഭിവാദ്യം അർപ്പിച്ചു.

പി അബ്ദുൽ മജീദ് ഫൈസി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്, റോയ് അറയ്ക്കൽ, സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മാഈൽ, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുൽ ജബ്ബാർ, കെ.എസ് ഷാൻ, മുസ്തഫ കൊമ്മേരി, സംസ്ഥാന സെക്രട്ടറിയേറ്റംഗളായ പി കെ ഉസ്മാൻ, പിപി മൊയ്്തീർ കുഞ്ഞ്, ഇ എസ് ഖാജാഹുസൈൻ, സംസ്ഥാന സമിതിയംഗം പി ആർ കൃഷ്ണൻ കുട്ടി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ എൻ.യു അബ്ദുൽ സലാം നന്ദി പറഞ്ഞു.

കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള ചിറ്റമ്മ നയം തിരുത്തുക, കേരളത്തിന് മതിയായ സഹായം ഉറപ്പാക്കുക, കേരളത്തിന്റെ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകി. എസ്.ഡി.പി.ഐ ഡൽഹി ഘടകം പ്രവർത്തകർ മാർച്ചിന് അഭിവാദ്യം അർപ്പിച്ചു.