കോഴിക്കോട്: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ നടത്തിയ വിദ്യാഭ്യാസ കച്ചവടത്തെ സഹായിക്കുവാൻ ഭരണ, പ്രതിപക്ഷ പാർട്ടികളും ബിജെപിയും ഒത്തൊരുമിച്ച് നിയമസഭയിൽ പാസ്സാക്കിയെടുത്ത ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയതോടെ ഈ പാർട്ടികൾക്കെല്ലാം നിയമസഭയിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.

നിയമ ലംഘനത്തെ സാധൂകരിക്കുന്നതിന് നിയമസഭയെ ദുരുപയോഗം ചെയ്തവർ സഭയുടെ അന്തസ് കളഞ്ഞ് കുളിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഏറ്റവുമധികം സമരം ചെയ്ത സിപിഎമ്മിന്റെ ഭരണത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി നിയമത്തെ വെല്ലുവിളിക്കുന്നത് കൗതുകകരമാണ്. തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് മുതലാളിത്ത വർഗ്ഗ രാഷ്ട്രീയത്തിലേക്ക് സിപിഎം ചുവട് മാറിയതിന്റെ പ്രത്യക്ഷ തെളിവുകളാണിത്.

യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സാമ്പത്തിക താൽപര്യങ്ങളാണ് കേരളത്തിൽ സ്വാശ്രയ വിദ്യാഭാസ മേഖല തഴച്ച് വളരാനും വിദ്യാഭ്യാസം കച്ചവടവൽക്കരിക്കാനും ഇടയാക്കിയത്. സുപ്രീം കോടതി വിധിയോടെ നിരവധി വിദ്യാർത്ഥികൾ വഴിയാധാരമായതിന്റെ ഉത്തരവാദിത്തം നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളെല്ലാം ഏറ്റെടുക്കണം. മുതലാളിമാരുടെ പണച്ചാക്കിന് മുന്നിൽ നിയമവും ആദർശവും പണയം വെച്ച് വിദ്യാർത്ഥികളുടെ ഭാവി തുലക്കുന്ന രാഷ്ടീയക്കാർക്കെതിരെ യുവതലമുറ പ്രതികരിക്കണമെന്നും അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.