കോഴിക്കോട് : വ്യാവസായിക ആവശ്യങ്ങൾക്കായി കൊച്ചിയിൽ നിന്നും ബാഗ്ലൂരിലേക്ക് ദ്രുവീകൃത പ്രകൃതി വാതകം പൈപ്പ്ലൈൻ വഴി കൊണ്ടു പോകുന്ന ജനവാസ മേഖലകളിൽ ഉടലെടുത്തിരിക്കുന്ന ആശങ്കയും ഭീതിയും അകറ്റുന്നതിനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന ആവശ്യം ഭരണഘടന പരിഷ്‌കരണ കമ്മീഷൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്ചുതാനന്ദന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് വൈകി വന്ന ബോധോദയമാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

സാധാരണ ഭൂമിയേറ്റെടുക്കൽ നിയമങ്ങളിൽ നിന്നും വ്യത്യസ്ഥമായി കൈവശാധികാരം ഉടമയിലും, ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമാകുന്ന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇന്ത്യയിൽ തന്നെ ഗ്യാസ് പൈപ്പ്ലൈനുകളിൽ അപകടങ്ങൾ സംഭവിച്ച നിരവധി ഉദാഹരണങ്ങൾ മുന്നിലുള്ളപ്പോൾ പൈപ്പ്ലൈനിന്റെ സുരക്ഷ ഭൂവുടമയുടെ ചുമതലയിലാവുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതായും വി എസ് പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല തുച്ചമായ നഷ്ട പരിഹാരം മാത്രമാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്നത്.

പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇത്തരം ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നൽകി എസ്.ഡി.പി.ഐ പ്രചരണത്തിനും പ്രക്ഷോഭത്തിനും നേതൃത്വം കൊടുത്തു മുന്നോട്ട് വരികയുണ്ടായി. ഇരകളും പ്രാദേശികമായി, വിഭാഗീകതകൾക്കതീതമായി രൂപമെടുത്ത ഗെയിൽ വിരുദ്ധ സമര സമിതികളും മുന്നറിയിപ്പ് ഏറ്റെടുത്ത് രംഗത്ത് വന്നപ്പോൾ പാർട്ടിയെ 'തീവ്രവാദ' മാരോപിച്ച് പിന്തിരിപ്പിക്കാനും സമരത്തിനിറങ്ങിയ ഇരകളെ പൊലീസിനെ ഉപയോഗിച്ച് തല്ലിചതക്കാനും കള്ളക്കേസിൽ പെടുത്താനുമാണ് പിണറായി സർക്കാർ തയ്യാറായത്.

പ്രശ്നത്തിന്റെ ഗൗരവം, മറച്ച് വെക്കാനാവാത്ത വിധം വ്യക്തമായ സ്ഥിക്ക് ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയിൽ പൈപ്പ്ലൈൻ കൊണ്ടു പോകാനുള്ള പദ്ധതി ഉപേഷിച്ച് മറ്റു ബദൽ സംവിധാനങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു.