കോഴിക്കോട് : ശബരിമലയുടെ പേരിൽ കേരളത്തിൽ ബിജെപി നടത്തുന്നത് അതിര് വിട്ട വർഗ്ഗീയക്കളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു. ഭക്തിപൂർവ്വം ഉരുവിട്ടിരുന്ന അയ്യപ്പനാമ ജപത്തെ പ്രതിഷേധ മുദ്രാവാക്യമാക്കിയിരിക്കുകയാണ് ബിജെപി. വിശ്വാസത്തെ വൃണപ്പെടുത്തുന്നതെന്നാരോപിക്കപ്പെടുന്ന വിധിക്കെതിരെ സുപ്രീം കോടതിക്ക് മുമ്പിൽ സമരം ചെയ്യുന്നതിനെ കുറിച്ചോ കേന്ദ്ര സർക്കാർ ബില്ല് കൊണ്ട് വരുന്നതിനെ കുറിച്ചോ സംഘ് പരിവാർ നേതാക്കൾ മൗനം പാലിക്കുന്നു.

തൃപ്തി ദേശായിയെ എയർ പോർട്ടിനുള്ളിൽ തടഞ്ഞ് വെച്ചതിനെ ന്യായീകരിക്കുന്ന ശ്രീധരൻപിള്ള ശശികലയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ഭരണഘടന ഉറപ്പ് നൽകുന്ന സഞ്ചാര സ്വാതന്ത്യത്തിന്റെ നിഷേധമാണെന്ന് പറയുന്നത് പരിഹാസ്യമാണ്. ഭരണഘടനയും നിയമവാഴ്ചയും തങ്ങൾക്ക് പുല്ലാണെന്ന ഭാവത്തിലാണ് സംഘ് പരിവാർ നിയമം കയ്യിലെടുത്ത് തെരുവിലിറങ്ങുന്നത്.ഇന്ന് വരെ എല്ലാ പാർട്ടികളും പാലിച്ച് വന്നിരുന്ന മര്യാദകളെ കാറ്റിൽ പറത്തി പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ശബരിമല തീർത്ഥാടകർക്ക് പോലും പ്രയാസമുണ്ടാക്കുന്ന തരത്തിലാണ് സംഘ് പരിവാർ സംഘടനകൾ ഹർത്താൽ നടത്തിയത്.

ഇതിനെതിരെ മതേതര കേരളം ശക്തമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന എല്ലാ പ്രതിഷേധക്കാർക്കെതിരെയും കോടതിയലക്ഷ്യത്തിന് കേസെടുക്കണം.അയ്യപ്പഭക്തിയുടെ മറവിൽ സംസ്ഥാനത്ത് സംഘർഷം വ്യാപിപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. തങ്ങളുടെ വർഗ്ഗീയാജണ്ടക്ക് മൂലബിന്ദുവായി അയ്യപ്പനെ മാറ്റാനുള്ള ബിജെപി നീക്കത്തിനെതിരെ രാഷ്ട്രീയൈക്യം രൂപപ്പെടണമെന്നും ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ അധികാരാവകാശങ്ങളിൽ നിന്ന് അധ:സ്ഥിത ജനവിഭാഗങ്ങൾ ആട്ടിയോടിക്കപ്പെട്ടതിനെ കുറിച്ചാണ് കേരളം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതെന്നും അബ്ദുൽ മജീദ് ഫൈസി അഭിപ്രായപ്പെട്ടു