മധുര : തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ കനത്ത നാശനഷ്ടം വരുത്തിയ ഗജ ചുഴലിക്കാറ്റിലും മഴയിലും ഇരകളാക്കപ്പെട്ട് സർവ്വസവും നഷ്ടപ്പെട്ടവർക്ക് മാന്യമായ നഷ്ടപരിഹാരം നൽകണമെന്ന് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി ആവശ്യപ്പെട്ടു.

'ഗജ' ദുരന്തത്തിൽ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ദുരന്ത നിവാരണ സംവിധാനങ്ങളൊരുക്കു ന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിൽ കുടുംബങ്ങൾക്ക് അനുവദിച്ച 10 ലക്ഷം രൂപ അപര്യാപ്തമാണ്. തുക 25 ലക്ഷമായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒട്ടേറെ ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് പ്രഖ്യാപിച്ചിട്ടുള്ള ധനസഹായ തുക 25,000 മുതൽ 1 ലക്ഷം വരെയാണ്. ഇത് 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കേണ്ടതാണ്.

പ്രകൃതി ക്ഷോഭത്തിന്റെ ഫലമായി ഉണ്ടാകുന്ന ദുരന്തങ്ങളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ വത്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. കുറച്ചു നാൾ മുമ്പ് കേരളത്തിലും ഇപ്പോൾ തമിഴ്‌നാട്ടിലും ഉണ്ടായ ദുരന്തങ്ങളോടുള്ള കേന്ദ്ര സർക്കാർ സമീപന നയം തികച്ചും അപലപനീയമാണ്.ദുരന്തങ്ങളിൽ നിസ്സഹായരായ ജനങ്ങളെ സഹായിക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച മുഴുവൻ എസ്.ഡി.പി.ഐ പ്രവർത്തകരുടെയും ത്യാഗ പ്രവർത്തനങ്ങളെയും മാനുഷികതയെയും അദ്ദേഹം പ്രശംസിച്ചു.മധുരയിൽ സ്ഥാപിക്കുമെന്ന് എൻ.ഡി.എ സർക്കാർ വാഗ്ദാനം നൽകിയ ആൾ ഇന്ത്യ ഇൻസിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഭരണഘടനയെയും അതിന്റെ മുഖ്യ ശില്പിയായ ബാബാ സാഹേബ് ഡോ അംബേദ്കറെയും അവഹേളിക്കുന്ന വിധത്തിലുള്ള സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക തന്നെ വേണം. മനുസ്മൃതിയെ ഭരണഘടനയുടെ സ്ഥാനത്തേക്ക് പ്രതിഷ്ടിക്കാനുള്ള നീക്കത്തെ എസ്.ഡി.പി.ഐ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.

ഇന്ത്യൻ ഭരണഘടന ഇല്ലായിരുന്നുവെങ്കിൽ പിന്നോക്കക്കാരനായ മോദി ചായ വിൽപനക്കാരനായിത്തന്നെ ഉടരേണ്ടി വന്നേനെ. ഭരണഘടനയാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത് ഓർമ്മ വേണം.

എല്ലാ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികൾ പരസ്പരമുള്ള ഈർഥ്യയും വിയോജിപ്പും മറികടന്ന ഭരണഘടനയെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.