കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിച്ച് നിർണായക മുന്നേറ്റം നടത്തിയ എസ്.ഡി.പി.ഐ യുടെ തീരുമാനം പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നേടുന്നതിന് മുന്നണികൾക്ക് നിർണായകമാകുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2015 ൽ 47 സീറ്റുകളിൽ വിജയിച്ച പാർട്ടി ഇത്തവണ 102 സീറ്റുകളാണ് നേടിയത്.

2015 നെ അപേക്ഷിച്ച് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടതുവലതു മുന്നണികൾക്കായിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങൾ യു.ഡി.എഫിനെ കൈയൊഴിയുന്നതും ജോസ് കെ മാണിയിലൂടെ ്രൈകസ്തവ വിഭാഗങ്ങളുടെ പിന്തുണ എൽ.ഡി.എഫ് നേടിയതിന്റെ സൂചനകളും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.
എസ്.ഡി.പി.ഐ പ്രതിനിധികൾ വിജയിച്ച പത്തനംതിട്ട, ഷൊർണൂർ, ഇരിട്ടി മുനിസിപാലിറ്റികളിലും മുഴുപ്പിലങ്ങാട്, പാവറട്ടി, ഓങ്ങല്ലൂർ, പോരുവഴി, പത്തനാപുരം ഉൾപ്പെടെ പല ഗ്രാമപ്പഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുന്നതിൽ പാർട്ടി തീരുമാനം നിർണായകമാണ്.

ഒരേ സമയം വിവേചനമില്ലാത്ത വികസനം സാക്ഷാൽക്കരിക്കുക അതേസമയം തന്നെ സംഘപരിവാര ഫാഷിസം അധികാരത്തിലെത്തുന്നത് തടയുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. അതുകൊണ്ട് തന്നെ എസ്.ഡി.പി.ഐ വിജയിക്കാതിരിക്കാൻ ബിജെപി തന്നെ വോട്ട് മറിച്ച നിരവധി അനുഭവങ്ങളുണ്ട്. നൂറോളം വാർഡുകളിൽ പാർട്ടി രണ്ടാം സ്ഥാനത്താണ്. ഇതിൽ 40 ലധികം വാർഡുകളിൽ 50 ൽ താഴെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 20 ലധികം വാർഡുകളിൽ പാർട്ടിയെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ മറിച്ചുനൽകി. ബിജെപിയുടെ മുന്നേറ്റം തടയുന്നതിന് തിരുവനന്തപുരം കോർപറേഷനിൽ എസ്.ഡി.പി.ഐ മൽസരം ആറ് സീറ്റുകളിലായി പരിമിതപ്പെടുത്തി. മറ്റിടങ്ങളിൽ ബിജെപി മുന്നേറ്റം തടയുന്നതിന് സാധ്യമായതെല്ലാം ചെയ്തു.

കോർപറേഷൻ പിടിക്കാനുള്ള ബിജെപി ശ്രമത്തിന് അത് കനത്ത തിരിച്ചടിയായി. കൂടാതെ സംസ്ഥാനത്ത് പാർട്ടി ഇടപെടൽ കൊണ്ടു മാത്രം നിരവധി വാർഡുകളിൽ ബിജെപിയെ പരാജയപ്പെടുത്താനും സാധിച്ചു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പഞ്ചായത്ത് ടൗൺ 7 ാം വാർഡിൽ കഴിഞ്ഞ 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് എസ്.ഡി.പി.ഐ പിടിച്ചെടുത്തത്.

ആലപ്പുഴ, പെരുമ്പാവൂർ, ചിറ്റൂർ തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപാലിറ്റികളിൽ പുതുതായി പാർട്ടി അക്കൗണ്ട് തുറന്നു. സിറ്റിങ് വാർഡുകൾ നിലനിർത്താനായി എന്നത് പാർട്ടിയുടെ വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യം സാക്ഷാൽക്കരിച്ചതിന്റെ തെളിവാണ്.