- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫണ്ട് വെട്ടിപ്പ്: ലീഗ് നേതാക്കൾ മൗനം വെടിയണം- മുസ്തഫ കൊമ്മേരി
കോഴിക്കോട്: കത്വ, ഉന്നാവോ സഹായ ഫണ്ടിൽ പി കെ ഫിറോസ്ഉൾപ്പെടെയുള്ള യൂത്ത് ലീഗ് ദേശീയ ഭാരവാഹികളിൽ ചിലർ വെട്ടിപ്പ് നടത്തിയെന്ന യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസുഫ് പടനിലത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ലീഗ് നേതാക്കൾ മൗനം വെടിയണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. ഹൈദരലി തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലിയുടെ അഭിപ്രായം ഇതു സംബന്ധിച്ച് പൊതുസമൂഹത്തിന്റെ സംശയം ബലപ്പെടുത്തിയിരിക്കുകയാണ്.
ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനും നിയമ സഹായം ഉറപ്പാക്കാനുമായി സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്കു കൈമാറാതെ മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളിൽ ചിലർ സ്വകാര്യ ആവശ്യങ്ങൾക്കുൾപ്പെടെ വിനിയോഗിച്ചിരിക്കുകയാണെന്നും ഇതു സംബന്ധിച്ച കണക്കു പോലും വ്യക്തമാക്കിയിട്ടെല്ലെന്നുമാണ് യൂസഫ് പടനിലം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
വിദേശ നാടുകളിൽ നിന്നടക്കം വ്യാപകമായി നടത്തിയ പണപ്പിരിവിനു പുറമേ 2018 ഏപ്രിൽ 20 ന് വെള്ളിയാഴ്ച മുസ്ലിം പള്ളികളിൽ നടത്തിയ ഏകദിന ഫണ്ട് സമാഹരണത്തിലൂടെ വൻതുകയാണ് പിരിച്ചെടുത്തത്. ഈ തുക അവകാശികൾക്കു നൽകിയിട്ടില്ല. പി കെ ഫിറോസ് നയിച്ച 2019 ലെ യുവജന യാത്രയുടെ കടം വീട്ടുന്നതിന് ഈ ഫണ്ടിൽ നിന്നും 15 ലക്ഷത്തോളം രൂപ വകമാറ്റി ചെലവഴിച്ചെന്ന യൂസഫിന്റെ വെളിപ്പെടുത്തൽ ലജ്ജിപ്പിക്കുന്നതാണ്. യൂത്ത് ലീഗും ലീഗും സമൂഹത്തെ രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തികമായും ചൂഷണം ചെയ്യുന്നതിന്റെ ഉദാഹരണമാണ് പുറത്തുവരുന്നത്. പിച്ച ചട്ടിയിൽ കൈയിട്ടു വാരിയ അത്യന്തം ഹീനമായ നടപടിയാണിത്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പൊതുസമൂഹത്തിന്റെ ആശങ്ക ദൂരീകരിക്കാൻ ലീഗ് നേതൃത്വം തയ്യാറാവണമെന്നും സമാഹരിക്കപ്പെട്ട തുക അർഹതപ്പെട്ട കൈകളിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.