കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിനെ പിന്തുണച്ചെന്നാരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ ഉൾപ്പെടെയുള്ള രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കൾക്ക് സമൻസ് അയച്ച നടപടിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ടി ടി ശ്രീകുമാർ, ഡോ ജെ ദേവിക, നാസർ ഫൈസി കൂടത്തായി, കെ കെ ബാബുരാജ്, എൻ പി ചെക്കുട്ടി, ഹമീദ് വാണിയമ്പലം തുടങ്ങി 46 പേർക്കാണ് കോഴിക്കോട് ടൗൺ പൊലീസ് സമൻസ് അയച്ചത്. 2019 ഡിസംബർ 17ന് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ടാണ് സമൻസ്.

കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. അന്ന് ജനകീയ ഹർത്താലിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയവർക്കെതിരെയാണ് നടപടി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമൻസ് ലഭിച്ചവർ ഹാജരാകേണ്ടത്. കേരളത്തിൽ സി.എ.എ നടപ്പാക്കില്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പൗരത്വപ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ നിയമനടപടിയെക്കുറിച്ച് മൗനമവലംബിക്കുന്നത് പ്രതിഷേധാർഹമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവർക്കെതിരേ കേസെടുക്കില്ലെന്നും അത് സർക്കാർ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയിൽ പറഞ്ഞത്.

അതേസമയം സംസ്ഥാനത്ത് 519 കേസുകളാണ് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ തുടരുന്നത്. പൗരത്വ സമരങ്ങൾക്ക് എതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം എൽഡിഎഫിന്റെ മുന്നിൽ വന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എല്ലാ കേസുകളും പിൻവലിക്കാനാവില്ല, കേസുകളുടെ സ്വഭാവം പരിഗണിച്ചു മാത്രമേ പിൻവലിക്കുന്ന കാര്യം തീരുമാനിക്കാൻ കഴിയൂവെന്നും വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. പൗരത്വ വിഷയത്തിൽ ഇടതു സർക്കാരും സിപിഎം നേതൃത്വവും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.