കോഴിക്കോട്: മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനുള്ള നീക്കം മേഖലയിലെ സമാധാനം തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്. യാതൊരു ക്രമസമാധാന പ്രശ്നവുമില്ലാത്ത സമാധാനത്തിന്റെ കേന്ദ്രമാണിന്ന് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്. സംഘപരിവാരത്തിന്റെ താൽപ്പര്യത്തിനു വേണ്ടി ദ്വീപിലെ ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തിനെതിരായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമം സംഘർഷങ്ങൾക്ക് വഴിവെക്കും. ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള മൗലീകാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്.

ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശിപാർശ ചെയ്യുന്ന നിയമത്തിന്റെ കരട് പുറത്തിറങ്ങിയിരിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബീഫിന്റെ പേരിൽ അക്രമികൾ സംഘം ചേർന്ന് നിരപരാധികളെ തല്ലിക്കൊല്ലുമ്പോൾ ലക്ഷദ്വീപിൽ ഭീകര നിയനിർമ്മാണത്തിലൂടെ നിരപരാധികളെ ജയിലിലടയ്ക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. പശുമാംസം കൈവശംവെച്ചെന്നാരോപിച്ച് അഖ്ലാഖിനെ അക്രമികൾ തല്ലിക്കൊന്നപ്പോഴും ചർച്ച മാംസം പരിശോധനയക്കയയ്ക്കുന്നതിനെക്കുറിച്ചായിരുന്നു. അതുപോലെ പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് അധികൃതരുടെ അനുമതി വേണമെന്നാണ് കരട് നിയമം പറയുന്നത്.

ഈ അനുമതി വാങ്ങി കശാപ്പ് ചെയ്താലും ആരെങ്കിലും പരാതി ഉന്നയിച്ചാൽ അത് തെളിയിക്കാനെന്ന പേരിൽ അയാൾ ലാബുകളിലും നിയമപോരാട്ടങ്ങളിലുമായി ജീവിതം തള്ളി നീക്കേണ്ടി വരും. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലെ സമാധാനം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള സംഘപരിവാരത്തിന്റെ അജണ്ടയുടെ ഭാഗമാണ് ഗോവധ നിരോധന നീക്കമെന്നും അതിനെതിരേ ശക്തമായ ചെറുത്തുനിൽപ്പിന് എല്ലാവരും തയ്യാറാവണമെന്നും പി അബ്ദുൽ ഹമീദ് അഭ്യർത്ഥിച്ചു.