എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുൽ ജബ്ബാർ അഴീക്കോടും മുസ്തഫ കൊമ്മേരി കൊടുവള്ളിയിലും മൽസരിക്കും

കോഴിക്കോട്: പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയുടെ വർഗീയ പ്രചാരണത്തിന് സിപിഎം കീഴടങ്ങിയതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും താൽപ്പര്യത്തെ മറികടന്നാണ് പി നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് പ്രാദേശിക പ്രതിഷേധങ്ങളിൽ നിന്നു വ്യക്തമാണ്. പൊന്നാനിയിൽ അടക്കം മലബാറിൽ ഹിന്ദുക്കളെ സ്ഥാനാർത്ഥിയാക്കാൻ പോലും കഴിയാതെ പ്രതിസന്ധി നേരിടുന്ന പാർട്ടിയാണ് സിപിഎമ്മെന്ന കെ സുരേന്ദ്രന്റെ ആരോപണം.

സുരേന്ദ്രന്റെ ആരോപണത്തെ മണ്ഡലത്തിന്റെ ചരിത്രം മുൻനിർത്തി പ്രതിരോധിക്കാനുള്ള ശക്തി സിപിഎമ്മിനില്ലാതെ പോയി. മണ്ഡലം രൂപീകരണ കാലം മുതൽ അവിടെ നിരവധി തവണ ഹിന്ദു സ്ഥാനാർത്ഥികൾ വിജയിച്ചു എന്ന വസ്തുത ബോധപൂർവം മറച്ചുവെക്കുകയായിരുന്നു. കെ ജി കരുണാകരൻ, എം പി ഗംഗാധരൻ, കെ ശ്രീധരൻ, പി ടി മോഹനകൃഷ്ണൻ, പി ശ്രീരാമകൃഷ്ണൻ എന്നിവർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയവരാണ്. ഗംഗാധരൻ മൂന്നു തവണ പൊന്നാനിയിൽ നിന്നു വിജയിച്ചു. ശ്രീരാമകൃഷ്ണൻ രണ്ടാം തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എന്നാൽ ബിജെപിയുടെ വർഗീയ പ്രചാരണത്തിന് മുമ്പിൽ മുട്ടുമടക്കി പാർട്ടി അണികളുടെ താൽപ്പര്യം ബലികഴിക്കുകയായിരുന്നു. ബിജെപി.യുമായി എൽ.ഡി.എഫും യു.ഡി.എഫും പുലർത്തുന്ന ഒത്തുതീർപ്പ് രാഷ്ട്രീയം സംസ്ഥാനത്തിന് അപകടമാണ്. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് ഏറെ സഹായകരമായ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഇടതു സർക്കാരിന്റെ നിലപാട് അവരുടെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായിരുന്നെന്നും മജീദ് ഫൈസി പറഞ്ഞു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പ്രസിദ്ധപ്പെടുത്തി. സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുൽ ജബ്ബാർ അഴീക്കോടും മുസ്തഫ കൊമ്മേരി കൊടുവള്ളിയിലും ജനവിധി തേടും.

വാർത്താസമ്മേളനത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാൻ എന്നിവരും സംബന്ധിച്ചു.

മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
1. ഇർഷാദ് കന്യാകുളങ്ങര (നെടുമങ്ങാട്)
2. റിയാസ് അയത്തിൽ (ഇരവിപുരം)
3. അഡ്വ. ഫൈസി എം പാഷ (പത്തനാപുരം)
4. എം കെ നിസാമുദ്ദീൻ (ചങ്ങനാശ്ശേരി)
5. ടി എം മൂസ (കോതമംഗലം)
6. ചന്ദ്രൻ തിയ്യത്ത് (ചേലക്കര)
7. ടി എം മുസ്തഫ കുളപ്പുള്ളി (ഷൊർണൂർ)
8. ഹസ്സൻ ചിയാനൂർ (തവനൂർ)
9. അഷറഫ് പുത്തനത്താണി (തിരൂർ)
10. ഇസ്മായീൽ കമ്മന (പേരാമ്പ്ര)
11. ജമാൽ ചാലിയം (ബേപ്പൂർ)
12. ബബിത കെ ബി (മാനന്തവാടി)
13. ബഷീർ കണ്ണാടിപ്പറമ്പ് (ധർമടം)
14. റഫീഖ് കീച്ചേരി (മട്ടന്നൂർ)
15. സമദ് അമ്പലത്തറ (കാഞ്ഞങ്ങാട്)