കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് കെ എം ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്. ഷാജിയുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപയും വിദേശ കറൻസി ശേഖരവും കണക്കിൽപെടാത്ത 331 ഗ്രാം സ്വർണവും വിജിലൻസ് പിടിച്ചെടുത്തിരിക്കുകയാണ്. പണവും സ്വാധീനവുമുപയോഗിച്ച് തെളിവ് നശിപ്പിക്കുന്നതിൽ വിദഗ്ധനാണ് കെ എം ഷാജി.

അനധികൃതമായി സൂക്ഷിച്ചിരുന്ന അരക്കോടി രൂപയുടെ വ്യാജരേഖ ഉണ്ടാക്കാനാണ് ഷാജി ഇപ്പോൾ ശ്രമിക്കുന്നത്. അഴിക്കോട് എംഎ‍ൽഎ ആയ കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും സ്വത്ത് സമ്പാദനത്തിൽ 166 ശതമാനത്തോളം വർധനവുണ്ടെന്നുമായിരുന്നു വിജിലൻസ് നേരത്തെ തന്നെ കണ്ടെത്തിയത്. വിജിലൻസ് ഗുരുതരമായ കണ്ടെത്തൽ നടത്തിയിട്ടും അറസ്റ്റുചെയ്യാൻ ആരെയോ ഭയപ്പെടുകയാണ്. ഷാജിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലല്ലാതെ കൃത്യമായ തെളിവുകൾ കണ്ടെത്താൻ സാധിക്കില്ല. പുറത്ത് നിൽക്കും തോറും തെളിവുകൾ ഓരോന്നായി ഇല്ലാതാക്കും. അതിനാൽ ഷാജിയെ എത്രയും വേഗം അറസ്റ്റുചെയ്യാൻ ഇടതുസർക്കാർ ആർജ്ജവം കാണിക്കണമെന്നും അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.