തിരുവനന്തപുരം: പണക്കൊഴുപ്പിന്റെയും കേന്ദ്ര ഭരണത്തിന്റെയും പിൻബലത്തിൽ കേരളത്തെ വർഗ്ഗീയ വൽകരിക്കാനുള്ള ബിജെപി തന്ത്രങ്ങളെ തടയുന്നതിൽ പാർട്ടി നിലപാട് നിർണായകമായതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. നേമവും കഴക്കൂട്ടവും മഞ്ചേശ്വരവുമുൾപ്പെടെ ബിജെപി വിജയം ദിവാസ്വപ്നം കണ്ട മണ്ഡലങ്ങളിൽ അവരെ പരാജയപ്പെടുത്തുന്നതിൽ പാർട്ടി നിലപാട് പ്രധാന പങ്ക് വഹിച്ചു. സംഘപരിവാരത്തെപോലും നാണിപ്പിക്കുന്ന തരത്തിൽ വർഗീയ വിദ്വേഷ പ്രസംഗങ്ങളിലൂടെ സമൂഹത്തെ ധ്രുവീകരിച്ച് നിയമസഭയിലെത്താമെന്ന പി സി ജോർജിന്റെ മോഹത്തെ തടഞ്ഞതും പാർട്ടിയുടെ ആർജ്ജവമുള്ള നിലപാട്കൊണ്ടുമാത്രമാണ്.

വിഭാഗിയത സൃഷ്ടിച്ച് വിജയം ഉറപ്പിക്കാനുള്ള ജോസ് കെ മാണിയുടെ ശ്രമത്തെയും പ്രബുദ്ധ ജനത തള്ളിക്കളഞ്ഞു. പതിവിന് വിപരീതമായി ഇടതുപക്ഷത്തെ വീണ്ടും ഭരണം ഏൽപ്പിച്ച കേരള ജനതയോട് നീതി പുലർത്താൻ എൽ.ഡി.എഫിന് കഴിയണം. കഴിഞ്ഞ 5 വർഷക്കാലത്തെ ഭരണത്തിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായത് ആഭ്യന്തരവകുപ്പാണ്. പരിസ്ഥിതി-മനുഷ്യവകാശ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരെ വേട്ടയാടുന്ന സമീപനമായിരുന്നു പൊതുവെ കേരള പൊലീസ് സ്വീകരിച്ചത്. ഇത്തരം നിലപാടുകൾ തിരുത്തുവാനും ജനക്ഷേമ ഭരണം കാഴ്ചവെക്കാനും പുതിയ സർക്കാരിന് സാധിക്കണമെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ നൽകി ജനകീയ ബദലിന് പിന്തുണ നൽകിയ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിക്കുന്നതായും സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഓൺലൈൻ യോഗത്തിൽ സെക്രട്ടറിയേറ്റംഗങ്ങളായ പി.അബ്ദുൽ മജീദ് ഫൈസി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, പി അബ്ദുൽ ഹമീദ്, റോയ് അറയ്ക്കൽ, തുളസീധരൻ പള്ളിക്കൽ, കെ.കെ അബ്ദുൽ ജബ്ബാർ, പി.ആർ സിയാദ്, കെ.എസ് ഷാൻ, പി.കെ ഉസ്മാൻ, പി.പി മൊയ്തീൻകുഞ്ഞ്, ഇ.എസ് കാജാഹുസൈൻ എന്നിവർ പങ്കെടുത്തു.