- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യപ്രതിജ്ഞ-മമതയെ മാതൃകയാക്കണം:പി അബ്ദുൽ മജീദ് ഫൈസി
തിരുവനന്തപുരം : നാൽപത്തിമൂന്ന് പേരുള്ള മന്ത്രിസഭയുടെ സത്യ പ്രതിജ്ഞ നൂറിൽ താഴെ ആളുകളുടെ സാന്നിധ്യത്തിൽ മാത്രം നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കാണിച്ച കരുതലിന്റെമാതൃക പിൻപറ്റാൻ പിണറായി വിജയൻ തയ്യാറാകേണ്ടിയിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി അഭിപ്രായപ്പെട്ടു.
കോവിഡ് പ്രോട്ടോക്കാൾ പൂർണ്ണമായി പാലിച്ചു കൊണ്ടാണ് അഞ്ഞൂറ് പേരുടെ പരിപാടി നടത്തുന്നതെന്ന സർക്കാർ വാദം പരിഹാസ്യമാണ്. ഈ ഇളവ് മറ്റുള്ളവർക്ക് അനുവദിക്കുമോയെന്ന മറുചോദ്യമാണ് പൊതു സമൂഹത്തിൽ നിന്നുയരുന്നത്. ഇത് സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആത്മാർഥതയെ തന്നെ ചോദ്യം ചെയ്യുകയാണ്.
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ ജനങ്ങൾ സർക്കാർ സംവിധാനങ്ങളോട് പൂർണ്ണമായി സഹകരിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി കഷ്ടനഷ്ടങ്ങൾ സഹിച്ച് കൊണ്ടാണ് കേരളീയർ ഇപ്പോൾ കഴിഞ്ഞുകൂടുന്നത്. ചെയ്യുന്നത് മാത്രമേ പറയൂവെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചാണ് ജനങ്ങൾ ഇത് വരെ എല്ലാ നിയന്ത്രണങ്ങളോടും അനുസരണം പ്രഖ്യാപിച്ചത്.
പൗരന്മാരുടെ നാടിനോടുള്ള പ്രതിബദ്ധതയെ പരസ്യമായി അവഹേളിക്കുന്ന തരത്തിലാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
ആപത്ഘട്ടങ്ങളിൽ സർക്കാർ മുന്നിലുണ്ടാകുമെന്ന പ്രതീക്ഷയിൽ രണ്ടാമൂഴം സമ്മാനിച്ച ജനങ്ങളെ മാനിക്കാതെയാണ് സർക്കാരിന്റെ തുടക്കം. ചികിത്സാ സംവിധാനങ്ങളിൽ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ നടന്നിരുന്ന കേരളം കോവിഡിന്റെ രണ്ടാം തരംഗത്തിൽ കിതക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിലെ അനിയന്ത്രിതമായ ആൾക്കൂട്ടമാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നും രാഷ്ട്രീയ നേതാക്കളാണ് അതിന് ഉത്തരവാദികളെന്നും ആരോപണം നിലനിൽക്കുകയാണ്. അതിനെ ശരി വെക്കുന്ന തരത്തിലുള്ള പ്രവണതകൾ മുഖ്യമന്ത്രി അടക്കമുള്ളവരിൽ നിന്ന് ആവർത്തിക്കുന്നത് ശുഭകരമല്ലെന്നും മജീദ് ഫൈസി പറഞ്ഞു.