കണ്ണൂർ:കേന്ദ്രം ഭരിക്കുന്ന പാർട്ടി നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. തലശേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരിയിൽ ഇതിന് മുമ്പും പ്രകോപനപരമായ രീതിയിൽ ആർ എസ് എസ് പ്രകടനം നടത്തിയിട്ടുണ്ട്.കണ്ണൂർ ജില്ലയിൽ വ്യാപമായി അക്രമത്തിനും കലാപത്തിനും ആർ എസ് എസ് ശ്രമിക്കുകയാണ്.നിരോധനാജ്ഞ ലംഘിക്കുക വഴി ഏത് നിയമവും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പ്രശ്നമല്ലെന്നുള്ള സന്ദേശം നൽകുകയാണ് ചെയ്യുന്നത്. ഇത് നിയമം ലംഘിക്കാനും അക്രമം നടത്താനും അണികൾക്ക് പ്രചോദനം നൽകുന്നു.ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് നല്ലതല്ല.പള്ളികൾ തകർക്കുമെന്ന് പറഞ്ഞ് പ്രകടനം നടത്തിയത് ഉത്തരവാദിത്തപ്പെട്ട ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ്.

അത്കൊണ്ട് തന്നെ പ്രകടനത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാവണം.ഇന്നലത്തെ പ്രകടനത്തിൽ പോവുക പോവുക പാക്കിസ്ഥാനിൽ എന്ന മുദ്രാവാക്യം ഉയർന്ന് കേട്ടു. ഉത്തരേന്ത്യൻ ഭാഗങ്ങളിൽ ആർ എസ് എസ് ഉയർത്തുന്ന വിഷലിപ്തമായപ്രചാരണമാണ്. യഥാർത്ഥത്തിൽ സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്ന് കുത്തി ബ്രിട്ടീഷ്‌കാരൻ സായിപ്പിന്റെ എല്ലാ സുഖ സൗകര്യങ്ങളും ആസ്വദിച്ച സംഘത്തിന്റെ ആളുകളാണ് രാജ്യം വിട്ട് പോകേണ്ടത്.

ഇത്തരത്തിൽ വർഗ്ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്നാണ് ആർ എസ് എസ് കണക്ക് കൂട്ടുന്നതെങ്കിൽ ആ പദ്ധതി ഇവിടെ നടക്കില്ലെന്നും ആർ എസ് എസിന്റെ എല്ലാ വിദ്വേഷ പ്രചാരണത്തെയും അക്രമത്തെയും ജനാധിപത്യ രീതിയിൽ ചെറുത്ത് തോൽപ്പിക്കാൻ എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും ബഷീർ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.