തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരെ വിജിലൻസ് കോടതിയിൽ നിന്ന് അഭിഭാഷകർ ഇറക്കിവിട്ട നടപടിയിൽ എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പ്രതിഷേധം രേഖപ്പെടുത്തി. വനിതാ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കുനേരെ ജഡ്ജിയുടെ സാന്നിധ്യത്തിൽ കോടതി മുറിയിൽ വച്ചുണ്ടായ അതിക്രമം അത്യന്തം ആശങ്കാജനകമാണ്.

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം സുപ്രീംകോടതിയിൽ പോലും അനുവദിക്കപ്പെട്ടുവരുന്നതാണ്. ഒരു അഭിഭാഷകനെതിരേയുണ്ടായ സ്ത്രീ പീഡനക്കേസ് മാദ്ധ്യമങ്ങൾ വാർത്തയാക്കിയതിനെത്തുടർന്നുണ്ടായ അഭിഭാഷകരുടെ ഈ മാദ്ധ്യമവിരോധം ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു നേരെയാണ് അഭിഭാഷകർ സമരം ചെയ്യുന്നത്. ജുഡീഷ്യറിയും മാദ്ധ്യമങ്ങളും തമ്മിൽ ആരോഗ്യകരമായ ബന്ധം രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. കോടതികളിൽ ആവർത്തിച്ചുവരുന്ന മാദ്ധ്യമ-അഭിഭാഷക സംഘർഷം അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും മാദ്ധ്യമങ്ങൾക്ക് നിയമസംരക്ഷണം ഉറപ്പാക്കണമെന്നും അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു.