കോഴിക്കോട്: നാനാമത-ജാതി വിഭാഗങ്ങൾ സഹവർത്തിത്തത്തോടെ വസിക്കുന്ന ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് മനുവാദത്തെ പ്രതിഷ്ഠിക്കാനും ഏകസിവിൽ കോഡ് നടപ്പിലാക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കം തുറന്ന് കാണിച്ചുകൊണ്ട് നവംബർ 30 വരെ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന പ്രചാരണം ഇന്ന് ആരംഭിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അറിയിച്ചു.

ഇന്ത്യൻ ജനതയെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് മോദി സർക്കാർ. രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയിൽ തുല്യതയും നീതിയും ഉറപ്പാക്കാതെ മതന്യൂനപക്ഷങ്ങളുടെയും ആദിവാസി ഗോത്രവിഭാഗങ്ങളുടെയും ഇടയിൽ ഛിദ്രതയുണ്ടാക്കി അതിൽ നിന്നും രാഷ്്ട്രീയ നേട്ടമുണ്ടാക്കുകയാണ് ഫാഷിസ്റ്റുകൾ. വരാനിരിക്കുന്ന യു.പി, പഞ്ചാബ് ഇലക്ഷനുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ഏക സിവിൽ കോഡ് വിവാദം ബിജെപി തുറന്നുവിട്ടിരിക്കുന്നത്.

മോദിയുടെ ചുവടുപിടിച്ച് പിണറായി സർക്കാർ കേരളത്തിലുണ്ടാക്കുന്ന രാഷ്്ട്രീയ നയ വ്യതിയാനങ്ങളും കാംപയിനിൽ പ്രചാരണ വിഷയമാക്കും. യു.എ.പി.എ നിയമത്തിനെതിരാണെന്ന് അവകാശപ്പെടുമ്പോഴും സിപിഐ(എം) ഭരണത്തിൽ മുസ്ലിം, ദലിത് വിഭാഗത്തിൽപ്പെട്ടവർക്കതിരെ അത് നിർബാദം ഉപയോഗിക്കുന്നു.

കൊല്ലത്ത് ദലിത് യുവാക്കളെ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതും മുസ്്ലിം സ്ഥാപനങ്ങൾക്കെതിരായ സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നുള്ള നിഗൂഢ നീക്കത്തിന് ചില പൊലീസ് കേന്ദ്രങ്ങൾ ഒത്താശ ചെയ്യുന്നതെല്ലാം കേരള സർക്കാറിന്റെ മതേതര മുഖത്തെ വികൃതമാക്കുകയാണ്.

സംസ്ഥാന വ്യാപകമായി പഞ്ചായത്ത് പദയാത്രകളും, ഗൃഹസമ്പർക്കവും പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.