കോഴിക്കോട്: ഇടുക്കി പെരുവന്താനം വില്ലേജിലെ 6500 ഏക്കർ കുപ്പക്കയം എസ്റ്റേറ്റ് ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ടി.ആർ.ആൻഡ്.ടി. കമ്പനി സമർപ്പിച്ച കേസിൽ ഹാജരാകാതിരുന്ന അഡീഷണൽ എ.ജി യുടെ നടപടി സർക്കാരിനെ കുത്തക കമ്പനികൾ വിലക്കെടുക്കുന്നു എന്നതിന്റെ തെളിവാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാൻ. ഹാരിസൺ മലയാളം പ്ലാൻന്റേഷൻ അടക്കമുള്ള കുത്തക ഭൂവുടമകളും ഭരണമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഐ(എം), സിപിഐ എന്നീ പാർട്ടികളുടെ ഉന്നത നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് ഉദാഹരണമാണിത്.

ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പ് സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ നടപടി ചോദ്യം ചെയ്താണ് ടി.ആർ ആൻഡ്.ടി കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കോടതി കേസ് പരിഗണിക്കുന്നതിനു മുന്നോടിയായി സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ടി.ആർ. ആൻഡ്.ടി കമ്പനിയുടെ അനധികൃത ഭൂമി ഇടപാട് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും അഡീഷണൽ എ.ജി രഞ്ജിത്ത് തമ്പാനു സമർപ്പിച്ചിരുന്നു.

ഐ.ജി ശ്രീജിത്ത് കമ്പനിയെ പറ്റി നടത്തിയ അന്വേഷണ റിപ്പോർട്ടും അഡീഷണൽ എ.ജി യുടെ പക്കൽ ഉണ്ടായിരുന്നു. ഇതെല്ലാം സർക്കാരിന് അനുകൂലമായ വിധിക്ക് കാരണമാകു മെന്നിരിക്കെയാണ് അഡീഷണൽ എ.ജി കേസിൽ ഹാജരാകാതിരുന്നത്. കേസിൽ സർക്കാർ വിജയിച്ചിരുന്നുവെങ്കിൽ ഹാരിസൺ കേസുകൾക്കും ഈ വിധി ബാധകമായിരുന്നു.എന്നാൽ ഹാരിസൺ അടക്കമുള്ള ഭൂമാഫിയകളെ സഹായിക്കാൻ സർക്കാർ കൂട്ടു നിൽക്കുക യാണുണ്ടായത്.

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ലക്ഷകണക്കിന് ഭൂരഹിതർ സംസ്ഥാനത്തുള്ളപ്പോഴാണ് മനഃപൂർവ്വം കോടതിയിൽ ഹാജരാകാതെ ടി.ആർ.ആൻഡ്.ടി കമ്പനിയെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചത്്. കുത്തക ഭൂമാഫിയകൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നും പി.കെ ഉസ്മാൻ മുന്നറിയിപ്പ് നൽകി.