തിരുവനന്തപുരം പിണറായി സർക്കാരിന്റെ മുസ്ലിം-ദലിത് വിവേചനത്തിൽ പ്രതിഷേധിച്ച് കേരള സർക്കാർ മതേതരമാവുക എന്ന മുദ്രാവാക്യമുയർത്തി സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഇന്ന് നടത്തുന്ന നിയമസഭാ മാർച്ച് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ അറിയിച്ചു.

മുസ്ലിം ദലിത് വിഭാഗങ്ങൾക്ക് അവകാശങ്ങൾ ലഭ്യമാകുന്നതിൽ അവഗണിക്കുകയും കരിനിയമങ്ങൾ പ്രയോഗിക്കുന്നിടത്ത് മുൻഗണന നൽകുകയും ചെയ്യുന്ന വിരോദാഭാസം മുൻ ഭരണകൂടങ്ങളെപ്പോലെ എൽ.ഡി.എഫ് സർക്കാരും തുടരുകയാണ്. കഴിഞ്ഞ നിയമസഭാ ഇലക്ഷൻ ബഹിഷ്‌കരണ പ്രചരണം നടത്തിയ ആദിവാസികളായ ചാത്തുവും ഗൗരിയും യു.എ.പി.എ ചുമത്തപ്പെട്ട് ഇപ്പോഴും ജയിലിൽ കിടക്കുന്നു. കാസർഗോഡ് മതേതര താൽപര്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ പ്രഭാഷണം നടത്തിയ ഷംസുദ്ദീൻ പാലത്തിനെതിരെ 153 A രാജ്യദ്രോഹകുറ്റം ചുമത്തിയതിനു പുറമേ യു.എ.പി.എ കരിനിയമം കൂടി ചാർത്തുന്നു.

എന്നാൽ മുസ്ലിം മതാനുയായികൾ കൂടുതലുള്ള പ്രദേശത്തെ പാക്കിസ്ഥാനാണെന്നും മുസ്ലിം വിദ്യാർത്ഥികൾ ഭൂരിപക്ഷം പഠനം നടത്തുന്ന താൻ പഠിപ്പിക്കുന്ന സ്‌കൂൾ കുട്ടി പാക്കിസ്ഥാനാണെന്നും വിളിച്ച് അധിക്ഷേപിച്ച കെ.പി ശശികലക്കും മലപ്പുറത്തെ സ്ത്രീകൾ പന്നികളെപ്പോലെ പെറ്റുപെരുകുകയാണെന്ന് വംശീയമായി അധക്ഷേപിച്ച ഗോപാലകൃഷ്ണനും ബോധപൂർവ്വം യു.എ.പി.എ ഒഴിവാക്കപ്പെടുന്നു.

കൊല്ലത്ത് ദലിത് യുവാക്കളെ അതിക്രൂരമായി ലോക്കപ്പ് പീഡനത്തിരയാക്കിയ പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയതല്ലാതെ യാതൊരു നടപടിയും നാളുതുവരെ കൈകൊണ്ടില്ല. മാത്രമല്ല സി.ബി.എസ്.ഇ സിലബസിനോടൊപ്പം മുസ്ലിം കുട്ടികൾക്ക് ഇസ്ലാം മത വിദ്യാഭ്യാസവും കൂടി നൽകുന്ന എറണാകുളം പീസ് ഇന്റർനാഷണൽ സ്‌കൂളിനെതിരെ പൊലീസ് എടുത്ത നടപടിയും അന്യായമാണ്.

സംഘപരിവാർ കേന്ദ്രങ്ങളുടെ ഇഷ്ടപാത്രങ്ങളായി നോർത്തിന്ത്യയിൽ കഴിവു തെളിയിക്കപ്പെട്ട ചില വ്യക്തികളെ പൊലീസ് നിയന്ത്രണം എൽപിച്ച് കൊടുത്തതിന്റെ പ്രീണിത ഫലമാണ് ഇത്. മന്ത്രിസഭയിലെ മറ്റംഗങ്ങളെ നോക്കുകുത്തികളാക്കി മാറ്റിയ നരേന്ദ്ര മോദികളുടെ ഏകാധിപത്യ പ്രവണതയിലേക്ക് വഴിമാറി സഞ്ചരിക്കുന്ന പിണറായി സർക്കാരിന്റെ സംഘപരിവാർ മനോഭാവം തിരുത്തി കേരള സർക്കാർ മതേതരമാവണമെന്നാണ് എസ്.ഡി.പി.ഐ നിയമസഭാ മാർച്ചിലൂടെ ആവശ്യപ്പെടുന്നത്.

രാവിലെ 10.30 ന് പ്രസ്‌ക്ലബ് പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ചിന് സംസ്ഥാന, ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകുമെന്നും റോയി അറയ്ക്കൽ വാർത്താകുറിപ്പിലൂടെ അറിയിച്ചു.