വംബർ 28 ന് വിവിധ കക്ഷികൾ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനം വിജയിപ്പിക്കാൻ എസ്ഡിപിഐ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം കേരള ഹർത്താലിൽ സജീവ പങ്കാളികളാകുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കാര്യക്ഷമമായ സംവിധാനം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ 500-ന്റേയും 1000-ന്റേയും കറൻസികൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കണമെന്നാണ് എസ്ഡിപിഐ ആവശ്യപ്പെടുന്നത്.

മൊത്തം കറൻസിയുടെ 86 ശതമാനമാണ് ഒറ്റരാത്രി കൊണ്ട് അസാധുവാക്കിയത്. കള്ളപ്പണവും കള്ളനോട്ടും തടയാൻ വേണ്ടിയാണെന്ന പ്രധാനമന്ത്രിയുടെ വാദം ബാലിശമാണ്. എലിയെ പേടിച്ച് ഇല്ലം ചൂടുന്നതിന് സമാനമാണ്. രാജ്യത്തെ മൊത്തം കള്ളസ്വത്തിന്റെ 10 ശതമാനം മാത്രമാണ് പണമായിട്ടുള്ളത്. ഇതിന്റെ സിംഹ ഭാഗവും വിദേശ ബാങ്കുകളിലാണ്. വിദേശത്ത് പണം നിക്ഷേപിച്ച 900 വമ്പന്മാരുടെ ലിസ്റ്റ് മോദിയുടെ കൈവശമുണ്ട്. അതിൽ പകുതിയെങ്കിലും ഇന്ത്യയിൽ എത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചിട്ടില്ല. വിദേശത്തേക്ക് കൊണ്ടുപോവുന്ന തുകയുടെ പരിധി മോദി പ്രധാനമന്ത്രിയായ ശേഷം രണ്ട് പ്രാവശ്യം വർദ്ധിപ്പിക്കുകയുണ്ടായി. 65000 ഡോളറിൽ നിന്ന് രണ്ടര ലക്ഷമാക്കിയാണ് വർദ്ധിപ്പിച്ചത്. അഴിമതി തടയുമെന്ന് പറയുന്നതിൽ ആത്മാർത്ഥതയുണ്ടങ്കിൽ 2014 ൽ പാർലമെന്റ് പാസാക്കിയ ലോക്പാൽ ബില്ല് നടപ്പാക്കുന്നതിൽ എന്തുകൊണ്ടാണ് സർക്കാരിന് വേഗതയില്ലാത്തതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉന്നയിച്ച ചോദ്യത്തിന് അവസരമുണ്ടാകുമായിരുന്നില്ല.

കള്ളനോട്ട് ഇല്ലാതാക്കാനും തീവ്രവാദികൾക്ക് പാക്കിസ്ഥാൻ നൽകുന്ന സഹായം തടയാനുമാണെന്ന വാദം അടിയന്തിരാവസ്ഥക്ക് സമാനമായ സാമ്പത്തിക പരിഷ്‌കാരത്തിന് പിന്നിലെ ഹിഡൻ അജണ്ടയിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ്. 2000 രൂപയുടെ കറൻസി കള്ളനോട്ടടിക്കുന്നവർക്ക് ചെലവ് ചുരുക്കുന്നതിന് സഹായിക്കുയാണെന്നറിയാത്ത മണ്ടന്മാരാണോ റിസർവ് ബാങ്ക് നിയന്ത്രിക്കുന്നത്.

രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഡിജിറ്റൽ പണമിടപാടിന് നിർബന്ധിക്കുന്നത് രാജ്യത്തിന്റെ സുരക്ഷിതത്വം അപകടത്തിലാക്കും. ബാങ്ക് സർവറുകൾ നിയന്ത്രിക്കുന്നവർക്ക് ഏത് നിമിഷവും മുഴുവൻ സാമ്പത്തിക ഇടപാടുകളും ബ്ലോക്ക് ചെയ്യാനും രാജ്യത്തെ മുൾമുനയിൽ നിർത്തുവാനും സാധിക്കും. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന പൗരസാതന്ത്ര്യം തന്നെ തകർക്കുന്നു. ഏത് നിമിഷവും ചില സ്വകാര്യ കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലേക്കും അടിമത്തത്തിലേക്കും രാജ്യം കൂപ്പ് കുത്തും. ബാങ്കിങ് സാർവ്വത്രികമാകുന്നതോടെ കച്ചവട മേഖലയും ചെറുകിട വ്യവസായങ്ങളും ഇല്ലായ്മ ചെയ്യപ്പെടും. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കകം രാജ്യത്ത് സംഭവിച്ചത് ഇതിലേക്ക് വ്യക്തമായ സൂചന നൽകുന്നു.

ഗ്രമങ്ങളിലുള്ളവർ പോലും നഗരപ്രദേശങ്ങളിലെ സൂപ്പർമാർക്കറ്റുകളെ ആശ്രയിക്കുന്നവരായി മാറിക്കൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിൽ അജണ്ട വച്ച് ചർച്ച ചെയ്തിട്ടാണ് നോട്ട് പിൻവലിക്കാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാറിന് നൽകിയത്. റിസർവ് ബാങ്ക് മെമ്പർമാരായ 21 പേരിൽ 4 പേർ രാജ്യത്തെ വമ്പൻ സ്വകാര്യ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവരാണ്. ഇവരെല്ലാം മുൻകൂട്ടി അറിഞ്ഞ് നടപ്പാക്കിയ ഒരു നടപടിയാണ് അതീവ രഹസ്യമെന്ന പ്രതീതിയുണ്ടാക്കി പെട്ടെന്ന് പ്രഖ്യാപിച്ച് സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയത്. സാധാരണ ജനങ്ങൾക്കല്ല കുത്തകകളുടെ താൽപര്യ സംരക്ഷണത്തിനാണ് മോദി ഭരണമുപയോഗിക്കുന്നതെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ ചെറുത്ത് നിൽപ്പ് അനിവാര്യമാണ്.