തിരുവനന്തപുരം: നിലമ്പൂർ കാട്ടിലെ മാവോയിസ്റ്റ് കൂട്ടക്കൊല കേന്ദ്രത്തിന്റെ തീവ്രവാദ വിരുദ്ധ ഫണ്ട് തട്ടിയെടുക്കാനുള്ള ചില ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നീക്കമാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കേരള സർക്കാർ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.മനോജ്കുമാർ ആവശ്യപ്പെട്ടു.

ദുരൂഹമായ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ഈ അന്വേഷണം അനിവാര്യമാണ്. നിലമ്പൂർ സംഭവത്തിൽ മുഖ്യമന്ത്രിക്ക് വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതും സിപിഐ പക്ഷത്തുനിന്ന് വന്ന ഞെട്ടിക്കുന്ന വിവരങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തുടരുന്ന മൗനവും ദുരൂഹമാണ്. എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് തോന്നിപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടാവുന്നത്. വ്യാജ ഏറ്റുമുട്ടലെന്ന് സംശയമുയരുന്ന സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണമാണ് സുപ്രീം കോടതി നിർദേശി ക്കുന്നതെന്ന കാര്യം സിപിഐ നേതൃത്വം ഓർമ്മപ്പെടുത്തിയിട്ട് പോലും പിണറായി വിജയൻ അതിന് സന്നദ്ധത കാണിക്കാത്തത് സംശയം ബലപ്പെടുത്തുന്നു.

ആഭ്യന്തര വകുപ്പിന് പൊലീസിന് മേൽ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തുറന്നു സമ്മതിച്ച് രാജിവച്ച് ഒഴിയുന്നതാണ് മാന്യതയെന്നും അദ്ദേഹം പറഞ്ഞു.